വ്യാഴാഴ്‌ച, ഡിസംബർ 28, 2006

സാന്റായുടെ സമ്മാനം

“സാന്റായുടെ അടുത്തു നിന്നു നിങ്ങള്‍ക്ക് എന്ത് സമ്മാനം വേണം?” സ്കൂളില്‍ വെച്ച് മിസ്സ് ജെന്നിയാണ് ചോദിച്ചത്. റേച്ചല്‍ പറഞ്ഞു, “I want a marble ball that goes around and around". ജാക്കിന് ഒരു പാട് ഗിഫ്റ്റ്സ് വേണം. ടോം പറഞ്ഞു, “I want a reindeer". റെയിന്‍‌ഡിയര്‍ എന്താണെന്ന് ചിന്നുവിനറിയാം. അതു കൊണ്ട് തന്റെ ഊഴം വന്നപ്പോള്‍ ചിന്നുവും പറഞ്ഞു, “റെയിന്‍‌ഡിയര്‍!”

സാന്റയ്ക്കായുള്ള എഴുത്ത് മിസ്സ് ജെന്നി തന്നെ എഴുതി തന്നു.
Dear Santa,
I want a reindeer for Christmas.
Love,
Chinmay

ക്ലാസ്സിനു പുറത്ത് എല്ലാവരുടേയും എഴുത്തുകള്‍ മിസ്സ് ഒട്ടിച്ചു വെച്ചിരുന്നു. വൈകീട്ട് എത്ര ഉത്സാഹത്തോടെയാണെന്നോ ചിന്നു തന്റെ എഴുത്ത് അമ്മയെ കാണിച്ചത്.
“ഓഹോ, ചിന്നൂന് റെയിന്‍‌ഡിയറാണോ വേണ്ടത്?! റെയിന്‍‌ഡിയറിനെ അപ്പോ ആരു നോക്കും?ചിന്നൂനേം റെയിന്‍‌ഡിയറിനേയും കൂടെ ഒരേ റൂമില്‍ രാത്രി കിടത്തിയാലോ?”

അവന്റെ മുഖം അപ്പോഴേയ്ക്കും വല്ലാതെ മാറിയിരുന്നു.
“റെയിന്‍‌ഡിയറിന്റെ ടോയല്ലേ സാന്റാ തരാ??”
“ആവോ, അറിയില്ല”
“ചിന്നൂനത് വേണ്ടാ... വേറേ ഗിഫ്റ്റ് മതി”. ചിന്നു കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.
“അതു പോട്ടെ, ട്ടോ മോനേ.. അച്ഛനും അമ്മയും സാന്റായെ ഫോണ്‍ വിളിച്ചു പറയാം..കേട്ടോ. റെയിന്‍‌ഡിയര്‍ കൊണ്ടു വരേണ്ടാ എന്നു പറയാം. വേറെ എന്തു വേണം ചിന്നൂന്?“
“ചിന്നൂന് ഒരു വടി മതി എന്നാല്‍...”
“വടിയോ? അതെന്തിന്??”
“അത്... ചിന്നൂന് മൌസിനെ ഓടിക്കാനാ...” !! (ഈ മൌസ് എവിടെ നിന്ന് എന്തിന് വന്നെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല, കേട്ടോ..:))

ക്രിസ്മസിന് പിന്നേയും ദിവസങ്ങള്‍ ബാക്കിയായിരുന്നെങ്കിലും ദിവസവും രാവിലെ ചിന്നു ചോദിക്കും. “താഴെ റെയിന്‍‌ഡിയര്‍ നി‍ക്കുണ്ടാവോ? ചിന്നൂന് റെയിന്‍‌ഡിയറിനെ വേണ്ടാ...”

ക്രിസ്മസിന്റെ തലേന്ന് അച്ഛന്‍ ഒരു വടി പൊതിഞ്ഞ് ‘To Chinnu From Santa ‘എന്ന ലേബലൊക്കെ ഒട്ടിച്ച് ക്രിസ്മസ് ട്രീക്കരികില്‍ വെച്ചു. ഒരു ശങ്കയോടെയാണ് ചിന്നു രാവിലെ ട്രീയ്ക്കരികിലേക്ക് ഓടി വന്നത്. “ഗിഫ്റ്റ് എന്താണോ?” റെയിന്‍‌ഡിയറല്ലെന്നു കണ്ടപ്പോളാണ് അവനൊന്നാശ്വാസമായത്. ചോദിച്ച പോലെ വടിയാണ് സാന്റാ തന്നതെന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം. കുറച്ചു നേരത്തെ കളി കഴിഞ്ഞപ്പോള്‍ അവന് വടി മതിയായി. ‘മൌസിനെ ഓടിക്കാന്‍ ആ വടിക്ക് നീളം പോരാത്രെ!’.

ഇനിയിപ്പോള്‍ അടുത്ത ക്രിസ്മസിനെങ്കിലും വേണ്ടതെന്തെന്ന് കൃത്യമായിത്തന്നെ സാന്റായെ എഴുതി അറിയിക്കണം എന്നു ചിന്നുവിനോട് പറഞ്ഞിരിക്കുകയാണ് അച്ഛന്‍.

4 അഭിപ്രായങ്ങൾ:

ബിന്ദു പറഞ്ഞു...

ചിന്നൂനും, ചിന്നൂന്റെ അമ്മയ്ക്കും അച്ഛനും നവ വത്സരാശംസകള്‍ !!!
അടുത്ത പ്രാവശ്യം എന്തു ചോദിക്കണം എന്നു ഞാന്‍ പറഞ്ഞുതരാട്ടൊ.:)

Preethy പറഞ്ഞു...

ബിന്ദൂനും പവിത്ര മോള്‍ക്കും അച്ഛനും ഞങ്ങളുടേയും നവവത്സരാശംസകള്‍!!

കല്യാണി പറഞ്ഞു...

ചിന്നൂന്റെ ലോകം ഇന്നാണ്‍ കണ്ടുപിടിച്ചത്. ഇതു വരെയുള്ള പോസ്റ്റുകള്‍ മുഴുവനും വായിച്ചു..and that made my day! എത്ര നന്നായി എഴുതിയിരിക്കുന്നു പ്രീതി. ന്നേം കൂടെ കൂട്ടോ കളിക്കാന്‍ ചിന്നൂസേ?

Preethy പറഞ്ഞു...

പിന്നെന്താ, കല്യാണീം കൂടിക്കോളൂട്ടോ കളിക്കാന്‍..:)