വ്യാഴാഴ്‌ച, ജനുവരി 25, 2007

'Fence Engineer'


“അമ്മേ, അച്ഛന്‍ എന്ത് എന്‍‌ജിനീയറാ?”
“ടെലികോം എന്‍‌ജിനീയര്‍”
“അമ്മ എന്ത് എന്‍‌ജിനീയറാ?”
“അമ്മ സോഫ്റ്റ്വെയര്‍ എന്‍‌ജിനീയര്‍”
“എന്നാലേ, ചിന്നു ‘Fence Engineer‘ ആവാം”
“എന്ത് എന്‍‌ജിനീയര്‍??”
“Fence Engineer. അത്.. ഫെന്‍സിന് കേടു വന്നാല് ചിന്നു ശരിയാക്കും. വീട്ടില് animals ഒന്നും വരാണ്ടിരിക്കാന്‍”
“അത് കൊള്ളാലോ ചിന്നൂ :)...”

ശനിയാഴ്‌ച, ജനുവരി 20, 2007

ഡ്രീംസ്

"അമ്മേ, ചിന്നു ഇന്നലെ ചില ഡ്രീംസ് ഒക്കെ കണ്ടു.”
“ഉവ്വോ, എന്താ ചിന്നു കണ്ടത്??”
“അത്... മഴ പെയ്തിട്ട് സ്പൈഡറിന്റെ നെറ്റ് നനഞ്ഞു. നെറ്റ് നനഞ്ഞ കാരണം സ്പൈഡര്‍ വഴുക്കി താഴെ വീണു!”
“അതേയോ? എന്നിട്ടോ?”
“അത്രേയുള്ളൂ‍... വേറേയും ഡ്രീം കണ്ടു. പൂച്ചയുടെ ബെഡ് ആരോ എടുത്തു. അപ്പോ പൂച്ച ഡോഗിന്റെ ബെഡില്‍ കിടന്നു. അപ്പോ ഡോഗിന് ഉറങ്ങാന്‍ ബെഡ്ഡില്ല.”
“അയ്യോഡാ... അപ്പോ ഡോഗ് ഉറങ്ങിയില്ലേ?”
“അപ്പഴയ്ക്കും പൂച്ചയുടെ ബെഡ് കിട്ടി. അപ്പോ പൂച്ച പൂച്ചേടെ ബെഡില്‍ ഉറങ്ങി. ഡോഗി ഡോഗീടെ ബെഡില്‍ ഉറങ്ങി.” :)

വെള്ളിയാഴ്‌ച, ജനുവരി 12, 2007

കഥയിലെ ആന അത്രയ്ക്ക് ദുഷ്ടനോ?

അന്നും ഞാന്‍ ചിന്നുവിന് ഒരു കഥ വായിച്ചു കൊടുക്കുകയായിരുന്നു.

“ഒരിക്കല്‍ രണ്ടു കുരുവികള്‍ ഒരു കൊടും‌കാട്ടില്‍ കൂടുകെട്ടി. പെണ്‍‌കുരുവി ഇട്ട മുട്ടകള്‍ അവ വളരെ ശ്രദ്ധയോടെ സംരക്ഷിച്ചു പോന്നു. ഒരു ദിവസം ഒരാന അവയുടെ കൂടിരുന്ന മരച്ചില്ല്ല വലിച്ചൊടിച്ചു. മുട്ടകളെല്ലാം ഉടഞ്ഞു നശിച്ചു. :( പെണ്‍കുരുവിയുടെ കരച്ചില്‍ കേട്ട് ഒരു മരം‌കൊത്തി പറന്നു വന്നു. എല്ലാവരും കൂടി ദുഷ്ടനായ ആനയെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു”.

തുടര്‍ന്നു വായിക്കും മുമ്പ് ചിന്നൂന്റെ ചോദ്യം.

“അമ്മേ, മുട്ട തിന്നാനുള്ളതല്ലേ?”
“ഈ മുട്ടകളില്‍ നിന്നാണ് കുരുവിക്കുട്ടികള്‍ ഉണ്ടാവുക. അത് പൊട്ടിച്ചത് കഷ്ടല്ലേ, ചിന്നൂ?”
“നമ്മള്‍ മുട്ട തിന്നൂലോ?”

അവന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ എനിക്ക് വീണ്ടും ഉത്തരം മുട്ടുന്നു.

ശനിയാഴ്‌ച, ജനുവരി 06, 2007

Exercise

ആഴ്ചയില്‍ മൂന്നു ദിവസം സ്കൂളില്‍ പോവാന്‍ തുടങ്ങിയതു മുതല്‍ ചിന്നു നന്നായങ്ങ് മെലിഞ്ഞു പോയി. എന്നും മമ്മയുടെ അടുത്ത് പോയിരുന്നപ്പോള്‍ എത്ര നന്നായിരുന്ന കുട്ടിയാണെന്നോ. :(

“എന്താ ചിന്നു സ്കൂളില്‍ നിന്നും ഒന്നും കഴിക്കാത്തത്? മെലിഞ്ഞു പോയത് നോക്ക്” മമ്മ ഒരു ദിവസം ചോദിച്ചു.
“അല്ലല്ല, അത് ചിന്നു exercise ചെയ്തിട്ടാ...”!

അതെയതെ. അച്ഛന്‍ exercise ചെയ്യുമ്പോള്‍ അപ്പുറത്തു കിടന്ന് കാലുപൊക്കലും കുതിരപ്പുറത്തിരുന്നാടലും പതിവുണ്ടേ. അങ്ങനെയാണത്രേ മെലിഞ്ഞു പോയത്! :)