ശനിയാഴ്‌ച, ഓഗസ്റ്റ് 12, 2006

ഹാപ്പി ഓര്‍ സാഡ് ?

സോഫായില്‍ ഒന്ന് കണ്ണടച്ചിരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് സ്ലേറ്റും കൊണ്ട് ചിന്നു ഓടി വന്നത്.
“അമ്മാ.. ഒരു പടം വരച്ചു തരോ? കരയണ ചിന്നൂന്റെ...”
“ചിരിക്കണ ചിന്നു ആയാലോ?”
“വേണ്ട.. കരയണ ചിന്നൂന്റെ വേണം”
ഞാന്‍ വരച്ചു തുടങ്ങി.
“അമ്മാ.. ചിന്നുന്റെ ഷര്‍ട്ട് വരക്കണം... രണ്ടു കൈയും കാണണം. “
സ്പെസിഫികേഷന്‍സ് കൂടി വരുന്നു.
“ഇനി അമ്മയെ വരക്കണം. അമ്മ ചിന്നൂന് ഒരു സോഫ്റ്റ് നാപ്കിന്‍ കൊടുക്കണ വരക്കണം”
“അമ്മ ചെറുതാ...”
ഞാന്‍ കാലങ്ങു നീട്ടി വരച്ചു. “ഇത്ര പൊക്കം മതിയോ അമ്മയ്ക്ക്?”
“മതി” അവന് തൃപ്തിയായി.
“അമ്മ മുടി കെട്ടി വെയ്ക്കണം”
അഴിച്ചിട്ടിരുന്ന മുടി കെട്ടി വെപ്പിച്ചു. ചിന്നു സ്ലേറ്റ് എന്റെ കൈയില്‍ നിന്നും വാങ്ങി, ചിത്രം ഒന്നു കൂടെ പരിശോധിച്ചു. മുഖം വിടര്‍ന്നിരിക്കുന്നു.
“അമ്മാ.. ചിന്നൂന് ഇഷ്ടാ‍യി! :)“
സ്ലേറ്റുമെടുത്ത് ഓടാന്‍ തുടങ്ങിയ അവനെ ചേര്‍ത്തു പിടിച്ച് ഞാന്‍ പതുക്കെ ചോദിച്ചു.
“ചിന്നു ഇപ്പോ ഹാപ്പി ആണോ, സാഡ് ആണോ?”
“ചിന്നു ഹാപ്പിയാ”
“പിന്നെ എന്തിനാ അമ്മയോട് കരയണ ചിന്നൂനെ വരക്കാന്‍ പറഞ്ഞത്?”
അവന്‍ ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് എന്റെ പിടി വിടുവിച്ച് ഓടുന്നതിനിടെ വിളിച്ചു പറഞ്ഞു.
“എന്തിനോ..”

8 അഭിപ്രായങ്ങൾ:

ബിന്ദു പറഞ്ഞു...

ഈ കുട്ടികളുടെ മനസ്സിലുള്ളില്‍ എന്താണോ? എങ്ങനെ കണ്ടുപിടിക്കാന്‍ പറ്റുമോ ആവോ? :)

രാജ് പറഞ്ഞു...

പ്രീതി ഈ വരികളെ ഒരു ‘കഥ’യെന്നു വിളിക്കുവാനാ എനിക്കിഷ്ടം. ഇതുമായി ബന്ധമൊന്നുമില്ലെങ്കിലും രേഷ്മയുടെ ഈ കഥയും ഓര്‍മ്മ വന്നു.

Preethy പറഞ്ഞു...

ശരി തന്നെ, ബിന്ദു. അതൊന്നു കണ്ടുപിടിക്കാനായാല്‍ കാര്യങ്ങള്‍ കുറേക്കൂടെ എളുപ്പമായേനെ!

രാജ്, ഇതിനെ ഞാന്‍ കഥയെന്നു വിളിക്കാത്തത് ഇതില്‍ ‘ഭാവന’യുടെ അംശം വളരെ കുറവായതു കൊണ്ടാണ്.

രാജ് പറഞ്ഞു...

ഈയിടെ ചിന്നുവിനെ കുറിച്ചൊന്നും എഴുതിക്കാണുന്നില്ലല്ലോ? തിരക്കാവുമല്ലേ. വൈകിപ്പോയെങ്കിലും ഓണാശംസകള്‍.

ഇന്ദു | Preethy പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

ചിന്നു ഇക്കഴിഞ്ഞ ആഴ്ച മുതല്‍ പ്രീ-സ്കൂളില്‍ പോകാന്‍ തുടങ്ങി. ഭാഷയും ഭക്ഷണവും ഒന്നും ശരിയായില്ലെങ്കിലും ‘വലിയ കുട്ടി‘ ആയി എന്ന ആവേശത്തിന്റെ പുറത്തു മാത്രം അവന്‍ കരച്ചിലൊന്നുമില്ലാതെ പോയി വന്നു.

ഓണാശംസകള്‍ക്ക് നന്ദി! രാജിനും ഓണം നന്നായല്ലോ, അല്ലേ?

രാജ് പറഞ്ഞു...

ഓണം വലിയ ബഹളങ്ങളൊന്നുമില്ലാതെ കഴിഞ്ഞു പോയി. ലീവ് കിട്ടിയില്ല. ചിന്നുവിന്റെ പുതിയ വിശേഷം അറിഞ്ഞതിലും സന്തോഷം.

ബിന്ദു പറഞ്ഞു...

എന്താ ഈയിടെ എഴുതാത്തത്? :)