ഞായറാഴ്‌ച, ഫെബ്രുവരി 26, 2012

മധുരം മധുരം!

ചിന്നൂന്റെ ബെസ്റ്റ് ഫ്രെണ്ട് സിദ്ദു പുതിയ വീട്ടിലേക്ക് മാറുകയാണ്‌. അയല്പക്കത്തുള്ള ഞങ്ങള്‍ കുറച്ചു വീട്ടുകാര്‍ ചേര്‍ന്ന് ഇന്നലെ അവര്‍ക്ക് ഒരു farewell പാര്‍ട്ടി കൊടുത്തിരുന്നു. അതിനു വേണ്ടി ഉണ്ടാക്കിയ കുല്‍ഫി ബാക്കി ഇരിപ്പുണ്ട് ഫ്രീസറില്‍. അതുണ്ടാക്കി വെച്ചതില്‍ പിന്നെ ദേവൂ രാവിലെയും ഉച്ചയ്ക്കും വൈകീട്ടും മൂന്നു നേരം കുല്‍ഫി കഴിക്കുന്നുണ്ട്.

ചിന്നുവും അച്ഛനും ചെസ്സ് ക്ലാസ്സു കഴിഞ്ഞ് വന്നപ്പോള്‍ ദേവു തന്നത്താന്‍ ഫ്റീസര്‍ തുറന്നു രണ്ട് കുല്‍ഫി എടുത്ത് അവര്‍ക്ക് കൊടുത്തു.
"ഇതു കണ്ട് പഠിക്ക്, ചിന്നൂ.. ദേവു സ്നേഹമുള്ള പെണ്‍കുട്ടിയാ കണ്ടോ?"
പറഞ്ഞ് നാവെടുത്തില്ല, കൈയില്‍ പിന്നേയുമൊരു കുല്‍ഫിയുമായി ദേവു മുന്നില്‍. അത് അവള്‍ക്കാണത്രെ! ഉച്ചയ്ക്കൊന്ന് കഴിച്ചയാള്‍ നാലു മണിയാകുമ്പോള്‍ പിന്നേയും മധുരം കഴിയ്ക്കയോ?!  അപ്പോള്‍ ഇതു സ്നേഹമോ അതോ പിന്നേയും മധുരം തിന്നാനുള്ള വിദ്യയോ? ദേവൂനെപ്പറ്റി പറഞ്ഞ നല്ല വാക്കുകള്‍ എനിക്ക് തിരിച്ചെടുക്കേണ്ടി വന്നു. :(

ബുധനാഴ്‌ച, ഫെബ്രുവരി 22, 2012

Do you want the good news or bad news first?"

Chili's ല്‍ നിന്നും അത്താഴം കഴിച്ചിറങ്ങവേ, ദേവൂന്റെ ചോദ്യം. "അമ്മാ, Do you want the good news or bad news first?"
"good news ആയിക്കോട്ടെ ആദ്യം."
"The good news is that I got something I loved today!".  മധുരപ്രിയയായ ദേവു പറയുന്നത്, അവസാനം കഴിച്ച കേക്കിനെപ്പറ്റിയാണെന്നത് സ്പഷ്ടം.  :)
ഇനി bad news എന്താണെന്നു കേള്‍ക്കട്ടെ.
"I didn't like what you ordered for me today! :( "

അതല്ലെങ്കിലും മധുരം കണ്ടുകഴിഞ്ഞാല്‍ മറ്റെല്ലാം ദേവുവിന്‌ അപ്രിയമാണ്‌. രണ്ടിലും ഒട്ടും പുതുമ ഇല്ല തന്നെ :).

ശനിയാഴ്‌ച, ഫെബ്രുവരി 04, 2012

Catch me if you can...

"ദേവൂ, catch me!" എന്നും പറഞ്ഞ് സ്വീകരണ മുറിയില്‍ നിന്ന് അടുക്കള വഴി മുന്നിലോട്ടും തിരിച്ചുമായി വട്ടത്തില്‍ ഓടുകയാണ്‌ ചിന്നു. ചേട്ടന്റെ വിളി കേള്‍ക്കേണ്ട താമസം ചേട്ടനെ പിടിക്കാനായി പുറകെ ഓടിത്തുടങ്ങി നാലു വയസ്സുകാരി. ഒരു വട്ടം തികയും മുമ്പേ ചേട്ടനെ പിടിക്കാനായി ഓടുന്ന ദേവൂന്റെ തൊട്ടു പിറകിലായി ചിന്നൂന്റെ ഓട്ടം. ഒന്നു നിന്നു തിരിഞ്ഞാല്‍ ഏട്ടനെ പിടിക്കാം. പക്ഷേ അറിഞ്ഞിട്ടാണോ, അറിയാതെയാണോ ദേവു ഒരേ ഓട്ടം തന്നെ. ഇതു കണ്ട് ചിന്നു കുടു കുടാ ചിരി തുടങ്ങി. കൂടെ ദേവുവും. കിതച്ചും ചിരിച്ചും  വയ്യാതാവും വരെ ചേട്ടനും അനിയത്തിയും ഈ കളി തുടര്‍ന്നു. :)