രണ്ട് മൂന്ന് ദിവസമായി വീട്ടിനകത്ത് ഒരു ഈച്ച കറങ്ങി നടക്കാൻ തുടങ്ങിയിട്ട്. മുരണ്ട് മുരണ്ട് അത് തീൻമേശയിൽ കറങ്ങി നടന്നപ്പോഴേ അവനെ വീട്ടിനകത്തു നിന്ന് ഓടിക്കണം എന്ന് തീരുമാനിച്ചതാണ്. റബ്ബർ ബാൻഡ് കൊണ്ടോരു പ്രയോഗം നടത്താറുണ്ട് ചേട്ടൻ. ഉന്നം വെച്ചുള്ള റബ്ബർ ബാൻഡിന്റെ ഒറ്റ വിടലിൽ ഈച്ച ചത്തു വീഴും. ചേട്ടൻ തിരക്കിലായതു കൊണ്ട് ഈച്ച കൊലപാതകത്തിന് quotation കൊടുക്കാനായില്ല. പിന്നെ എന്തുണ്ട് വഴി എന്നാലോചിച്ചിരിക്കവേ ആണ് അത് ഒരു കുപ്പി ഗ്ളാസ്സിനകത്ത് ധ്യാനിച്ചിരിക്കുന്നത് കണ്ണിൽ പെട്ടത്. മിന്നൽ വേഗത്തിൽ ഗ്ളാസ്സെടുത്ത് കമിഴ്ത്തി വെച്ചു ഞാൻ. എല്ലാം ഞൊടിയിടയിൽ കഴിഞ്ഞു. ഈച്ച കപ്പിനുള്ളിൽ പെട്ട് പോയി. അല്ലെങ്കിലും ഈച്ചകൾ കുറച്ച് മന്ദബുദ്ധികളാണ്. അവയെ എളുപ്പത്തിൽ കീഴ്പ്പെടുത്താം.
പെട്ടുപോയി എന്നറിഞ്ഞ് ഈച്ച പരിഭ്രാന്തിയിലായി. ഗ്ളാസ്സിനകത്ത് പഴുതുകൾ തിരഞ്ഞ് അത് പരതി നടന്നു, ദയനീയമായ മുരൾച്ചയോടെ. അത് കണ്ടുനിൽക്കാൻ തോന്നാഞ്ഞത് കൊണ്ട് ഞാൻ ഒരു ഉരുളിയെടുത്ത് ഗ്ലാസിന് മുകളിൽ കമിഴ്ത്തി. ഇരുട്ടും കൂടി ആയപ്പോൾ ഈച്ചയുടെ പ്രതീക്ഷയെല്ലാം നശിച്ചിരുന്നിരിക്കണം. ഒന്ന് രണ്ട് ദിവസത്തിൽ ശ്വാസം കിട്ടാതെ അത് ചാകുമെന്നും അപ്പോൾ എടുത്ത് പുറത്ത് കളയാമെന്നുമാണ് ഞാൻ കരുതിയത്. ഭർത്താവിനോടും മകളോടും പറഞ്ഞു, ഉരുളിയും ഗ്ളാസ്സും തുറന്ന് നോക്കരുത് , അതൊരു ഈച്ചക്കെണിയാണ്.
പിറ്റേന്ന് ഞാനുരുളി തുറന്ന്, ഈച്ച ചത്ത് പോയോ എന്ന് നോക്കി. അത് ചത്ത പോലെ കിടക്കുകയായിരുന്നെങ്കിലും വെളിച്ചം കണ്ടപ്പോൾ വീണ്ടും പറന്നു പോകാൻ ഒരു ശ്രമം നടത്തി. ഞാൻ ഉരുളി വേഗം കമിഴ്ത്തി. എന്തോ തെറ്റു ചെയ്യുകയാണോ എന്നൊരു വല്ലായ്മ തോന്നായ്കയില്ല. പക്ഷേ ഈച്ചയെ വീട്ടിന് പുറത്തേയ്ക്ക് വിടാൻ വഴിയൊന്നും അപ്പോൾ തോന്നിയില്ല. അതവിടെ കിടന്ന് ചാവട്ടെ എന്ന് തന്നെ കരുതി ഞാൻ.
ഇന്ന് രാവിലെ മോളാണ് ഈച്ചയെ വീണ്ടുമോർത്തത്. അതിപ്പോഴും ഗ്ളാസ്സിനകത്ത് കൂറ്റാക്കൂരിരുട്ടിൽ കിടക്കുകയാണെന്നറിഞ്ഞ് മോളുടെ ഉള്ളിലെ മൃഗസ്നേഹി ഉണർന്നു. ഉരുളി തുറന്നു നോക്കി ഞങ്ങൾ. ഈച്ച ഇനിയും ചത്തിട്ടില്ല! വെളിച്ചം വീണപ്പോൾ പകച്ച് അത് ക്ഷീണത്തോടെ പിന്നെയും രക്ഷപ്പെടാനുള്ള ശ്രമം തുടങ്ങിയ മട്ടാണ്. "അമ്മാ, ഇത് animal cruelty ആണ്. നമുക്കതിനെ വീടിന് പുറത്തേക്ക് കൊണ്ട് കളയാം" "എങ്ങനെ അത് പറന്നു പോകാതെ പുറത്തു വിടുമെന്നായി ഞാൻ.
മകൾ ideas -ന്റെ ഉസ്താദ് ആണ്. ഈച്ച ഗ്ലാസ്സിനകത്ത് തന്നെയെന്ന് ഉറപ്പു വരുത്തി, അവൾ ഒരു കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റ് ഗ്ലാസ്സിനടിയിലൂടെ പതുക്കെ നിരത്തി നീക്കി. എന്നിട്ട് ഒരു tape വെച്ച് ഗ്ളാസ്സും പ്ലാസ്റ്റിക് ഷീറ്റും ഒട്ടിച്ചു വെച്ചു. പിന്നെ ഗ്ലാസ്സെടുത്ത് അവൾ പുറത്തേക്ക് പോയി. വീടിന് പുറത്തെത്തിയപ്പോൾ അവൾ tape മാറ്റി ഈച്ചയെ സ്വാതന്ത്രയാക്കി. ഈച്ചയ്ക്ക് പക്ഷേ പറന്നു പോകാനുള്ള ആവതുണ്ടായിരുന്നില്ല. അത് കണ്ട് അവളുടെ ഉള്ളുരുകി. ചെറിയ ഇലകൾ മുറിച്ചിട്ട് അവളതിനെ ഊട്ടി. ഈച്ച എന്നിട്ടും അനങ്ങിയില്ല. "അമ്മാ, അത് ചത്തുപോകും എന്ന് തോന്നുന്നു" അതിന് കുറച്ച് വെള്ളമോ ജ്യൂസോ കൊടുക്കാം എന്നായി ഞാൻ. രണ്ട് മൂന്നു ദിവസമായി ഒന്നും കഴിക്കാഞ്ഞതല്ലേ? മകൾ കുറച്ച് ആപ്പിൾ ജ്യൂസുമായി പുറത്തേക്ക് പോയി. അതിനു ചുറ്റും കുറച്ച് ആപ്പിൾ ജ്യൂസ് തൂകി അവൾ. ഈച്ച കുടിക്കാൻ പോലുമാകാതെ മലർന്ന് കിടന്നു. മകൾ ഈച്ചക്ക് കാവലായി കൂട്ടിരുന്നു.
കൈയിലെ ചോക്ക് കൊണ്ട് അവൾ കോൺക്രീറ്റിൽ ഈച്ചയെ വരച്ചു. സോറി, ഫ്ലൈ :( പതിയെ പതിയെ ഈച്ചയ്ക്ക് അനക്കം വെച്ചു. അത് ചെറിയ ചുവട് വെച്ച് നടക്കാൻ തുടങ്ങി. അവൾ കുറച്ച് കൂടെ ആപ്പിൾ ജ്യൂസ് ഒഴിച്ചു കൊടുത്തു. അത് പതിയെ ജ്യൂസ് കുടിക്കുന്നുണ്ടായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞു കാണണം, നിറഞ്ഞ ചിരിയുമായി മകൾ അകത്തു വന്നു. "ഈച്ച പറന്നു പോയി, അമ്മാ" അവൾക്ക് സന്തോഷമായി, എനിക്കും. വലിയ ഒരു അപരാധത്തിൽ നിന്നും മകളെന്നെ രക്ഷിച്ച പോലെ.
ഓപ്പറേഷൻ ഈച്ച കഴിഞ്ഞ് നേരം കുറച്ചായി. മകളിപ്പൊഴും സോഫയിൽ ഫോൺ നോക്കിയിരിപ്പാണ്. "കുഞ്ഞേ, നിനക്ക് ഹോംവർക് ഒന്നുമില്ലേ ?" "അമ്മേ, I am an American hero! Still tired after a major rescue operation"
!!!