ചൊവ്വാഴ്ച, മാർച്ച് 27, 2012

ബാര്‍ബി അമ്മൂമ്മ

"അമ്മൂമ്മേ, അമ്മൂമ്മേടെ അമ്മേടെ പേരെന്താ?"
"ലക്ഷ്മിക്കുട്ടി"
"അമ്മൂമ്മേടെ അമ്മൂമ്മയുടെ പേരോ?"
"കുഞ്ഞിക്കാളി"
"ആ അമ്മൂമ്മെടെ അമ്മയോ?"
"ഊലി അമ്മൂമ്മ"
"അയ്യേ, അതെന്തൊരു പേരാ??"
"ആ.. അത് പണ്ടുള്ളൊരു പേരാ മോളെ... എനിക്കും ആ പേര്‍ ഇടാനിരുന്നതാ. പക്ഷേ ഊലിയമ്മൂമ്മ പറഞ്ഞു. 'എന്റെ പേരൊന്നും ഇടണ്ട. അതിലും എത്രയോ നല്ല പേരുകളുണ്ട്. ദേവകി എന്നായിക്കോട്ടെ' എന്ന്"
"അത് ഭാഗ്യായി. എനിക്ക് ഊലി എന്ന പേര്‍ ഒട്ടും ഇഷ്ടായില്ല!"
അമ്മൂമ്മ പതിയെ ചിരിച്ചു.
"ഊലിയമ്മൂമ്മയുടെ അമ്മയുടെ പേരറിയോ, അമ്മൂമ്മയ്ക്ക്?"
"അതെനിക്കോര്‍മയില്ല, മോളേ"
 
ഇത് ഞാനും എന്റെ അമ്മൂമ്മയും തമ്മില്‍ വര്‍ഷങ്ങള്‍ ഒരുപാട് മുന്‍പ് നടന്ന സംഭാഷണമാണ്‌. ദേവൂനോട് ഇതിനെപ്പറ്റി പറയണം എന്ന് കുറച്ച് ദിവസങ്ങളായി വിചാരിക്കുന്നു. അവളുടെ അമ്മൂമ്മയുടെ അമ്മൂമ്മയുടെ അമ്മൂമ്മയുടെ പേര്‍ വരെ എനിക്കറിയാമെന്നതും, ഏഴ് തലമുറ വരെ മേലോട്ട് കുടുംബചരിത്രം അറിയാമെന്നതും നിസ്സാര കാര്യമല്ലല്ലോ.

"ദേവൂ, ദേവൂന്റെ അമ്മയുടെ പേരെന്താ?"
ഇതെന്തൊരു ചോദ്യം എന്ന മട്ടില്‍ അവളെന്നെ നോക്കി. "പ്രീതി"
"ദേവൂന്റെ അമ്മൂമ്മയുടെയോ?"
"ബാര്‍ബി"
"ഏഹ്.. എന്താന്ന്?"
"ബാര്‍ബി അമ്മൂമ്മ... എനിക്കു അങ്ങനെയേ പറയാന്‍ അറിയൂ". ദേവു കൈ മലര്‍ത്തി.

ഭാര്‍ഗ്ഗവിയെ ആണ്‌ അവള്‍ ബാര്‍ബി ആക്കിയത് :) അതോടെ ഏഴു തലമുറയുടെ കഥ അവിടെ നില്‍ക്കട്ടെ എന്നായി ഞാന്‍. ആദ്യം അവള്‍ സ്വന്തം അമ്മൂമ്മയുടെ പേര്‍ പഠിക്കട്ടെ! അമ്മയോട് ഇതു പറഞ്ഞ് ചിരിച്ചപ്പോള്‍, "അവളെ പറഞ്ഞിട്ടെന്തു കാര്യം? കടിച്ചാല്‍ പൊട്ടാത്ത പേരായാല്‍ എന്തു ചെയ്യും അവള്‍" എന്നു അമ്മയും. :)

അഭിപ്രായങ്ങളൊന്നുമില്ല: