വ്യാഴാഴ്‌ച, ഫെബ്രുവരി 23, 2006

തിരിച്ചടികള്‍!

ഈയിടെയായി ചിന്നൂന്റടുത്ത്‌ പറയുന്നതൊക്കെ ഒരു ബൂമറാങ്ങ്‌ പോലെ തിരിച്ചടിക്കുന്നു!
അമ്മ ചിന്നൂനോട്‌...
"ഡിങ്കിരി..ഡിങ്കിരി..ഡിങ്കിരി ഡിങ്കിരി ഡിങ്കിരിപ്പട്ടാളം!
ചിന്ന ചിന്ന ചിന്ന ചിന്ന ചിന്നപ്പട്ടാളം!!"
ഉടനടി വന്നു മറുപടി... " അമ്മപ്പട്ടാളം!"

വേറൊരിക്കല്‍ അച്ഛന്‍ കുട്ടനോട്‌ ....
"കുട്ടിക്കുറുമ്പു കാട്ടിയാലുണ്ടല്ലോ, ഇതു പോലെ രണ്ടു കൈയും കൂട്ടിപ്പിടിച്ച്‌ പ്‌ടേ! പ്‌ടേ!"
കേള്‍ക്കേണ്ട താമസം ചിന്നു അച്ഛന്റെ കൈകള്‍ കൂട്ടിപ്പിടിച്ച്‌ "അച്ഛേടെ രണ്ടു കൈയും കൂട്ടി പിടിച്ച്‌ പിടേ..പിടേ..."?!!

ശനിയാഴ്‌ച, ഫെബ്രുവരി 18, 2006

അടുക്കളയിലെ കളിപ്പാട്ടങ്ങള്‍

‍അമ്മ അടുക്കളയില്‍ പണിയെടുക്കുമ്പോള്‍ ചിന്നൂന്‌ അമ്മയുടെ അടുത്തു തന്നെ നില്‍ക്കണം. അപ്പോ എന്തു കളിക്കും?! ഇതാ ചിന്നു കണ്ടെത്തിയ ഉപായങ്ങള്‍...

അപ്പച്ചട്ടി കണ്ടിട്ടുണ്ടോ? അതില്‍ നെറച്ച്‌ കുഴികളുണ്ട്‌. ഒരു ചെറിയ ബോള്‍ അപ്പച്ചട്ടിയ്ക്ക്‌ മുകളിലെയ്ക്ക്‌ എറിഞ്ഞു നോക്കൂ... അത്‌ ഓരോ തവണയും ഓരോരോ കുഴിയില്‍ വന്നു വീഴും. ചിന്നുവിന്‌ അങ്ങനെ ബോള്‍ എറിഞ്ഞെറിഞ്ഞു കളിക്കാന്‍ ഇഷ്ടമാണ്‌. ഫിഷെര്‍ പ്രൈസ്‌ ടോയ്സിനേക്കള്‍ നല്ലതല്ലേ അത്‌??

നൂലപ്പത്തിന്റെ അച്ചും നല്ലൊരു കളിപ്പാട്ടമാണ്‌. അതിന്റെ ഉള്ളില്‍ ബോള്‍സ്‌ ഇട്ടു നിറയ്ക്കാം. അച്ചിന്റെ രണ്ട്‌ കഷ്ണങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കാം.. :) അതേ പോലെ ത്തന്നെ പുട്ടു കുറ്റിയും!പിന്നെ ചിന്നൂനിഷ്ടം ഇഡ്ഡലിത്തട്ടാണ്‌. അതിലൊന്ന് പരിചയാക്കാം. കൂട്ടിയിടിച്ചാലും ശബ്ദം കേള്‍ക്കാന്‍ നല്ല രസമാണ്‌!

ഇനി അമ്മയെങ്ങാന്‍ പാത്രങ്ങളിരിക്കുന്ന അലമാരി തുറന്നു തന്നില്ലെങ്കിലോ? അപ്പോ ചിന്നു ബോള്‍ എറിയൂലോ... ചുമരിലേയ്ക്ക്‌ എറിയും. അതു ചിലപ്പോള്‍ തെറിച്ചു വീഴണത്‌ അമ്മയുടെ ചായപ്പാത്രത്തിലേയ്ക്കെങ്ങാനുമാകും. അങ്ങനെയെങ്ങാനും വീണാല്‍ പിന്നെ കരഞ്ഞു കൊണ്ട്‌ എത്രയും പെട്ടെന്ന് ഓടുന്നതാ നല്ലത്‌! അമ്മയ്ക്കേ പെട്ടെന്ന് ദേഷ്യം വരും!

വ്യാഴാഴ്‌ച, ഫെബ്രുവരി 09, 2006

അത്‌ പാട്ടല്ല!!

ചിന്നൂന്‌ പാട്ട്‌ കേള്‍ക്കാന്‍ ഇഷ്ടമാണ്‌. അലൈ പായുതേ.. മുതല്‍ ലജ്ജാവതി വരെ നീളുന്നു ചിന്നുവിന്റെ പ്രിയ ഗാനങ്ങള്‍! അവന്റെ മറ്റു ചില പ്രിയ ഗാനങ്ങള്‍ കൂടെ പറയാതിരിക്കാന്‍ തരമില്ല. "ഓ..സൈനബാ... മറുകുള്ള (!) സൈനബാ.." "ചെന്താമരയേ..വാ... മന്ദാകിനിയായ്‌ വാ", "ട്വിന്‍കിള്‍ ട്വിന്‍കിള്‍", "ചാഞ്ചാടിയാടി...".

അച്ഛന്റേയോ അമ്മയുടേയോ കാറില്‍ പാട്ടല്ലാതെ മറ്റൊന്നും കേള്‍ക്കാന്‍ ചിന്നു സമ്മതിക്കില്ല.
"പാട്ടു വെയ്ക്കണം!" കല്‍പന കേള്‍ക്കേണ്ട താമസം അച്ഛനും അമ്മയും റേഡിയോ മാറ്റി സി.ഡി. ഓണ്‍ ആക്കും. മലയാളം ടിവി വന്നതില്‍ പിന്നെ പുതിയ പാട്ടുകളെ പ്പറ്റി ചിന്നൂന്‌ നല്ല അവഗാഹമാണ്‌. അതു വരെ കേള്‍ക്കാത്ത പാട്ടെങ്ങാന്‍ ടിവി യില്‍ വന്നാല്‍ കളിച്ചിരുന്ന കുട്ടി " ഇതു പുതിയ പാട്ടാ..." എന്നു പറഞ്ഞ്‌ ഓടി വരും.

ഇത്ര സംഗീതജ്ഞാനിയായ ചിന്നൂന്‌ ഒരു നാള്‍ അച്ഛന്‍ 'റോളിംഗ്‌ സ്റ്റോണ്‍' ബാന്‍ഡിന്റെ തകര്‍പ്പന്‍ പ്രകടനം കാണിച്ചിട്ട്‌ 'ഇതാണ്‌ ഇംഗ്ലീഷ്‌ മ്യൂസിക്‌" എന്നു ചൊല്ലിക്കൊടുത്തു. സൂപ്പര്‍ ബോള്‍ ഹാഫ്‌ ടൈം ഷോ ആണ്‌ സംഭവം. തൊണ്ടയ്ക്ക്‌ താങ്ങാവുന്നതിലുമപ്പുറം വോല്യത്തില്‍ അലറി സ്റ്റേജ്‌ മുഴുവന്‍ വിറളി പിടിച്ചു നടക്കുന്ന റോളിംഗ്‌ സ്റ്റോണിന്റെ മെയിന്‍ സിങ്ങറെ നോക്കി ചിന്നു പ്രഖ്യാപിച്ചു "അതു പാട്ടല്ല!!". ആണെന്ന് സ്ഥാപിക്കാന്‍ വലിയ പോയിന്റ്സ്‌ ഒന്നും കിട്ടാഞ്ഞതു കൊണ്ട്‌ അച്ഛനും അമ്മയും അതങ്ങു സമ്മതിച്ചു കൊടുത്തു.

വെള്ളിയാഴ്‌ച, ജനുവരി 27, 2006

തൃശ്ശൂര്‍‍ ഭാഷ

ചിന്നൂന്റെ അമ്മ തൃശ്ശൂര്‍‍ക്കാരിയാണ്‌, അച്ഛന്‍ കോട്ടയം-ആലപ്പുഴക്കാരനും. ചിന്നു മലയാളം പറയുമ്പോളതെന്താവും - മദ്ധ്യനോ, തെക്കനോ? അച്ഛന്‍ കുറേ നാള്‍ സ്വയം ചോദിച്ചു. "എന്തായാലെന്താ, മദ്ധ്യനോ, തെക്കനോ, വടക്കനോ, തെക്കുകിഴക്കനോ എന്തെങ്കിലുമാവട്ടെ ...മലയാളമല്ലേ?" എന്ന് അമ്മ.അമ്മയുടെ ഭാഷയിലെ തൃശ്ശൂര്‍ ചുവ പണ്ടെന്നോ പൊയ്പ്പോയതാണ്‌. അതായിരുന്നു അച്ഛന്റെ ഒരാശ്വാസവും. പക്ഷേ അച്ഛന്‍ ഓര്‍ക്കാതെ പോയ ഒന്നുണ്ട്‌. മമ്മയും തൃശ്ശൂര്‍ക്കാരിയാണ്‌, മാളാക്കാരി!

ചിന്നു വര്‍ത്തമാനം പറഞ്ഞു തുടങ്ങിയപ്പോള്‍
"ഇത്‌ എന്തുട്ടാ അച്ഛാ??"
"ഇത്‌ എന്താ എന്നു ചോദിക്ക്‌ മോനേ..."
"ഇത്‌ എന്തുട്ടാ???"
"ഇത്‌ എന്താ... എന്നു പറയണം മോനേ"
"ഇത്‌ എന്തുട്ടാ അച്ഛാ??"
അച്ഛന്‍ നിസ്സഹായതയോടെ അമ്മയെ നോക്കി. അമ്മ ഊറി വന്ന ഒരു തൃശ്ശൂര്‍ ചിരിയോടെ അടുക്കളയിലേയ്ക്ക്‌ നടന്നു.

ഞായറാഴ്‌ച, ജനുവരി 22, 2006

രുചിയും 'ശൂ ശൂ ചിക്കനും' പിന്നെ ചിന്നുവും

വെള്ളിയാഴ്ച വൈകുന്നേരം. പതിവോര്‍ത്ത്‌ അച്ഛന്‍ ചോദിച്ചു
"ചിന്നൂ... നമുക്ക്‌ കറങ്ങാന്‍ പോണ്ടേ? "
"കറങ്ങാന്‍ പോണം... രുചീല്‌ പോണ്ട!"
അച്ഛനും അമ്മയും ഇതിപ്പോള്‍ ഒരു പതിവാക്കിയിരിക്കുന്നു. വെള്ളിയാഴ്ചകളില്‍ 'രുചി'യില്‍ നിന്ന് ഡിന്നര്‍. അത്‌ കഴിഞ്ഞ്‌ ഷോപ്പിങ്ങും. ഷോപ്‌ ചെയ്യാന്‍ ചിന്നൂനിഷ്ടമാണ്‌. രുചീലിരിക്കാന്‍ ബോറാണ്‌. ഭക്ഷണം കാത്തും അച്ഛനും അമ്മയും കഴിക്കണ നോക്കിയും എത്ര നേരം ഇരിക്കണം!
"ചിന്നൂന്‌ നാന്‍ കഴിക്കണ്ടേ?"
ചിന്നൂന്‌ നാന്‍ ഇഷ്ടമാണ്‌. അവന്‍ സമ്മതിച്ചു.
"അമ്മേ...പാലെടുക്കണം"
"എടുക്കാം.ട്ടൊ..ചിന്നൂ... അമ്മ മറക്കില്ല"
ഒന്നു രണ്ടു തവണ പാലെടുക്കാതെ അമ്മ ഇറങ്ങിയതോര്‍ത്ത്‌ ചിന്നു അമ്മയെ ഇപ്പോളെന്നും ഓര്‍മ്മിപ്പിക്കുന്നു! പാവം എന്റെ കുഞ്ഞ്‌!!

കാറില്‍ നിന്നിറങ്ങി ചിന്നു നേരെ 'രുചി'യിലേയ്ക്കു നടന്നു. അപ്പോഴാണോര്‍ത്തത്‌ - അച്ഛന്റെ കൈ പിടിച്ചില്ലല്ലോ എന്ന്...പതിവുകള്‍ തെറ്റിക്കാന്‍ ചിന്നൂനിഷ്ടമല്ല. തിരിഞ്ഞു നിന്ന് അച്ഛന്റെ കൈ കിട്ടും വരെ അവിടെ കാത്തു. അങ്ങനെ ഒരു കൈ അച്ഛനും മറ്റേ കൈ പോക്കറ്റിനും കൊടുത്ത്‌ ഒട്ടും സ്റ്റയില്‍ കുറയ്ക്കാതെയാണ്‌ ചിന്നു രുചിയിലോട്ട്‌ കയറിയത്‌. തന്നെ നോക്കി ചിരിച്ച 'വെയ്റ്റര്‍' ചേട്ടനൊരു മറുചിരി സമ്മാനിച്ച്‌ ചിന്നു നടന്നു. 'ഹൈ-ചെയറും' എടുത്ത്‌ ചേട്ടന്‍ വന്നതു മാത്രം അവന്‌ ഇഷ്ടപ്പെട്ടില്ല. പകരം അമ്മ നീക്കിയിട്ട ഒരു വലിയ ചെയറില്‍ തന്നെ അവന്‍ ഇരിപ്പുറപ്പിച്ചു. ടേബിളില്‍ മടക്കി വെച്ചിരുന്ന പച്ച ത്തൂവാല കൈ നീട്ടിയെടുത്ത്‌ സ്വന്തം മടിയില്‍ സശ്രദ്ധം വിരിക്കവേ ചിന്നൂന്‌ പറയാതിരിക്കാന്‍ കഴിഞ്ഞില്ല
"അച്ഛയ്ക്കും കിട്ടി...ചിന്നൂനും കിട്ടി...അമ്മയ്ക്കും മാത്രം തന്നില്ല!"
കൈ തുടയ്ക്കാനുള്ള പച്ചത്തൂവാലയേ!

അച്ഛന്‍ ഓര്‍ഡര്‍ ചെയ്തത്‌ നാനും തന്തൂരി ചിക്കനും പാലക്‌ പനീറും.അപ്പുറത്തെ ടേബിളിരിക്കുന്ന ചേട്ടന്മാരെ ശ്രദ്ധിച്ചും ഗ്ലാസ്സില്‍ നിന്ന് എത്തിച്ചെടുത്ത ഐസ്‌ വെച്ച്‌ കളിച്ചും കുറച്ചു നേരം ചിന്നു കളഞ്ഞു. നാന്‍ ഇനിയും എത്താത്തത്‌ എന്താണ്‌? 'വെയ്റ്റര്‍' ചേട്ടന്‍ അതിലേ പോയപ്പോള്‍ ചിന്നു ഉറക്കെ വിളിച്ചു ചോദിച്ചു "നാന്‍!"നാന്‍ വരാത്തതെന്തെന്ന്! അമ്മ ചിന്നൂന്റെ വായ പൊത്തി. ചിന്നു പറഞ്ഞത്‌ കേട്ടിട്ടോ എന്തോ അധികം വൈകാതെ നാനും പനീര്‍ കറിയും എത്തി. അതിനും പുറകേയാണ്‌ തന്തൂരി ചിക്കന്‍ "ശൂ..ശൂ" എന്ന് ശബ്ദമുണ്ടാക്കി വന്നത്‌. ചിന്നൂന്‌ ആ ശബ്ദം വളരെ ഇഷ്ടായി. ചിക്കനൊപ്പം അവനും കുറച്ചു നേരം കൂകി "ശൂ..ശൂ..."

ഡിന്നറും ഷോപ്പിങ്ങും കഴിഞ്ഞ്‌ തിരിച്ചെത്തി പതിവു പോലെ അപ്പൂപ്പയ്ക്ക്‌ ഫോണ്‍ ചെയ്യവേ
"എന്തു കഴിച്ചൂ ചിന്നൂ??"
"ശൂ..ശൂ..ചിക്കന്‍" !! :-)

വെള്ളിയാഴ്‌ച, ജനുവരി 13, 2006

'കൃഷി'യെന്ന ചങ്ങാതി

ചിന്നുവും കൃഷിയും തമ്മിലുള്ള ചങ്ങാത്തത്തിന്‌ ഒരൊന്നര കൊല്ലത്തെ പഴക്കമുണ്ട്‌. (കൃഷി എന്നാല്‍ തെലുങ്കില്‍ ഉണ്ണികൃഷ്ണന്‍ എന്നാണത്രെ!) മമ്മയുടെ വീട്ടില്‍ ആദ്യമായി തമ്മില്‍ കണ്ടപ്പോള്‍ ചിന്നൂന്‌ ഒരു വയസ്സ്‌, കൃഷിക്ക്‌ ആറ്‌ മാസവും! അവിടുന്നിങ്ങോട്ട്‌ കൊടുത്തും വാങ്ങിയും ചിരിച്ചും കളിച്ചും ഇടയ്ക്ക്‌ വഴക്കിട്ടും കരഞ്ഞും അവര്‍ ഒന്നിച്ച്‌ വളരുന്നു. "No..No.. ..ഷീ...അതു വേണ്ട" എന്നൊക്കെ ശാസിച്ചും അവന്‍ ചെയ്യുന്ന ഓരോ കുറുമ്പും മമ്മയ്ക്ക്‌ അപ്പപ്പോള്‍ റിപ്പോര്‍ട്ട്‌ ചെയ്തും ചിന്നു പലപ്പോഴും ഒരു ചേട്ടന്റെ അധികാരമെടുത്തു. ചിന്നുവിന്റെ സോക്ക്സ്‌ ഇടയ്ക്കൂരാന്‍ നോക്കിയും അവന്റെ ബ്ലോക്ക്സ്‌ സൃഷ്ടികള്‍ തട്ടിമറിച്ചിട്ടും കൃഷി ഒരു വികൃതിയായ അനിയന്റെ റോള്‍ ഭംഗിയായി ചെയ്യുന്നു.

"ഷീ..." എന്ന സ്നേഹം നിറഞ്ഞ വിളിയില്‍ നിന്ന്‌ 'കിചീ.." എന്ന കൊഞ്ചല്‍ വിളിയിലേക്ക്‌ ചിന്നു മാറിയത്‌ ഈയിടെയാണ്‌. അത്‌ മമ്മയില്‍ നിന്ന് കിട്ടിയതാണെന്ന് തോന്നുന്നു.
"കിചി നമ്മടെ വീട്ടില്‌ വരണം..മ്മാ"
വീട്ടില്‍ വരുമ്പോള്‍ ചിന്നു ചിലപ്പോളെങ്കിലും കൃഷിയെ മിസ്സ്‌ ചെയ്യുന്നു.
"അമ്മ കൃഷിയെ ഫോണ്‍ വിളിക്കണം..അമ്മാ.."
ഫോണ്‍ വലിച്ചിഴച്ച്‌ ചിന്നു വരുന്നു.
"ചിന്നു വിളിച്ചോളൂ.."
"അമ്മ വിളിക്കണം"
അമ്മ ടോയ്‌ ഫോണ്‍ ഡയല്‍ ചെയ്യുന്നു.
"ഹലോ...കൃഷിയാണോ??"
"ഇതു ചിന്നൂന്റെ അമ്മയാണ്‌...ഷീ"
"കൃഷി പാല്‍ കുടിച്ചോ? എന്തു ചെയ്യായിരുന്നു അവിടെ??"
സംസാരം നീളുന്നു. നിര്‍ത്താന്‍ ചിന്നു സമ്മതിക്കില്ല! ഫോണ്‍ ഡയല്‍ ചെയ്ത്‌ അമ്മയുടെ കൈ കഴച്ചു. ഒരു ഒന്നര വയസ്സുകാരനോടുള്ള സങ്കല്‍പസല്ലാപത്തിന്‌ വിഷയങ്ങളന്വേഷിച്ച്‌ അമ്മ വലയുന്നു! അമ്മയുടെയും ചങ്ങാതിയുടെയും സംസാരം ചിന്നു ചിരിച്ചാസ്വദിക്കുന്നു!

ഇത്‌ ഈയിടെ മിക്കവാറും ദിവസങ്ങളില്‍ ആവര്‍ത്തിക്കുന്നു.അതിനിടെ മമ്മ പറഞ്ഞാണറിഞ്ഞത്‌... മമ്മയുടെ വീട്ടില്‍ വെച്ച്‌ ചിന്നു അവന്റെ അമ്മയെ വിളിക്കുമത്രേ...."ഹലോ..അമ്മയല്ലേ??" എന്നിട്ട്‌ ഫോണും കൊണ്ട്‌ കൃഷിയുടെ അടുത്തെയ്ക്കോടും. ഫോണ്‍ കൃഷിയുടെ ചെവിയില്‍ ചേര്‍ത്തു വെയ്ക്കും."കിചീ...ചിന്നൂന്റെ അമ്മയാ...വര്‍ത്താനം പറഞ്ഞോ.."വാക്കു കൂട്ടിച്ചൊല്ലാത്ത കുഞ്ഞ്‌ എന്തു പറയാനാണ്‌? :) അവനത്‌ തട്ടി മാറ്റും... എന്നാലും ചിന്നു പിന്നെയും ശ്രമിച്ചു കൊണ്ടേയിരിക്കുമത്രേ.

അമ്മയ്ക്കും കൂട്ടുകാരനുമിടയില്‍ ചങ്ങാത്തം വളര്‍ത്തുകയാണോ ചിന്നൂസ്‌? ആര്‍ക്കറിയാം....

വ്യാഴാഴ്‌ച, ജനുവരി 05, 2006

അമ്മയുടെ മലയാളം

വയസ്സിത്രയായിട്ടും അമ്മയിനിയും മലയാളം ശരിക്ക്‌ പഠിച്ചിട്ടില്ലെന്നോ?! ചിന്നു പോലും അമ്മയെ തിരുത്തുന്നു!!
"മോനേ...പാലിവിടെ വെച്ചിട്ടുണ്ട്‌.ട്ടോ...എടുത്ത്‌ കഴിയ്ക്ക്‌..."
"പാല്‌ കഴിയ്ക്ക്യല്ലാമ്മാ..കുടിക്ക്യാ.."

ചൊവ്വാഴ്ച, ജനുവരി 03, 2006

കാര്‍ത്തിക്കിനുള്ള പിറന്നാള്‍ സമ്മാനം



കാര്‍ത്തിക്കിന്‌ വരുന്ന ആഴ്ച മൂന്ന് വയസ്സ്‌ തികയും. ആഘോഷത്തിന്‌ ക്ഷണിക്കാന്‍ നിത്യ ദിവസങ്ങള്‍ക്കു മുന്‍പേ വിളിച്ചിരുന്നു. അതോര്‍ത്ത്‌ ക്രിസ്മസ്‌ ഷോപ്പിങ്ങിനൊപ്പം അവനുമൊരു സമ്മാനം വാങ്ങി. കഴിഞ്ഞ മാസം നിക്കിയുടെ പിറന്നാളിന്‌, അച്ഛനും അമ്മയും ഒരു ടോയ്‌ കൊണ്ടു കൊടുത്തത്‌ ചിന്നുവിനത്ര പിടിച്ചില്ലെന്നതോര്‍ത്തിട്ട്‌, ചിന്നു കാണാതെ കോട്ടുകള്‍ തൂക്കിയിടുന്ന മുറിയുടെ കോണില്‍ കാര്‍ത്തിക്കിനുള്ള കളിപ്പാട്ടം ഒതുക്കി വെച്ചു. ശനിയാഴ്ച വരെ അതവിടെ ഭദ്രമായിരിക്കുമെന്നും, അന്നു രാത്രി ചിന്നു ഉറങ്ങിയ ശേഷം സമ്മാനം പൊതിഞ്ഞു കെട്ടാമെന്നും ഒക്കെയാണ്‌ അമ്മ കരുതിയത്‌.

ഇന്നലെ അമ്മ അടുക്കളയില്‍ തിരക്കിനിടയില്‍ ഒരു ശബ്ദം കേട്ടാണ്‌ ആ വഴി നോക്കിയത്‌. കണ്ടതോ, ചിന്നു കാര്‍ത്തിക്കിനായി കരുതിയ സമ്മാനം ബുദ്ധിമുട്ടി വലിച്ചിഴച്ച്‌ കൊണ്ടു വരുന്നു! കോട്ടെടുത്തിട്ട്‌ അച്ഛന്‍ മുറിയുടെ വാതില്‍ അടച്ചില്ല!
"ഇതു തുറക്കണം...അമ്മാ..."
"ചിന്നൂസേ...അതു നമ്മള്‍ കാര്‍ത്തിക്കിനു കൊടുക്കാന്‍ വാങ്ങിയതല്ലേ??.."
"കാര്‍ത്തിക്കിനിത്‌ കൊടുക്കണ്ട!"
"അങ്ങനെ പറയാമോ കുട്ടാ...ചിന്നൂന്റെ പിറന്നാളിന്‌ ആരും സമ്മാനം തന്നില്ലെങ്കില്‍ ചിന്നൂന്‌ സങ്കടാവില്ലേ?" അച്ഛന്‍ ആവത്‌ പറഞ്ഞു നോക്കി. ചിന്നു ദു:ഖഭാവത്തില്‍ കളിപ്പാട്ടത്തിനു മീതെ കിടപ്പായി. അങ്ങനേ കൊച്ചിലേ കുട്ടിയുടെ ദുര്‍വാശികളൊക്കെ സമ്മതിച്ചു കൊടുത്ത്‌ വഷളാക്കേണ്ടെന്നു വെച്ച്‌ അച്ഛനും അമ്മയും കുറച്ചു നേരം മാറിയിരുന്നു.

ചിന്നുവിന്‌ പിടിച്ച വാശി തന്നെ! അവനതിനു മീതെ നിന്ന്‌ മാറിയതേയില്ല...അമ്മയുടെ മനസ്സലിഞ്ഞു. അച്ഛന്റെ സമ്മതം വാങ്ങി ചിന്നുവിന്‌ കളിപ്പാട്ടം തുറന്നു കൊടുത്തു. ചിന്നുവിന്റെ മനസ്സും മുഖവും ഒരു പോലെ വിടര്‍ന്നു.
"എന്റെ മോന്‍ ഇത്ര കൊതിച്ചത്‌ കാര്‍ത്തിക്കിന്‌ കൊടുക്കുന്നതെങ്ങനെ?! അതു ശരിയാവുമോ?!"അമ്മ ആത്മഗതം ചെയ്തതിന്‌ പക്ഷേ ചിന്നു ഉത്തരം പറഞ്ഞു. "ശരിയാവില്ല...."
അച്ഛനും അമ്മയ്ക്കും ചിരി അടക്കാനായില്ല.കൂടെ ചിന്നുവും മനം നിറഞ്ഞ്‌ ചിരിച്ചു! അവനിതു കൂടെ പറഞ്ഞു.."കാര്‍ത്തിക്കിന്‌ വേറെ സമ്മാനം വാങ്ങണം"
"നമുക്കു വാങ്ങിക്കൊടുക്കാം..കേട്ടോ..."
അന്നേരം ചിന്നുവിനതും വേണ്ടി വരുമെന്നറിഞ്ഞിട്ടും അമ്മ പറഞ്ഞു.

കളിപ്പാട്ടം പുറത്തെടുക്കാന്‍ ചിന്നു വൈകിച്ചില്ല. അതൊരു റെയില്‍വേ ട്രാക്ക്‌ മെനഞ്ഞെടുക്കാനുള്ള ബ്ലോക്ക്സ്‌ ആയിരുന്നു. ബ്ലോക്ക്സെല്ലാം മുറിയില്‍ പരന്നിട്ടും അവ എങ്ങനെ ഘടിപ്പിക്കണം എന്ന് ചിന്നുവിന്‌ തിരിഞ്ഞില്ല. പതിവു പോലെ ആ ദൌത്യം അച്ഛന്‍ ഏറ്റെടുത്തു. ചിതറിക്കിടക്കുന്ന കഷ്ണങ്ങളില്‍ നിന്നും അച്ഛന്‍ ആവേശത്തോടെ ഒരു റെയില്‍വേ സ്റ്റേഷന്‍ ഉണ്ടാക്കി എടുക്കുമ്പോള്‍ അമ്മയ്ക്കൊപ്പം ചിന്നുവും ഒരു കാഴ്ചക്കാരനായി ഒതുങ്ങി!

വെള്ളിയാഴ്‌ച, ഡിസംബർ 30, 2005

കളിക്കളം

ചിന്നുവിന്‌ വീടു മുഴുവന്‍ ഒരു കളിക്കളമാണ്‌. കളിപ്പാട്ടങ്ങള്‍ ചിതറിക്കിടക്കാത്ത മുറികളില്ല, സ്വീകരണ മുറിയിലാണധികമെങ്കിലും. ഈ വലിച്ചുവാരിയിടലു കൊണ്ട്‌ അമ്മയും അച്ഛനും തോറ്റു!--'Toys തട്ടിയിട്ട്‌ നടക്കാന്‍ വയ്യെന്നു വെച്ചാല്‍!!ചിന്നൂന്‌ ഒരു കളിപ്പാട്ടവും അതു കളിക്കേണ്ട രീതിയില്‍ കളിക്കുന്ന പതിവില്ല. അച്ഛന്‍ ബുദ്ധിമുട്ടി assemble ചെയ്തു കൊടുക്കുന്ന ടോയ്സൊക്കെ ഒരഞ്ചു മിനിട്ട്‌ കഴിയേണ്ട താമസം 'പീസ്‌ പീസ്‌' ആയിട്ടുണ്ടാകും.

മമ്മയുടെ അടുത്ത്‌ പ്രശ്നം അവതരിപ്പിച്ചപ്പോള്‍ മമ്മ പറഞ്ഞതിങ്ങനെ "ചിന്നു ഇവിടെ മര്യാദക്കാരനാണ്‌, കേട്ടോ...വൈകീട്ട്‌ clean up..ചിന്നൂ.. എന്നൊന്നു പറയേണ്ട താമസം പരന്നു കിടക്കുന്ന കളിപ്പാട്ടങ്ങളൊക്കെ ചിന്നു മൂലക്കിരിക്കുന്ന പെട്ടിയിലിടുമല്ലോ!" ഓഹോ! അങ്ങനത്തെ നല്ല ശീലങ്ങളൊക്കെ അറിയാമല്ലേ, ചിന്നൂന്‌... അന്നു വൈകീട്ട്‌ ഉണ്ണാന്‍ നേരമായപ്പോള്‍ അമ്മ വിളിച്ചു പറഞ്ഞു "clean up ചിന്നൂ..."
" ചിന്നൂന്‌ ക്ലീനപ്പ്‌ വേണ്ടാമ്മാ...ചിന്നൂന്‌ ഇനീം കളിക്കണം... നെറച്ച്‌ ടോയ്സ്‌ വേണം വീട്ടില്‌..."
അന്നും അമ്മ തോറ്റു! ചിന്നു ഉറങ്ങിയപ്പോ അമ്മ കളിപ്പാട്ടങ്ങളൊക്കെ വീണ്ടും ഒതുക്കി വെച്ചു...കുറേയെണ്ണം ചിന്നൂന്റെ കണ്ണില്‍ നിന്നും മാറ്റാനായി ബേസ്‌മെന്റിലേക്ക്‌ മാറ്റി.

പക്ഷേ അമ്മയ്ക്കെന്തറിയാം... പിറ്റേന്ന് രാവിലെ കണ്ണും തിരുമ്മി എണീറ്റു വന്ന ചിന്നൂസ്‌ ആദ്യം ചോദിച്ചത്‌
"ന്റെ ഫോണെവിടെ...മ്മാ...ചിന്നൂന്‌ ഫോണ്‍ വിളിക്കണം"
"ആരെ വിളിക്കണം, ചിന്നൂ??"
"കിചീനെ വിളിക്കണമ്മാ..." ('കിചി' ചിന്നൂന്റെ കൂട്ടുകാരന്‍)
അമ്പടാ....!ഫോണ്‍ ബേസ്‌മെന്റില്‍ നിന്നും വീണ്ടും സ്വീകരണമുറിയിലെത്തി!
തൊട്ടു പുറകെ "ന്നൂന്റെ ചെണ്ട എവ്‌ടെ മ്മാ...??"
"ചിന്നൂന്റെ പപ്പ്യെ കാണാല്ല്യ...ബേസ്‌മെന്റില്‌ പപ്പിക്ക്‌ പേട്യാവും..മ്മാ"
ചെണ്ടയും കൂടെ പപ്പിയും അതിനും പുറകെ അമ്മ എടുത്തു വെച്ച എല്ലാ കളിപ്പാട്ടങ്ങളും തിരികെ സ്വീകരണ മുറിയിലെത്തി!

ഞായറാഴ്‌ച, ഡിസംബർ 18, 2005

അമ്മൂമ്മ

അമ്മൂമ്മ മരിച്ചപ്പോള്‍ ചിന്നൂന്‌ ആറു മാസം പ്രായം. കാത്തു കാത്തിരുന്ന നാലാം തലമുറക്കാരനെ അമ്മൂമ്മയ്ക്ക്‌ കാണാനായത്‌ ഞങ്ങള്‍ നാട്ടിലെത്തിയ ഒരു മാസം മാത്രം. എങ്കിലും കൂടെകിട്ടിയ ഓരൊ ദിവസവും അമ്മൂമ്മ 'ഓമനക്കുട്ടന്‍' പാടി കുഞ്ഞിനെ ഉറക്കി. ചിന്നു ഉറങ്ങിയിട്ടും കൂടെ കിടന്ന് 'ഓമനത്തിങ്കള്‍ കിടാവോ' പാടി. ഒരിക്കലും എയര്‍പോര്‍ട്ടില്‍ വന്ന് ഞങ്ങളെ യാത്രയാക്കാറില്ലെങ്കിലും, അത്തവണ ചിന്നൂനെ യാത്രയാക്കാന്‍ എണ്‍പത്‌ വയസ്സിന്റെ ക്ഷീണങ്ങള്‍ക്കിടയിലും എത്തി. ഒന്നര മാസം കഴിഞ്ഞ്‌, ഒരു പനി ന്യൂമൊണിയ ആയി വളര്‍ന്നപ്പോഴും 'ഏയ്‌, എനിക്കു വലിയ വയ്യായ ഒന്നുമില്ല, ചിന്നുക്കുട്ടന്‍ എന്തു പറയുണു" എന്നു ചോദിച്ചു. പിറ്റേന്ന്, അമ്മൂമ്മ മരിച്ചെന്ന് അനിയന്റെ ഫോണ്‍ വിളി! നിശ്ശബ്ദമായി ഞാന്‍ കരഞ്ഞപ്പോഴും ചിന്നു ഒന്നുമറിയാതെ എന്നെ നോക്കി ചിരിച്ചു.

എന്നിട്ടും അമ്മൂമ്മ ഇപ്പോഴും അവനെ പാടി ഉറക്കുന്നു!
" ഓമനക്കുട്ടന്‍ ഗോവിന്ദന്‍ ബല-
രാമനെക്കൂടെക്കൂടാതെ
കാമിനീമണിയമ്മ തന്നങ്ക
സീമനീ ചെന്നു കേറിനാന്‍

‍അമ്മയുമപ്പോള്‍ മാറണച്ചിട്ട-
ങ്ങുമ്മ വച്ചൂ കിടാവിനെ
അമ്മിഞ്ഞ കൊടുത്താനന്ദിപ്പിച്ചു
ചിന്മയനപ്പോളോതിനാന്‍

‍ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പത്തി രണ്ടു പേരുണ്ട്‌
അപ്പിള്ളേരായ്‌ വനത്തില്‍ കളിക്കാന്‍
‍ഇപ്പോള്‍ ഞാനമ്മേ, പോകട്ടെ

അയ്യോ, എന്നുണ്ണീ പോകല്ലേയിപ്പോള്‍
‍തീയു പോലുള്ള വെയിലല്ലേ,
വെറുതെയെന്നമ്മേ തടയല്ലേ പോട്ടെ,
പരിചോടുണ്ണികള്‍ക്കുണ്ണുവാന്‍
നറുനെയ്യു കൂട്ടിയുരുട്ടീട്ടും
നല്ലോരുറതൈരു കൂട്ടിയുരുട്ടീട്ടും
വറുത്തൊരുപ്പേരി പതിച്ചിട്ടു-
മീരണ്ടുരുളയുമെന്റെ മുരളിയും
തരികയെന്നൊന്നരുളിച്ചാഞ്ചാടി
തരസാ കണ്ണന്‍ താന്‍ പുറപ്പെട്ടു!"

പ്രായത്തിന്റെ കിതപ്പില്‍ നിര്‍ത്തി നിര്‍ത്തിയെങ്കിലും, പാടി റെക്കോര്‍ഡ്‌ ചെയ്യിപ്പിച്ച കാസറ്റ്‌ തന്നു വിട്ടിരുന്നു അമ്മൂമ്മ അന്ന്, ചിന്നൂന്‌ കേട്ടുവളരാന്‍! ചിന്നൂന്‌ അമ്മൂമ്മയുടെ പാട്ടുകള്‍ വലിയ പ്രിയമാണ്‌. ദിവസവും കേള്‍ക്കണം. ഓമനക്കുട്ടന്റെ ചില വരികള്‍ അവന്‍ കൂടെ മൂളും.

ഈയിടെ അതു പോലൊരു കാസ്സറ്റില്‍ അച്ഛന്‍ ചിന്നുവിന്റെ സംസാരവും കഥ പറച്ചിലും പിടിച്ചു. അമ്മൂമ്മയുടെ പാട്ടു കേള്‍ക്കുന്ന അതേ കാസ്സറ്റ്‌ പ്ലെയെറില്‍ ചിന്നൂന്റെ ശബ്ദം കേട്ടപ്പോള്‍ അവന്റെ കണ്ണുകള്‍ വിടര്‍ന്നു!പിറ്റേന്ന്, പതിവു പോലെ
"അച്ഛാ, ചിന്നൂന്‌ പാട്ടു വെച്ചു തരോ"
"തരാലോ, അമ്മൂമ്മടെ കാസറ്റ്‌ എടുക്കട്ടെ, ട്ടോ"
"അച്ഛാ, അമ്മൂമ്മടെ പാട്ട്‌ വേണ്ട ഇന്ന്, ചിന്നൂന്റെ പാട്ട്‌ വേണം!"
അന്ന് ചിന്നു ചിന്നൂന്റെ 'പാട്ട്‌' കേട്ടുറങ്ങി!!

വെള്ളിയാഴ്‌ച, ഡിസംബർ 16, 2005

ചിന്നൂന്റെ ബാര്‍ബര്‍ അവന്റെ അമ്മ തന്നെയാണ്‌. ക്ഷുരകശാസ്ത്രം പഠിച്ച വിദുഷിയൊന്നുമല്ല അമ്മ. പിന്നെന്താച്ചാല്‍, ഒരു രണ്ടു വയസ്സുകാരന്റെ മുടി വെട്ടാന്‍ മാസം തോറും പത്തും പതിനഞ്ചും ഡോളര്‍ അമേരിക്കന്‍ സലൂണുകളില്‍ കൊണ്ടു കൊടുക്കാന്‍ ഒരു മടി (അതോ പിശുക്കോ? :)) ചിന്നൂന്‌ സൌന്‌ദര്യ ബോധം വന്ന്, ഇനി അമ്മയെന്റെ മുടിയില്‍ കൈ വെക്കരുത്‌ എന്നു പറയും വരെ ഒരു അവകാശം പോലെ കത്രിക കൈയിലെടുക്കാന്‍ തന്നെയാണ്‌ അമ്മയുടെ തീരുമാനം.

ഒരു പ്രൊഫഷണല്‍ അപ്പ്രോച്ചിനായി അച്ഛനെക്കൊണ്ട്‌ ട്രിമ്മര്‍ വാങ്ങിച്ചിട്ട്‌, മുടി വെട്ടാന്‍ ശ്രമിച്ചതാണ്‌ അമ്മ. അതിന്റെ 'കിറ്ര്‍.. കിറ്ര്‍..' ശബ്ദം കേള്‍ക്കേണ്ട താമസം, ചിന്നു പിന്നെ അത്‌ അടുപ്പിച്ചിട്ടില്ല. അതുകൊണ്ട്‌ ആകെ ആശ്രയം പഴയ കത്രികയും ചീപ്പും തന്നെ! അതും കൊണ്ടങ്ങ്‌ നേരെ ചെന്നാല്‍ ചിന്നു അങ്ങനെ ഇരുന്നു തരികയൊന്നുമില്ല. ടബ്ബിലിരുന്നു കുളിക്കണ നേരത്ത്‌, പൈപ്പും തുറന്നു വിട്ട്‌, അതിന്റെ ശബ്ദത്തിന്റെ മറവില്‍, അങ്ങോട്ടു തിരിഞ്ഞിരുന്ന്‌ കളിക്കണ കുഞ്ഞിന്റെ പുറകിലെ കുറച്ചു മുടി അങ്ങു വെട്ടും. കളിയിലെ കോണ്‍സന്റ്രേഷന്‍ കുറഞ്ഞ നേരമാണെങ്കില്‍, ചിന്നു തലയങ്ങു വെട്ടിക്കും. ഒന്നുമറിയാത്ത മട്ടില്‍ അമ്മ കത്രികയും ചീപ്പും പുറകില്‍ മറച്ച്‌ ചിന്നൂനെ നോക്കി ഒരു കള്ളച്ചിരി ചിരിക്കും. ചിന്നു ഒന്നു സംശയിച്ച്‌ വീണ്ടും കളിയില്‍ മുഴുകും. അങ്ങനെ എങ്ങനെയൊക്കെയോ അമ്മ നീണ്ട മുടിയൊക്കെ നീളം കുറയ്ക്കും. പിന്നെ (ചിന്നുവിന്റെ) ഏതോ ദൈവാധീനം കൊണ്ട്‌ "ചിന്നൂന്റെ മുടിയെന്താ, പാറ്റ നക്കിയപോലെ!" എന്നൊന്നും ആരും ഇതുവരെ പറഞ്ഞിട്ടില്ല. ആ ഒരൊറ്റ ധൈര്യത്തിന്റെ മറവിലാണ്‌ കഴിഞ്ഞ ഒന്ന്‌-ഒന്നര കൊല്ലമായി അമ്മ ഈ പണി തുടര്‍ന്നത്‌.

ചിന്നു ഇപ്പോള്‍ വലിയ പയ്യനല്ലേ! ഇത്തവണ കത്രികയും കൊണ്ട്‌ കള്ളച്ചിരി ചിരിച്ച്‌ അമ്മ വരുന്നത്‌ കണ്ടപ്പൊഴേ ചിന്നു പറഞ്ഞു, "മൊട്ടയാക്കണ്ട, അമ്മാ..." " ഏയ്‌, അമ്മ കുട്ടനെ സുന്ദരനാക്കാന്‍ പോവല്ലേ? " ചിന്നു അമ്മയെ ഒന്നു നോക്കി, പക്ഷെ ഒന്നും മിണ്ടിയില്ല. എന്നിട്ട്‌ തിരിഞ്ഞിരുന്ന് കളിക്കാനും തുടങ്ങി. " ഇതു കൊള്ളാമല്ലോ, ഇത്തവണ പ്രതിഷേധമൊന്നും ഇല്ലെന്നു തോന്നുന്നു. അമ്മയ്ക്ക്‌ ധൈര്യവും ആവേശവും കൂടി! "ച്‌ക്‌...ച്‌ക്‌..." മുടി വെട്ടല്‍ പതിവിലും സ്പീഡിലായിരുന്നു! കുറച്ച്‌ നേരത്തെയ്ക്ക്‌ ഒരു 'കണ്ട്രോള്‌' പോയ പോലെ!...എല്ലാം കഴിഞ്ഞ്‌ "ചിന്നൂ, ഒന്ന് തിരിഞ്ഞേ" "അയ്യോ, ഇതെന്താ ഇങ്ങനെ ആയിപ്പോയെ??? അമ്മ കുളമാക്കിയല്ലോ, ചിന്നു!! മുന്നിലെ മുടിയെന്താ പല ലെവലില്‍!? " അച്ഛന്‍ കാണുമ്പോഴേക്കും അമ്മ ചീപ്പു കൊണ്ട്‌, കുറച്ചെല്ലാം ഒതുക്കി വെച്ചിരുന്നു. പക്ഷെ അച്ഛനും കണ്ടപ്പൊഴേ പറഞ്ഞു " അമ്മ കുളമാക്കിയല്ലോ ഇത്തവണ" :-( പുതിയ ഗാര്‍ഡന്‍ ബുഷ്‌ കട്ടര്‍ കിട്ടിയപ്പോഴും ഇതേ ആവേശം മൂത്ത്‌, ചെടികളെല്ലാം അമ്മ വെട്ടി കുറ്റിയാക്കിയത്‌ അച്ഛന്‍ ഓര്‍മിപ്പിച്ചു. ചിന്നു എന്നിട്ടും ഒന്നും പറഞ്ഞില്ല.

ചിന്നൂനെ പകല്‍ നോക്കുന്നത്‌ മമ്മയാണ്‌. രാവിലെ ചിന്നൂനെ കണ്ടതും, മമ്മ പറഞ്ഞു " ചിന്നു മുടി വെട്ടിയല്ലോ?" അമ്മയാണ്‌ ബാര്‍ബര്‍ എന്നറിയാമെന്നതു കൊണ്ടായിരിക്കണം, മമ്മ അത്ര കൊണ്ട്‌ നിര്‍ത്തിയത്‌. മമ്മയ്ക്ക്‌ മറുപടി കൊടുത്തത്‌ ചിന്നുവാണ്‌ " ചിന്നൂന്റെ മുടി അമ്മ വെട്ടി കൊളമാക്കി, മമ്മാ!" മമ്മയുടെ കൂടെ അമ്മയും ചിരിച്ചു. അല്ലാതെന്തു ചെയ്യാന്‍!!

ബുധനാഴ്‌ച, ഡിസംബർ 14, 2005

ജഗജില്ലി!

ചിന്നൂന്റെ കുട്ടിക്കുറുമ്പുകള്‍ കണ്ടിട്ടാണ്‌ അച്ഛന്‍ ഒരു ദിവസം പറഞ്ഞു പോയത്‌.
"നീ ഒരു ജഗജില്ലിയാണല്ലോടാ"
"അല്ല...ചിന്നുവാ" !! :)

ടിഗ്ഗര്‍!

ഇടയ്ക്കിടയ്ക്ക്‌ പേടിപ്പിക്കാന്‍ വരുന്ന 'ടിഗ്ഗറിനെ' ഓടിയ്ക്കാന്‍ ചിന്നുവിനു വഴി പറഞ്ഞു കൊടുത്തത്‌ അച്ഛനാണ്‌. കൈ ചുരുട്ടി ശബ്ദം ഉയര്‍ത്തി "ആരടാ അത്‌? പോടാ..!" എന്നൊന്നു പറയണം. ചിന്നു ആണ്‍കുട്ടിയല്ലേ? ടിഗ്ഗര്‍ പേടിച്ചോടിക്കൊള്ളും..:) അഥവാ ഇനിയും പോയില്ലെങ്കിലോ, അവന്റെ വാലില്‍ പിടിച്ചുയര്‍ത്തി തലയ്ക്കു ചുറ്റും വട്ടത്തില്‍ കറക്കി ഒരൊറ്റ ഏറ്‌!! ടിഗ്ഗറിനെ പിന്നെ ഈ ഭാഗത്ത്‌ കാണില്ല...ചിന്നൂന്‌ ഈ വിദ്യ ക്ഷ പിടിച്ചു! പിന്നെ ടിഗ്ഗര്‍ വന്നപ്പോഴൊക്കെത്തന്നെ "ആരടാ " എന്നൊന്നു ചോദിക്കേണ്ട താമസം "ടിഗ്ഗര്‍" ഓടടാ ഓട്ടം!!

ചൊവ്വാഴ്ച, ഡിസംബർ 13, 2005

Chinnu the abstract artist

Chinnu enjoys scribbling on his 'Doodle Pro' magnetic slate. He fills the slate with vertical and horizontal lines, circular patterns and other geometrical shapes and then he shows it to us enthusiastically
" അച്ഛാ, നോക്കൂ...ഇതു പൂച്ച!" "ഇതു നോക്കൂ, ചിന്നു കാര്‍ വരച്ചു!!".
"അമ്പടാ..ചിന്നു ആള്‌ കൊള്ളാലോ! പൂച്ചേടെ വാല്‌ എവിടെ ചിന്നൂ?"
"ദേ, ഇതാ വാല്‌..."
He must be an abstract artist! We could only see some random scribbles on the slate :)

ശനിയാഴ്‌ച, ഡിസംബർ 10, 2005

ചിന്നു ഇപ്പോള്‍ എണ്ണുന്നതിങ്ങനെ ആണ്‌. ഒന്ന്, രണ്ട്‌, പിന്നെ... നെറച്ച്‌!

"ചിന്നൂന്‌ വയസ്സെത്രയായി, ചിന്നൂ?"
"രണ്ട്‌..."
"അപ്പോ അടുത്ത കൊല്ലം ചിന്നൂന്‌ വയസ്സെത്രയാവും?"
"നെറച്ച്‌!" :-)

വെള്ളിയാഴ്‌ച, ഡിസംബർ 09, 2005

വിദ്യാരംഭം

ഈ കഴിഞ്ഞ പൂജയ്ക്ക്‌ ചിന്നു വിദ്യാരംഭം കുറിച്ചു. അച്ഛനും പിന്നെ അമ്മയും അവനെ ആദ്യാക്ഷരങ്ങള്‍ എഴുതിച്ചു. അരിയില്‍ എഴുതിക്കഴിഞ്ഞപ്പോള്‍ ചിന്നു തന്നെ അവന്റെ slate കൊണ്ടു വന്നു. അവനതിലും അക്ഷരങ്ങള്‍ വരച്ചു.

വ്യാഴാഴ്‌ച, ഡിസംബർ 08, 2005

ചിന്നു അടുത്തുള്ളപ്പോള്‍ ഞാന്‍ കമ്പ്യൂട്ടര്‍ നോക്കി ഇരിക്കുന്നത്‌ അവന്‌ ഒട്ടും ഇഷ്ടമല്ല.
"അമ്മ കമ്പ്യൂട്ടറ്‌ നോക്കണ്ട!! ഇഷ്ട്ടല്ല ചിന്നൂന്‌!!!"
"വേണ്ട... നോക്ക്‌ണില്ല്യ..അടച്ചു വെച്ചൂ..."
വീണ്ടും അവന്റെ ശ്രദ്ധ തെറ്റുമ്പോള്‍ ഞാന്‍ കമ്പ്യൂട്ടര്‍ തുറക്കും...അങ്ങനെ ഒരു ദിവസം അവന്‍ അവന്റെ ബ്ലോക്ക്സും ഞാന്‍ എന്റെ ബ്ലോഗ്സ്‌-ഉം നോക്കിയിരിക്കുമ്പോള്‍ ചിന്നു വിളിച്ചു പറഞ്ഞു.
"ചിന്നൂന്റെ അടുത്തേയ്ക്ക്‌ spider വരണു..മ്മാ...ചിന്നുനു പേടിയാവുണൂ..."
കമ്പ്യൂട്ടര്‍-ല്‍ നിന്ന് മുഖം ഉയര്‍ത്താതെയാണ്‌ ഞാന്‍ ചോദിച്ചത്‌.
"ഇത്രയും ചെറിയ spider ഇത്രയും വലിയ ചിന്നൂനെ പേടിപ്പിക്കുണു- ന്നു പറഞ്ഞാല്‍ എന്തു പറയണം എന്റെ ചിന്നൂസേ?!"
"അമ്മ വര്‍ത്താനം പറയണം..മ്മാ"!

ഞായറാഴ്‌ച, ഡിസംബർ 04, 2005

Chinnu finds an imaginary 'Tigger' often these days. "tigger varanu..mma..chinnunu petiyavunu" "evite tigger, kunje?" "ithaa...ivite" He will show me where Tigger is. I remember reading about kids talking about imaginary things. Needs to go back to that book and read it again to really understand what is behind this "imaginary tigger"!
Chinnu loves Barney videos!! He wants to watch the same video over and over again...! But he doesn't understand English yet...So even though he was laughing and enjoying while watching, when I sat beside him he asked me " Barney enthaa parayane, mma??"