വ്യാഴാഴ്‌ച, ഡിസംബർ 28, 2006

സാന്റായുടെ സമ്മാനം

“സാന്റായുടെ അടുത്തു നിന്നു നിങ്ങള്‍ക്ക് എന്ത് സമ്മാനം വേണം?” സ്കൂളില്‍ വെച്ച് മിസ്സ് ജെന്നിയാണ് ചോദിച്ചത്. റേച്ചല്‍ പറഞ്ഞു, “I want a marble ball that goes around and around". ജാക്കിന് ഒരു പാട് ഗിഫ്റ്റ്സ് വേണം. ടോം പറഞ്ഞു, “I want a reindeer". റെയിന്‍‌ഡിയര്‍ എന്താണെന്ന് ചിന്നുവിനറിയാം. അതു കൊണ്ട് തന്റെ ഊഴം വന്നപ്പോള്‍ ചിന്നുവും പറഞ്ഞു, “റെയിന്‍‌ഡിയര്‍!”

സാന്റയ്ക്കായുള്ള എഴുത്ത് മിസ്സ് ജെന്നി തന്നെ എഴുതി തന്നു.
Dear Santa,
I want a reindeer for Christmas.
Love,
Chinmay

ക്ലാസ്സിനു പുറത്ത് എല്ലാവരുടേയും എഴുത്തുകള്‍ മിസ്സ് ഒട്ടിച്ചു വെച്ചിരുന്നു. വൈകീട്ട് എത്ര ഉത്സാഹത്തോടെയാണെന്നോ ചിന്നു തന്റെ എഴുത്ത് അമ്മയെ കാണിച്ചത്.
“ഓഹോ, ചിന്നൂന് റെയിന്‍‌ഡിയറാണോ വേണ്ടത്?! റെയിന്‍‌ഡിയറിനെ അപ്പോ ആരു നോക്കും?ചിന്നൂനേം റെയിന്‍‌ഡിയറിനേയും കൂടെ ഒരേ റൂമില്‍ രാത്രി കിടത്തിയാലോ?”

അവന്റെ മുഖം അപ്പോഴേയ്ക്കും വല്ലാതെ മാറിയിരുന്നു.
“റെയിന്‍‌ഡിയറിന്റെ ടോയല്ലേ സാന്റാ തരാ??”
“ആവോ, അറിയില്ല”
“ചിന്നൂനത് വേണ്ടാ... വേറേ ഗിഫ്റ്റ് മതി”. ചിന്നു കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.
“അതു പോട്ടെ, ട്ടോ മോനേ.. അച്ഛനും അമ്മയും സാന്റായെ ഫോണ്‍ വിളിച്ചു പറയാം..കേട്ടോ. റെയിന്‍‌ഡിയര്‍ കൊണ്ടു വരേണ്ടാ എന്നു പറയാം. വേറെ എന്തു വേണം ചിന്നൂന്?“
“ചിന്നൂന് ഒരു വടി മതി എന്നാല്‍...”
“വടിയോ? അതെന്തിന്??”
“അത്... ചിന്നൂന് മൌസിനെ ഓടിക്കാനാ...” !! (ഈ മൌസ് എവിടെ നിന്ന് എന്തിന് വന്നെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല, കേട്ടോ..:))

ക്രിസ്മസിന് പിന്നേയും ദിവസങ്ങള്‍ ബാക്കിയായിരുന്നെങ്കിലും ദിവസവും രാവിലെ ചിന്നു ചോദിക്കും. “താഴെ റെയിന്‍‌ഡിയര്‍ നി‍ക്കുണ്ടാവോ? ചിന്നൂന് റെയിന്‍‌ഡിയറിനെ വേണ്ടാ...”

ക്രിസ്മസിന്റെ തലേന്ന് അച്ഛന്‍ ഒരു വടി പൊതിഞ്ഞ് ‘To Chinnu From Santa ‘എന്ന ലേബലൊക്കെ ഒട്ടിച്ച് ക്രിസ്മസ് ട്രീക്കരികില്‍ വെച്ചു. ഒരു ശങ്കയോടെയാണ് ചിന്നു രാവിലെ ട്രീയ്ക്കരികിലേക്ക് ഓടി വന്നത്. “ഗിഫ്റ്റ് എന്താണോ?” റെയിന്‍‌ഡിയറല്ലെന്നു കണ്ടപ്പോളാണ് അവനൊന്നാശ്വാസമായത്. ചോദിച്ച പോലെ വടിയാണ് സാന്റാ തന്നതെന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം. കുറച്ചു നേരത്തെ കളി കഴിഞ്ഞപ്പോള്‍ അവന് വടി മതിയായി. ‘മൌസിനെ ഓടിക്കാന്‍ ആ വടിക്ക് നീളം പോരാത്രെ!’.

ഇനിയിപ്പോള്‍ അടുത്ത ക്രിസ്മസിനെങ്കിലും വേണ്ടതെന്തെന്ന് കൃത്യമായിത്തന്നെ സാന്റായെ എഴുതി അറിയിക്കണം എന്നു ചിന്നുവിനോട് പറഞ്ഞിരിക്കുകയാണ് അച്ഛന്‍.

വ്യാഴാഴ്‌ച, ഡിസംബർ 14, 2006

C for പുഴു, J for മനുഷന്‍(!)

“A for Apple, B for Baby, C for പുഴു, ....., J for മനുഷന്‍, ....., X for bones, Y for yellow and Z for Zebra. അത്രേയുള്ളൂ. ഇതു തീര്‍ന്നു.“

ചിന്നു അവന്റെ ആല്‍ഫബെറ്റ് ബുക്ക് വായിച്ചു തീര്‍ത്തു. ചിത്രം നോക്കിയാണ് വായന.
C for Caterpillar എന്നാണ് പുസ്തകത്തില്‍. തല്‍ക്കാലം അവന് കാറ്റര്‍പില്ലറൊന്നും വഴങ്ങില്ല. അതാണ് C for പുഴു :)
J - ജമ്പ് ചെയ്യുന്ന ഒരാളെയാണ് കാണിച്ചിരിക്കുന്നത്. അവന്‍ വായിച്ചത് J for മനുഷന്‍!
X-ray യുടെ ചിത്രം അവന്റെ കണ്ണില്‍ ബോണ്‍സ്. :)

വ്യാഴാഴ്‌ച, ഡിസംബർ 07, 2006

ക്രിസ്മസ് വരണത് എങ്ങന്യാ?

“മമ്മേടെ വീട്ടിലെ ലൈറ്റ്സ് എന്ത് രസാ..!”
“നല്ല രസമുണ്ട് ല്ലേ, ചിന്നൂ. . നമുക്കും ഒരു ക്രിസ്മസ് ട്രീ വാങ്ങാം കേട്ടോ”
“റോഡിലൊക്കെ എത്ര ലൈറ്റ്സാ..ഹായ്!”
“ക്രിസ്മസ് വരികയല്ലേ... അതാ..”
“ക്രിസ്മസ് ഈ റോഡീക്കൂടെ നടന്നാണോ വരാ? അതാണോ ഇവിടെയൊക്കെ ലൈറ്റ്സ്?”
“ഹഹഹാ ചിന്നൂ. ക്രിസ്മസ് ജീസസിന്റെ ഹാപ്പി ബര്‍ത്ഡേ അല്ലേ? അന്ന് സമ്മാനങ്ങളൊക്കെ കൊണ്ട് ക്രിസ്മസ് അപ്പൂപ്പന്‍ വരും“
“നടന്നല്ലെങ്കില്, ചെലപ്പോ, ക്രിസ്മസ് കാറില് കേറിയാവും വരുന്നത്”
“ക്രിസ്മസ് അല്ല ചിന്നൂ... സാന്താക്ലോസ് അപ്പൂപ്പന്‍ :)”

വെള്ളിയാഴ്‌ച, നവംബർ 10, 2006

നീല നിറം!

“അച്ഛാ, ‘മി. പൊട്ടാറ്റോ ഹെഡി’നെന്താ ബ്ലു ഐസ് ഉള്ളത്?“
“ചിലര്‍ക്കൊക്കെ നീലക്കണ്ണുകളുണ്ടാകും, ചിന്നൂ..”
“മഞ്ഞക്കണ്ണുണ്ടോ?”
“അതുണ്ടാവില്ല”
“ഗ്രീനുണ്ടോ പറയൂ...”
“പച്ചക്കണ്ണുകളും ഉണ്ട്”

ബ്ലു ചിന്നൂന് ഏറ്റവും പ്രിയപ്പെട്ട നിറമാണ്. വലുതാവുമ്പോ ചിന്നു ബ്ലു കാറാണല്ലോ വാങ്ങുക!
“അതെന്താ ബ്ലു ഐസ് ഉണ്ടായത് എന്ന് പറയൂ...”
“അതിവിടെ അമേരിക്കയിലൊക്കെ ചിലര്‍ക്ക് ബ്ലു ഐസുണ്ടാകും, ചിലര്‍ക്ക് ഗ്രീനാവും, ചിലര്‍ക്ക് ബ്രൌണും വേറെ ചിലര്‍ക്ക് ബ്ലാക്കും..”
“ചിന്നു അമേരിക്കയിലല്ലേ? എന്നിട്ടെന്താ ചിന്നൂന് ബ്ലു ഐസ് ഇല്ലാത്തത്??”
“അത് ചിന്നൂന്റെ അച്ഛനും അമ്മയ്ക്കും ബ്ലു ഐസ് ഇല്ലാത്തതു കൊണ്ട്...”
“അതെന്താ ചിന്നൂന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്തത്? ചിന്നൂന് ബ്ലു ഐസ് ആയിരുന്നു ഇഷ്ടം :(“

*********************************************************

വമ്പിച്ച ക്ലോസ്‌ഔട്ട് സെയിലുണ്ടായിരുന്ന ആ പുസ്തകക്കടയില്‍, വാങ്ങാന്‍ പറ്റിയ പുസ്തകങ്ങള്‍ നോക്കി നടക്കുകയായിരുന്നു ഞങ്ങള്‍. പറ്റിയതൊന്നും കാണാതെ അടുത്ത സെക്‍ഷനിലേക്ക് കടക്കാന്‍ തുടങ്ങിയ ഞങ്ങള്‍ക്ക് നേരെ ചിന്നു ഒരു പുസ്തകം എടുത്തു നീട്ടി.
“ഇതായാലോ?”
മിലന്‍ കുന്ദേരയുടെ ഒരു നോവല്‍!
“ഇതു നല്ല പുസ്തകമാണല്ലോ, ചിന്നൂ”
“അമ്മയ്ക്ക് ഈ ബ്ലു കവര്‍ ഇഷ്ടായോ? മുങ്കോയുടെയും മക്‍ഡൊണാള്‍ഡ് അപ്പൂ‍പ്പന്റേയും ബുക്ക്സ് പോലെ തോന്നി ചിന്നൂന്. “
“ഇഷ്ടായീലോ...”
“ഈ ബ്ലു ചിന്നൂന്റെ ഫേവറിറ്റാ... അതാ ചിന്നു ഈ ബുക്ക് തന്നത്.” :)

ശനിയാഴ്‌ച, ഒക്‌ടോബർ 28, 2006

സ്പൈഡര്‍മാന്‍!

അച്ഛന്റേയും അമ്മയുടേയും ഓഫീസില്‍ ഇന്നലെ കുഞ്ഞുങ്ങള്‍ക്കായി ഹാലോവീന്‍ പാര്‍ട്ടി ഉണ്ടായിരുന്നു. സ്കൂള്‍ വിട്ടു വന്നപ്പോഴേ ചിന്നു സ്പൈഡര്‍മാനായതാണ്. തണുപ്പത്തും സ്പൈഡര്‍മാന്‍ കോട്ട് ഇടില്ലാത്രേ! നല്ല സ്റ്റൈലില്‍ അവിടെ എത്തിയപ്പോഴാണ് ഓര്‍ത്തത്, സ്പൈഡര്‍മാന്‍ മുഖം‌മൂടി എടുത്തില്ലെന്ന്.

പാര്‍ട്ടിക്ക് നിറയെ കളികള്‍ ഉണ്ടായിരുന്നു. മത്തങ്ങക്കുള്ളിലൂടെ ബോള്‍ കൃത്യമായെറിഞ്ഞ് ചിന്നു ഒരു കാലിഡോസ്കോപ് സ്വന്തമാക്കി. കളിയൊക്കെ കഴിഞ്ഞാണ് ‘പ്രേതഭവനം’ കാണാന്‍ പോയത്. അവിടെ എത്തിയപ്പോഴല്ലേ, സ്പൈഡര്‍മാന്റെ സകല സ്റ്റൈലും പോയത്. സ്പൈഡര്‍മാന്‍ പേടിച്ച് അലറിക്കരയുന്നു! അവസാനം അമ്മ സ്പൈഡര്‍മാനെ എടുത്ത് പ്രേതഭവനത്തില്‍ നിന്ന് ഓടി പുറത്തെത്തുകയായിരുന്നു.

“അതു മോശമായില്ലേ, സ്പൈഡര്‍മാനേ? സ്പൈഡര്‍മാന്‍ ഇങ്ങനെ പേടിക്ക്യേ? ശ്ശേ!”
“അതിനു ചിന്നു മാസ്കിട്ടില്ലല്ലോ. അപ്പോ മോണ്‍സ്റ്റേര്‍സിനൊക്കെ മനസ്സിലാവില്ല്യേ ഇതു സ്പൈഡര്‍മാനല്ലാ, ചിന്നുവാണെന്ന്? അതാ ചിന്നൂന് പേടിയായത്.”

വെള്ളിയാഴ്‌ച, ഒക്‌ടോബർ 13, 2006

തെറ്റും ശരിയും

പിറന്നാള്‍ സമ്മാനങ്ങളോരോന്നായി തുറന്നു നോക്കവേ വല്ലാത്ത ആഹ്ലാദത്തിലായിരുന്നു ചിന്നു. ചുറ്റും പരന്നു കിടക്കുന്ന പുതിയ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ അവനെ ഒറ്റയ്ക്ക് വിട്ടിട്ട് ഞങ്ങള്‍ അടുക്കളയിലേക്ക് നടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവനതാ ഓടി വരുന്നു.

“അച്ഛാ, പ്രണവ് തന്ന ടോയില്‍ ലെറ്റേര്‍സ് ഒക്കെ തെറ്റാ...”
അവനിതെന്താ പറയണേന്ന് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ആദ്യം മനസ്സിലായില്ല.
“Aയും Bയും ഒക്കെ തെറ്റാ... Cയും Pയും കറക്റ്റാ...”

ആ കളിപ്പാട്ടത്തില്‍ ഒരു ലെറ്റര്‍ അമര്‍ത്തിയാല്‍, അത് എങ്ങനെ എഴുതാമെന്ന് എഴുതി കാണിക്കും. അവരെഴുതുന്നത് ഇംഗ്ലീഷ് ചെറിയ അക്ഷരങ്ങളാണ്. ചിന്നുവിന് ഇംഗ്ലീഷ് വലിയ അക്ഷരങ്ങളേ അറിയൂ. Cയും Pയും രണ്ടു രീതിയിലും ഒരു പോലാണല്ലോ എഴുതുക. അവന് പരിചയമില്ലാത്ത രീതിയിലാണ് Aയും Bയും ഒക്കെ എഴുതുന്നത്. അതു ശരി. അപ്പോള്‍ അതാണ് കാര്യം. ഇപ്പോഴല്ലേ മനസ്സിലായത് :)

ഞായറാഴ്‌ച, ഒക്‌ടോബർ 08, 2006

മത്തങ്ങാക്കുട്ടന്മാര്‍














ഇവിടെ ഇപ്പോള്‍ ശിശിരം. നിറയുന്ന വര്‍ണ്ണങ്ങളും പൊഴിയുന്ന ഇലകളും എവിടേയും. ഒപ്പം ഇത് മത്തങ്ങകളുടെ ഉത്സവകാലമാണ് . വീടുകളില്‍, ഓഫീസുകളില്‍ എല്ലാം മത്തങ്ങകള്‍ അലങ്കാരമാകുന്നു. മത്തങ്ങയില്‍ വിരിയുന്ന മുഖഭാവങ്ങള്‍ സുന്ദരം.
ഇന്നലെ ഞങ്ങള്‍ ചിന്നുവിനേയും കൊണ്ട് ഒരു ‘പം‌പ്കിന്‍ പാച്ച്’ കാണാന്‍ പോയി. ഒന്നു രണ്ട് കുട്ടി മത്തങ്ങകള്‍ അവന്‍ തിരഞ്ഞെടുത്തു. അത് അവന് വീടിനു മുമ്പില്‍ അലങ്കാരമായി വെയ്ക്കാനാണത്രെ.

“അമ്മേ, ഈ പംപ്കിന്‍ എടുത്ത് കൂട്ടാന്‍ വെയ്ക്കല്ലേ, ട്ടോ. കഴിഞ്ഞ തവണ വാങ്ങിയത് അമ്മ കൂട്ടാന്‍ വെച്ചപ്പോള്‍ ചിന്നൂന് സങ്കടമായി.”

ഇത്തവണത്തെ മത്തങ്ങകള്‍ തൊട്ടുപോവില്ലെന്ന് അവന് വാക്കു കൊടുത്തിരിക്കുകയാണ് ഞാന്‍.

ശനിയാഴ്‌ച, ഒക്‌ടോബർ 07, 2006

മഴവില്ല്

മക്‍ഡൊണാള്‍ഡ് അപ്പൂപ്പന് ഒരു ഫാം ഉണ്ട്. അവിടെ അപ്പൂപ്പനു കൂട്ടായി വയസ്സന്‍ ജോര്‍ജ്ജ് കുതിരയും, എമിലി എന്നു പേരുള്ള പശുവും ജെന്നിക്കോഴിയും ‘ഡോറിസ് ദ ഡക്കും’ അങ്ങനെ അങ്ങനെ കഥാപാത്രങ്ങള്‍ ഏറെയാണ്.

ജൂണിലെ തോരാത്ത ഒരു മഴക്കാലം. ദിവസങ്ങളായി മഴ തുടങ്ങിയിട്ട്. അരുവിയിലെ വെള്ളം പൊങ്ങിയിട്ട് ചെമ്മരിയാടുകള്‍ നനഞ്ഞു തൂങ്ങിയാണോ നില്‍ക്കുന്നതെന്നറിയില്ലല്ലോ. ട്രാക്റ്ററുമെടുത്ത് ഒന്നു നോക്കി വരാം എന്നു കരുതിയിറങ്ങിയതാണ് അപ്പൂപ്പന്‍. മുറ്റം പോലും കടന്നില്ല, മഴ വെള്ളത്തിലും ചെളിയിലും പുതഞ്ഞ് ട്രാക്റ്റര്‍ അനങ്ങാതെ നില്പായി. ഇനി എന്തു ചെയ്യും? വയസ്സനെങ്കിലും ജോര്‍ജ്ജുമൊരു കുതിരയല്ലേ.. അവനെക്കൊണ്ടു വലിപ്പിച്ചു നോക്കാം. ജോര്‍ജ്ജ് ഉള്ള ശക്തിയെല്ലാമെടുത്ത് വലിച്ചു നോക്കി. ഒരു കാര്യവുമില്ല. കൂട്ടിന് ടില്ലിക്കുതിരയേക്കൂടെ കൂട്ടിയിട്ടും ട്രാക്റ്ററിന് അനക്കമൊന്നുമില്ല. അപ്പൂപ്പന് നാലു പശുക്കളുണ്ട്. തങ്ങളും കുതിരകളേക്കാള്‍ ഒട്ടും മോശമല്ല എന്ന് അവര്‍ക്കും കാണിക്കണ്ടേ? അവരും വലിക്കാ‍ന്‍ കൂട്ടു ചേര്‍ന്നു. പക്ഷേ ഫലം നാസ്തി!

അപ്പൂപ്പന്‍ വെള്ളത്താടിയും തടവി വരാന്തയില്‍ ഇരിപ്പായി. മഴ പിന്നേയും തകൃതിയായി പെയ്യുന്നു. അപ്പൂപ്പന്റെ സങ്കടം കണ്ട് പന്നിക്കുട്ടനും ഷെല്ലിപ്പട്ടിയും എന്തിന് ഡോറിസ് ഡക്കും കൂട്ടുകാരും ലേസിപ്പൂച്ചയും വരെ സഹായിക്കാന്‍ കൂടി. അപ്പൂപ്പനും മിസ്സിസ്സ് മക്ഡൊണാള്‍ഡും കൂടെ വലി തുടങ്ങിയപ്പോള്‍ ഫാമിലെ എല്ലാരും മഴ നനഞ്ഞ് മുറ്റത്തായെന്ന് പറഞ്ഞാല്‍ മതിയല്ലോ!

മഴ കാരണം തീറ്റ രണ്ടു ദിവസമായി ശരിയാവാത്തതിന്റെ ക്ഷീണം തീര്‍ക്കാന്‍ രാവിലെത്തന്നെ ഫാം കറങ്ങാന്‍ ഇറങ്ങിയ ജെന്നിക്കോഴി മാത്രം ട്രാക്റ്റര്‍ ചെളിയില്‍ കുടുങ്ങിയ കോലാഹലമൊന്നും അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് ഓടിയെത്തിയ ജെന്നിയും ലേസിപ്പൂച്ചയുടെ വാലില്‍ തൂങ്ങി വലി തുടങ്ങി. ജെന്നി വലിച്ചു, ലേസി വലിച്ചു, അനബെല്‍ പശു ആഞ്ഞു വലിച്ചു, ജോര്‍ജ്ജ് ശക്തിയെല്ലാമെടുത്ത് ഒന്നു കൂടെ വലിച്ചു. റ്റ്ര്ര്ര്ര്രോ‍ാ‍ാം... ട്രാക്റ്റര്‍ പുറത്തെത്തി!!! യേ!! ജെന്നിക്ക് ഒരടി പൊക്കം കൂടിയെന്ന് പ്രത്യേകം പറയേണ്ടല്ലോ :) ജെന്നി കൂടി വലിക്കാന്‍ ചേര്‍ന്നപ്പോളല്ലേ, ട്രാക്റ്റര്‍ പുറത്തെത്തിയത്? അപ്പോ ആരാ ഇവിടെ ശക്തിമാന്‍/മതി?? :)

“ഐകമത്യം മഹാബലം! കണ്ടോ കൂട്ടരേ? “ അപ്പൂപ്പന് സന്തോഷം അടക്കാനായില്ല. അധികം വൈകിയില്ല, ദിവസങ്ങളോളം തുടര്‍ന്നു പെയ്ത മഴ തോര്‍ന്ന് മാനത്ത് ഭംഗിയുള്ള ഒരു മഴവില്ല് വിരിഞ്ഞു.

വായിച്ചു നീര്‍ത്തിയതും ചിന്നു ചോദിച്ചു, “മഴവില്ല് എങ്ങന്യാ ഉണ്ടായത്, അമ്മാ?”
“മഴ തോരുമ്പോള്‍ മാനത്ത് ചിലപ്പോ മഴവില്ലുണ്ടാവും ചിന്നൂ.”
“എന്നിട്ട്, ചിന്നു ഇതു വരെ മഴവില്ല് കണ്ടിട്ടില്ലല്ലോ, അമ്മാ? ഇന്നലെ മഴ പെയ്തിട്ടും ചിന്നു കണ്ടില്ലല്ലോ?!”
“അങ്ങനെ എപ്പോഴും കാണില്ല, ചിന്നൂ. ഇനി മഴവില്ല് ഉണ്ടാവുമ്പോള്‍ അമ്മ കാണിച്ചു തരാം, കേട്ടോ?“

“...ബ്ലു, ഗ്രീന്‍, മഞ്ഞ,ഓറഞ്ച്, റെഡ് “ ചിന്നു മഴവില്ലിന്റെ നിറങ്ങള്‍ എണ്ണുകയായിരുന്നു. പുസ്തകത്തില്‍ ഏഴു വര്‍ണ്ണങ്ങളില്‍ വീരിഞ്ഞു നില്‍ക്കുന്ന മഴവില്ലിന്റെ ഭംഗി മാനത്തു വിടരുന്ന വില്ലിനു കാണുമോ എന്ന സംശയം മാത്രം എന്റെ മനസ്സില്‍ ബാക്കിയായി.

ശനിയാഴ്‌ച, ഓഗസ്റ്റ് 12, 2006

ഹാപ്പി ഓര്‍ സാഡ് ?

സോഫായില്‍ ഒന്ന് കണ്ണടച്ചിരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് സ്ലേറ്റും കൊണ്ട് ചിന്നു ഓടി വന്നത്.
“അമ്മാ.. ഒരു പടം വരച്ചു തരോ? കരയണ ചിന്നൂന്റെ...”
“ചിരിക്കണ ചിന്നു ആയാലോ?”
“വേണ്ട.. കരയണ ചിന്നൂന്റെ വേണം”
ഞാന്‍ വരച്ചു തുടങ്ങി.
“അമ്മാ.. ചിന്നുന്റെ ഷര്‍ട്ട് വരക്കണം... രണ്ടു കൈയും കാണണം. “
സ്പെസിഫികേഷന്‍സ് കൂടി വരുന്നു.
“ഇനി അമ്മയെ വരക്കണം. അമ്മ ചിന്നൂന് ഒരു സോഫ്റ്റ് നാപ്കിന്‍ കൊടുക്കണ വരക്കണം”
“അമ്മ ചെറുതാ...”
ഞാന്‍ കാലങ്ങു നീട്ടി വരച്ചു. “ഇത്ര പൊക്കം മതിയോ അമ്മയ്ക്ക്?”
“മതി” അവന് തൃപ്തിയായി.
“അമ്മ മുടി കെട്ടി വെയ്ക്കണം”
അഴിച്ചിട്ടിരുന്ന മുടി കെട്ടി വെപ്പിച്ചു. ചിന്നു സ്ലേറ്റ് എന്റെ കൈയില്‍ നിന്നും വാങ്ങി, ചിത്രം ഒന്നു കൂടെ പരിശോധിച്ചു. മുഖം വിടര്‍ന്നിരിക്കുന്നു.
“അമ്മാ.. ചിന്നൂന് ഇഷ്ടാ‍യി! :)“
സ്ലേറ്റുമെടുത്ത് ഓടാന്‍ തുടങ്ങിയ അവനെ ചേര്‍ത്തു പിടിച്ച് ഞാന്‍ പതുക്കെ ചോദിച്ചു.
“ചിന്നു ഇപ്പോ ഹാപ്പി ആണോ, സാഡ് ആണോ?”
“ചിന്നു ഹാപ്പിയാ”
“പിന്നെ എന്തിനാ അമ്മയോട് കരയണ ചിന്നൂനെ വരക്കാന്‍ പറഞ്ഞത്?”
അവന്‍ ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് എന്റെ പിടി വിടുവിച്ച് ഓടുന്നതിനിടെ വിളിച്ചു പറഞ്ഞു.
“എന്തിനോ..”

വ്യാഴാഴ്‌ച, ഓഗസ്റ്റ് 10, 2006

മഴപ്പാടുകള്‍

ഓഫീസ് വിട്ട് ഞാന്‍ എത്തിയപ്പോഴേക്കും കറുത്തിരുണ്ടെത്തിയ മഴ പെയ്തൊഴിഞ്ഞിരുന്നു. മണ്ണിന്റെ നനവ് മാത്രം ബാക്കി. മമ്മയുടെ സിറ്റൌട്ടില്‍ എന്റെ ചെരുപ്പ് വീഴ്ത്തിയ നനവിന്റെ കളങ്ങള്‍ ശ്രദ്ധയില്‍ പെട്ടിരുന്നില്ല്ല. കോളിങ് ബെല്ല് അടിച്ച് കാത്തു നിന്നു. മമ്മ വാതില്‍ തുറന്നപ്പോഴേക്കും ചിന്നു ഓടിയെത്തി. അവന്റെ കണ്ണുടക്കിയത് സിറ്റൌട്ടിലെ മഴപ്പാടുകളിലാണ്. “അതെന്താ അമ്മാ, ഇവിടെ നെറ്റു പോലെ മഴ പെയ്തത്?”
“അതമ്മയുടെ ചെരുപ്പു വീഴ്ത്തിയ പാടുകളല്ലേ, ചിന്നു?”
“നെറ്റു പോലുണ്ടല്ലോ!”

ചിലന്തി വലയും ടെന്നിസ് കോര്‍ട്ടിലെ നെറ്റും ജനവാതിലിലെ നെറ്റും എല്ലാം ചൂണ്ടിക്കാട്ടി വലകളെപ്പറ്റി ഒരു ക്ലാസ്സ് ഞാന്‍ തലേന്ന് എടുത്തതേയുള്ളൂ :)

വ്യാഴാഴ്‌ച, ജൂലൈ 27, 2006

ഓടക്കുഴലും ഗിറ്റാറും

"അമ്മേ, ഉണ്ണിക്കണ്ണന്‍ ഓടക്കുഴലല്ലേ വായിക്ക്യാ?"
"അതേലോ"
"അതെന്താ ഉണ്ണിക്കണ്ണന്‍ ഗിറ്റാറ്‌ വായിക്കാത്തെ? ജോണ്‍ ചേട്ടന്‍ വായിക്കണ പോലെ..."
"അന്നൊന്നും ഗിറ്റാറ്‌ ഉണ്ടായിരുന്നില്ല കുട്ടാ..."
"അതല്ല..."
"പിന്നെ?"
"ഉണ്ണിക്കണ്ണന്‍ ചെറുതായോണ്ടാ ഗിറ്റാറ്‌ വായിക്കാത്തെ... വലുതാവുമ്പോ വായിക്കും". !!

ഞായറാഴ്‌ച, ജൂലൈ 16, 2006

ടോം & ജെറി

വിരുതന്‍ ശങ്കുവായ ജെറിയും ജെറിയുടെ സൂത്രക്കെണികളില്‍പെട്ട്‌ വലയുന്ന പാവം ടോം പൂച്ചയും ചിന്നുവിന്റെ കൂട്ടുകാരായിട്ട്‌ കുറച്ചു നാളായി. പലപ്പോഴും ചിന്നുവിന്റെ കൂടെ ജെറിയുടെ വികൃതികള്‍ ആസ്വദിക്കാന്‍ അച്ഛനും കൂടും. രണ്ടു പേരും ഒരുമിച്ചിരുന്ന് നിറുത്താതെ ചിരിക്കും. ചിന്നുവിന്‌ പക്ഷേ ടോമിനോട്‌ വലിയ സഹതാപമാണ്‌. ജെറിയെന്തിനാണിങ്ങനെ പാവം ടോമിനെ ഉപദ്രവിക്കുന്നതെന്ന് ചിന്നുവിന്‌ മനസ്സിലാവാറില്ല.

ഇത്തവണ അമ്മുമ്മയും മുത്തച്ഛനും ചിന്നുവിന്‌ രണ്ട്‌ ഇലത്താളം കൊടുത്തു വിട്ടിരുന്നു. ഇടയ്ക്ക്‌ അമ്മയും ചിന്നുവും കൂടി അതു കൊട്ടി 'രാമ രാമ രാമ രാമ രാമ രാമ പാഹിമാം' ചൊല്ലും. രണ്ടു ദിവസം മുന്‍പൊരു വലിയ ശബ്ദം കേട്ട്‌ അമ്മ നോക്കിയപ്പോഴുണ്ട്‌, ചിന്നു ഇലത്താളം വട്ടത്തില്‍ കറക്കി ഒരേറ്‌ എറിഞ്ഞതാണ്‌! ചെന്നു വീണത്‌ ഭാഗ്യത്തിന്‌ ഫയര്‍പ്ലേസിന്റെ അടിയില്‍!
"ചിന്നൂ, എന്തായിത്‌? അതെങ്ങാന്‍ ടിവിയില്‍ ചെന്ന് കൊണ്ടിരുന്നെങ്കിലോ?? പൊട്ടിപ്പോവില്ലായിരുന്നോ?!"
"ടിവി പൊട്ടിയാല്‍ ടോമും ജെറിയും പുറത്തയ്ക്ക്‌ വരോ?!"
"ടോമും ജെറിയും പുറത്തേക്ക്‌ വരേ?! അവരെ കാണാന്‍ കൂടെ പറ്റാണ്ടാവും!"
"അല്ല, ടോമും ജെറിയും അതിനകത്തുണ്ട്‌. ടിവി പൊട്ടിയാല്‍ അവര്‌ പുറത്തേക്ക്‌ വരൂലോ"

ഈശ്വരാ... എന്റെ കുഞ്ഞിന്‌ ഒന്നു പറഞ്ഞു കൊടുക്കണേ!

ഞായറാഴ്‌ച, ജൂലൈ 09, 2006

ചോദ്യം..ഭേദ്യം!

അമ്മ: ആരാ വന്നത് ചിന്നൂ?
ചിന്നു: ‘ആരോ‍ാ‘ വന്നു.

അമ്മ: എവിടെയാ പോയത്?
ചിന്നു: ‘എവിടെയോ‍ാ‍ാ‘ പോയി.

അമ്മ: എന്തിനാ അങ്ങനെ ചെയ്തത്?
ചിന്നു: ‘എന്തിനോ‍ാ‍ാ...‘

അമ്മ: അത് കാണാമോ ചിന്നൂന്?
ചിന്നു: കാണാമില്ല്യ !

സമയം എന്തായി?

ചിന്നൂന് അന്നും ഇന്നും പാല്‍ ഏറെ പഥ്യം. ഊണിനു മുമ്പും പിമ്പും പകരവും പാല്‍ കുടിക്കാന്‍ കുഞ്ഞ് റെഡി.

ഊണിന് നേരമാവുന്നു. ഭക്ഷണം ഇപ്പോള്‍ റെഡി ആകും. അപ്പോഴുണ്ട് ചിന്നു പാലു ചോദിച്ചു വരുന്നു. “അമ്മാ... പാല്”. അവന്റെ ശ്രദ്ധ തിരിക്കാനായി വെറുതെ കൈയിലെ വാച്ച് കാണിച്ചു കൊടുത്തു. “അമ്മേടെ വാച്ച് നോക്ക്, ചിന്നൂ. സമയം എത്രയായെന്ന് പറയാമോ നോക്ക്”
ചിന്നു വാച്ച് സൂ‍ക്ഷിച്ച് നോക്കുന്നു.
“പാല് കുടിക്കാനുള്ള സമയം ആയി“

ഇനി എന്തു ചെയ്യും അമ്മ?!

ഞായറാഴ്‌ച, ജൂലൈ 02, 2006

ഹായ്‌ പറഞ്ഞാല്‍...

കുളി കഴിഞ്ഞ്‌ ചിന്നു പുള്‍-അപ്സ്‌ ഇട്ടു. ഉടുപ്പ്‌ , അമ്മ എടുത്തു വെച്ചത്‌ അവന്‌ ഇഷ്ടപ്പെട്ടില്ല. എന്നാല്‍ പിന്നെ താഴെ പോയി വേറൊന്ന് ഇടാമെന്ന് ധാരണയായി. അച്ഛന്‍ മുകളിലെ മുറിയില്‍ വായനയിലാണ്‌. താഴെ പോകും മുമ്പ്‌ അച്ഛനോടൊന്ന് 'ഹായ്‌' പറഞ്ഞു പോകാം എന്നായി അമ്മ. "ഹായ്‌ പറഞ്ഞാല്‍ അച്ഛന്‍ കൂയ്‌ പറയും" എന്ന് ചിന്നു. ഉടുപ്പിട്ടിട്ടില്ലല്ലോ. പ്രാസമൊപ്പിച്ചു പറഞ്ഞത്‌ കേട്ട്‌ അച്ഛനും അമ്മയും ചിരിച്ചുപോയെന്ന് പറഞ്ഞാല്‍ മതിയല്ലോ!

How did Chinnu impress mamma?

മമ്മയുടെ വീട്ടിലെ ഒരു പതിവു വൈകുന്നേരം. ലിവിംഗ്‌ റൂമില്‍ പരന്നു കിടക്കുന്ന കളിപ്പാട്ടങ്ങള്‍. പ്രധാനമായും പരന്നു കിടക്കുന്നത്‌ ബില്‍ഡിങ് ബ്ലോക്ക്സ്‌ ആണ്‌. അത്‌ പരത്തിയിട്ടതിന്‌ ഉത്തരവാദികള്‍ ചിന്നുവും കൃഷിയും തന്നെ. അപ്പോ അത്‌ തിരിച്ചു വെയ്ക്കേണ്ടതും അവര്‍ തന്നെ. കൃഷി ഓരോന്നായി എടുത്ത്‌ ഉള്ളിലേക്ക്‌ ഓട്ടം തുടങ്ങി. ഓട്ടം പല തവണയായെങ്കിലും ബ്ലോക്ക്സ്‌ ഇനിയും പകുതിയിലധികം ബാക്കി. മമ്മ ചിന്നൂനോട്‌ പറഞ്ഞു, "കൈ നിറച്ചെടുത്ത്‌ കൊണ്ടു പോ, ചിന്നു. കൃഷി ഇതെത്രയായി ഓടുണു!". ചിന്നു എന്തു ചെയ്തു? ബാക്കിയുള്ള ബ്ലോക്ക്സ്‌ എല്ലാം അവിടെ ഇരുന്ന് കണക്റ്റ്‌ ചെയ്തു. ഒരൊറ്റ ഓട്ടത്തിന്‌ എല്ലാം ഉള്ളിലെ മുറിയിലെത്തി.
Mamma was really impressed!

ശനിയാഴ്‌ച, ജൂൺ 24, 2006

ലംബൂസമ്മാമന്‍

ചിന്നൂന്റെ അമ്മയ്ക്ക്‌ ഒരു അനിയനാണ്‌ - ചിന്നൂന്റെ അമ്മാമന്‍. ഏക 'മരുമകനോ'ടുള്ള സ്നേഹം മുഴുവന്‍ ഫോണിലൂടെ പകരുകയല്ലാതെ വേറെ നിവൃത്തിയില്ലാത്ത പാവം അമ്മാമന്‍. തനിക്കു മാത്രം കുഞ്ഞിമോനെ വിളിക്കാനായി അമ്മാമന്‍ കണ്ടെത്തിയ പേരാണ്‌ 'ലംബൂ'! അമ്മാമന്റെ 'ലംബൂസ്‌' വിളി അമ്മയ്ക്കാദ്യം അത്ര പിടിച്ചില്ല. ഇതു പണ്ട്‌ വീട്ടില്‍ കേറി വന്ന പൂച്ചയ്ക്ക്‌ അമ്മാമന്‍ കണ്ടെത്തിയ പേരു പോലുണ്ട്‌ എന്നാണ്‌ അമ്മയ്ക്ക്‌ തോന്നിയത്‌ - അന്നാ പൂച്ചയ്ക്കിട്ട പേര്‌ 'ഡമരു' എന്നായിരുന്നു. അമ്മാമന്റെ 'ലംബൂസ്‌' വിളി കേട്ടാല്‍ ചിന്നൂന്‌ ചിരി വരും.

"ചിന്നൂന്റെ അമ്മാമന്‍ വിളിക്കണൂ, ഇവിടെ വാ മോനേ". ഫോണ്‍ വരുമ്പോള്‍ അമ്മ നീട്ടി വിളിക്കും. ചിന്നൂന്‌ അമ്മാമനെ അറിയാം, ജ്യോതിസമ്മാമനെ അറിയാം, സന്തോഷമ്മാമനേം അറിയാം. ഏത്‌ അമ്മാമനാ വിളിക്കണേന്നും അറിയാം. എന്നാലും ചിന്നു ചോദിക്കും."ഏത്‌ അമ്മാമനാ?"
"ചിന്നൂന്റെ അമ്മാമന്‍"
"ലംബൂസമ്മാമനാണോ?"

എന്താപ്പോ പറയാ? വിളിക്കാന്‍ വെച്ചത്‌ പേരായീന്നോ? :) അതിലും നല്ല പഴഞ്ചൊല്ലുകളൊന്നും ഇപ്പോ ഓര്‍മ വരുന്നില്ല.

ശനിയാഴ്‌ച, ജൂൺ 17, 2006

തുമ്മണ കുട്ടാ...

വൈകീട്ട്‌ കുളിക്കുമ്പം ചിന്നുവൊന്ന് തുമ്മി. അപ്പോ, അമ്മയ്ക്കൊന്നു പാടാന്‍ തോന്നി.

തുമ്മണ കുട്ടാ, തുമ്മണ കുട്ടാ,തുമ്മണതെന്താണ്‌?
നീയിന്ന്, തുമ്മണതെന്താണ്‌?
നേരം വെളുത്തപ്പം, മാനം കറുത്തപ്പം
നീയിറങ്ങ്യോടീല്ലേ?, മഴയത്ത്‌, നീയിറങ്ങ്യോടീല്ലേ?
അമ്മ പറഞ്ഞില്ലേ, അപ്പം പറഞ്ഞില്ലേ?
ഓടിയിറങ്ങൊല്ലേ, കുഞ്ഞോനേ, ഓടിയിറങ്ങൊല്ലേ!
നേരം കറുത്തപ്പം, മാനമൊഴിഞ്ഞപ്പം
നീയിന്ന് തുമ്മാണ്‌, മഴ പോലെ മൂക്കുമൊലിക്ക്യാണ്‌!

പാടിത്തീര്‍ന്നപ്പം ചിന്നു ചോദിച്ചു, "അമ്മേടെ പാട്ടില്‌ മിന്നല്‌ണ്ടായോ?"
"ഇല്ല്യല്ലോ, ചിന്നൂ" :) അമ്പടാ!

ചിന്നൂന്റെ കുളി കഴിഞ്ഞു. പിന്നെ തുമ്മിയുമില്ല. പിന്നേയും അമ്മ ആ പാട്ടു മൂളിക്കൊണ്ടിരുന്നു. തുമ്മണ കുട്ടാ...
“അമ്മ എന്തിനാ ആ പാട്ട് പാ‍ടണേ?”
“അമ്മയ്ക്ക് ആ പാട്ട് ഇഷ്ടായിട്ട്, ചിന്നൂ. ചിന്നൂന് ഇഷ്ടായില്ലേ?”
“ഇല്ല്യ. ചിന്നൂന് ഇഷ്ടല്ല്യാച്ചാല്‍ അമ്മ ആ പാട്ട് ഓഫ് ചെയ്യോ?”!
“ഓഫ് ചെയ്തു. ഇനി പാട്ണില്ല്യ, ട്ടോ”

നയാഗ്ര

അമ്മയ്ക്കും അച്ഛനും ജ്യോതിസമ്മാമനും ഒപ്പമാണ്‌ ചിന്നു നയാഗ്ര കാണാന്‍ പോയത്‌. അവിടെ ചെന്നപ്പോള്‍ മെയ്‌ മാസമായിരുന്നിട്ടും നല്ല തണുപ്പ്‌! ദൂരം കുറേ താണ്ടിയെത്തിയതല്ലേ, തണുപ്പെന്ന് പറഞ്ഞ്‌ നയാഗ്ര കാണാതിരിക്കാനൊക്കുമോ? എല്ലാരും കൂടെ രാത്രിയിലെ 'ഇല്ല്യുമിനേഷന്‍' കാണാന്‍ തണുപ്പത്തും ഇറങ്ങി. ചിന്നു രണ്ടു കൈയും കോട്ടിന്റെ പോക്കറ്റില്‍ തിരുകി, തല കോട്ടിന്റെ ഹൂഡിലൊതുക്കി സ്റ്റ്രോളറില്‍ ചുരുണ്ടിരുന്നു. സ്റ്റ്രോളറിന്റെ വശങ്ങളില്‍ അമ്മ വിസിറ്റര്‍ സെന്ററില്‍ നിന്നെടുത്ത ലീഫ്‌ലെറ്റുകള്‍ നിറച്ചു വെച്ചിരുന്നു. അവിടെ ചെന്നപ്പോള്‍ നിറങ്ങളുടെ മാസ്മരികതയില്‍ നിറഞ്ഞാടുന്ന നയാഗ്ര! അമ്മയുടെ മനം കുളിര്‍ത്തു. നോക്കിയപ്പോള്‍ ചിന്നു ഒരുറക്കത്തിനുള്ള തയ്യാറെടുപ്പെന്ന പോലെ തല കുനിച്ചിരിക്കുന്നു.
"നോക്ക്‌, ചിന്നൂ... നയാഗ്ര നോക്ക്‌. എന്തു ഭംഗിയാ നോക്ക്‌ വെള്ളച്ചാട്ടത്തിന്‌"!
അമ്മ ആവേശത്തിലായിരുന്നു. ചിന്നു മുഖം തിരിച്ചൊന്നു വെള്ളച്ചാട്ടത്തിലേക്ക്‌ നോക്കി. എന്നിട്ട്‌ ലീഫ്‌ലെറ്റിലേക്ക്‌ ചൂണ്ടി "ഇതിലൂണ്ട്‌"! ഈ തണുപ്പത്ത്‌ , ഇരുട്ടത്ത്‌ ഇതു കാണാന്‍ വന്നതെന്തിനാ, ഈ ലീഫ്‌ലെറ്റിലും ഉണ്ടല്ലോ നയാഗ്രാന്ന്!

പിറ്റേന്നും തണുപ്പിനു കുറവൊന്നുമില്ലായിരുന്നു. അച്ഛനും അമ്മയും ചിന്നൂനേം കൂട്ടി കാനഡായിലുള്ള 'കുതിരവളയ'ച്ചാട്ടം കാണാനിറങ്ങി. അവിടന്നുള്ള കാഴ്ച അവര്‍ണ്ണനീയമായിരുന്നു. ചിന്നു അപ്പോഴും സ്റ്റ്രോളറില്‍ വേറെങ്ങോ നോക്കി ഇരിക്കുകയായിരുന്നു.
"ഇവിടെ നോക്ക്‌ മോനേ, നയാഗ്ര എന്തു രസാ നോക്ക്‌!" ചി
ന്നു തല ചെരിച്ചതേയില്ല. സന്ദര്‍ശകരെ കയറ്റിയിറക്കി നീങ്ങുന്ന ബസ്സുകളിലും കാറുകളിലുമായിരുന്നു അവന്റെ ശ്രദ്ധ മുഴുവന്‍. അവിടേക്ക്‌ കൈ ചൂണ്ടി അവന്‍ ഉത്സാഹത്തോടെയാണ്‌ പറഞ്ഞത്‌. "അവ്‌ടെ നെറച്ച്‌ കാറും ബസ്സുമുണ്ട്‌"!
ഒരു രണ്ടര വയസ്സുകാരനേയും കൊണ്ട്‌ നയാഗ്ര കാണാനിറങ്ങിയ അച്ഛനേയും അമ്മയേയും പറഞ്ഞാല്‍ മതിയല്ലോ!

പുത്തനുടുപ്പുകള്‍

ചിന്നുവും അമ്മയും കൂടെ ഷോപ്പിങ്ങിനു പോയപ്പോള്‍, ചിന്നുവിന്‌ രണ്ട്‌ പുത്തനുടുപ്പുകള്‍ വാങ്ങിച്ചു. ഒന്ന്‌ കരിനീല ഷര്‍ട്ടില്‍ surfer എന്ന്‌ ഇളം നീലയില്‍ എഴുതി, രണ്ട്‌ സര്‍ഫിംഗ്‌ ബോട്ടുകളുടെ പടമുള്ളത്‌. ഇനിയൊന്ന് ആഷില്‍ റെഡ്‌ കളറിലെ എഴുത്തുള്ള ഷര്‍ട്ടിനു കൂട്ടായി റെഡ്‌ മുക്കാല്‍ പാന്റുള്ളത്‌. ചിന്നൂനും അമ്മയ്ക്കും ഒത്തിരി ഇഷ്ടായി രണ്ടും. വീട്ടില്‍ വന്നപ്പോള്‍ അച്ഛനും ഇഷ്ടായി.

പിറ്റേന്ന് ബ്ലൂവിലുള്ള ഉടുപ്പിട്ടാണ്‌ ചിന്നു മമ്മയുടെ അടുത്ത്‌ പോയത്‌. മമ്മയും പറഞ്ഞു,
"ഹായ്‌, എന്തു രസാ....എവിട്ന്നാ, മേടിച്ചേ ചിന്നൂ ഇത്‌?"
"വാള്‍-മാട്ടീന്നാ..".
അതിനു പിറ്റേന്ന് ചിന്നു റെഡ്‌ ഉടുപ്പിറക്കി. അന്നും മമ്മ തിരക്കി. "ഹായ്‌, ഇതെവിടന്നാ ചിന്നൂ ?"
"വാള്‍-മാട്ടീന്നാ..".

അതിനു പിറ്റേന്നിടാന്‍ ചിന്നൂന്‌ പുതിയ ഉടുപ്പൊന്നുമില്ലായിരുന്നു. വാങ്ങിയപ്പോള്‍ നീളം കൂടുതലായിരുന്നതിനാല്‍ മാറ്റി വെച്ചിരുന്ന ഒരു ജീന്‍സ്‌ പാന്റാണ്‌ അമ്മ ഇട്ടു കൊടുത്തത്‌. കൂട്ടായി ഒരു ഗ്രീന്‍ ഷര്‍ട്ടും. ഇത്തവണ മമ്മ ഒന്നും പറഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ജീന്‍സിന്റെ രണ്ടു കാലിലും കൈയാലെത്തിച്ചു പിടിച്ച്‌, വശങ്ങളിലേക്ക്‌ ചെരിഞ്ഞ്‌, ചിന്നു പറഞ്ഞു. "ഇത്‌ ചിന്നൂം അമ്മേം കൂടി എവ്‌ടുന്നോ മേടിച്ചതാ..."! മമ്മ കേട്ടു. ചിരിയും വന്നു. എന്നിട്ടും കേട്ടതായി ഭാവിച്ചില്ല. ചിന്നു വീണ്ടും അതേ ആട്ടത്തോടെ "ഇത്‌ ചിന്നൂം അമ്മേം കൂടി എവ്‌ടുന്നോ മേടിച്ചതാ...". ഇത്തവണ മമ്മയ്ക്ക്‌ ചിരി അടക്കാനായില്ല. പാവം ചിന്നു. മമ്മ പൊട്ടിച്ചിരിച്ചതെന്തിനാണെന്ന് ചിന്നൂന്‌ മനസ്സിലായില്ല!