അമ്മുമ്മയും മുത്തച്ഛനും അന്ന് പതിവു നടത്തത്തിനിടയില്‍ മക്‍ഡൊണാള്‍ഡ്സ് വരെ പോയി എന്നു കേട്ടതും അവിടെ കയറി വല്ലതും കഴിച്ചോ എന്നായിരുന്നു ചിന്നുവിന് അറിയേണ്ടിയിരുന്നത്.
“ഏയ്, ഞങ്ങള്‍ക്ക് അറിയില്ല്യല്ലോ, അവിടെ എന്തു കഴിക്കാന്‍ കിട്ടുമെന്ന്” എന്നായി മുത്തച്ഛന്‍.
പിറ്റേന്ന് ചിന്നുവിന് സ്കൂളില്‍ പോകേണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും ‘ബൈ ബൈ’ കൊടുത്തതും ഇനി നടക്കാന്‍ പോകാമെന്ന് ചിന്നു. മക്‍ഡൊണാള്‍ഡ്സ് വഴി നടക്കാമെന്നതും അവിടെ കയറി കഴിക്കാമെന്നതും അവന്റെ തന്നെ ഐഡിയ.
അമ്മുമ്മയ്ക്കും മുത്തച്ഛനും വഴികാട്ടിയാവാനായി ചിന്നു മുന്നില്‍ തന്നെ നടന്നു.
“ഇത് മക്‍ഡൊണാള്‍ഡ്സ് അല്ല ട്ടോ... ഇത് ഗ്യാസ് സ്റ്റേഷനാ... ഇതു കഴിഞ്ഞാല്‍ ‘M’ എന്ന് ബിഗ് ആയി എഴുതി വെച്ചിട്ടുണ്ടാകും. അവിടെയാ മക്‍ഡൊണാള്‍ഡ്സ് “
“അവിടെ ചെന്നിട്ട് അമ്മുമ്മ മലയാളമൊന്നും പറയാന്‍ പാടില്ല്യ. മലയാളം പറഞ്ഞാലേ അവര് ‘What?' എന്നു ചോദിക്കും. അവരോടേ English പറയണം!”
“ഉവ്വ്... പറയാം. അവിടെ ചെന്നിട്ട് എന്താ ചിന്നു വാങ്ങേണ്ടത്?” അതായിരുന്നു അമ്മൂമ്മയ്ക്ക് അറിയേണ്ടിയിരുന്നത്.
“ചിന്നു പറഞ്ഞു തരുന്ന പോലെ അമ്മുമ്മ പറഞ്ഞോ... ചിക്കന്‍ നഗ്ഗറ്റ്സ് “
ഏതു വഴി മക്‍ഡൊണാള്‍ഡ്സിലേക്ക് കടക്കണം, എവിടെ ഓര്‍ഡര്‍ കൊടുക്കണം, കളിക്കാനുള്ളതൊക്കെ എവിടെയാണ്... ചോദിക്കും മുമ്പ് അമ്മുമ്മയ്ക്കും മുത്തച്ഛനും നിര്‍ദ്ദേശങ്ങള്‍ തുടരെത്തുടരെ കിട്ടിക്കൊണ്ടിരുന്നു! :)
വൈകീട്ട് അമ്മ എന്നോട് ചോദിച്ചു, “നിങ്ങളവനെ അവിടെ സ്ഥിരം കൊണ്ടു പോകാറുണ്ടല്ലേ?”. അത്രയ്ക്ക് പരിചയമായിരുന്നല്ലോ അവനവിടെ. മാസങ്ങള്‍ക്കു മുമ്പ് ഒന്നോ രണ്ടോ തവണ മാത്രമേ അവനെ അവിടെ കൊണ്ടു പോയിട്ടുള്ളൂ എന്നു കേട്ടപ്പോള്‍ അമ്മയ്ക്ക് അതിശയം. :)