ചിന്നുവിനും വീട്ടിലെ കമ്പ്യൂട്ടറിനും തമ്മില്‍ ഒരകലം വെയ്ക്കാന്‍ ഈയടുത്ത് വരെ ഞങ്ങള്‍ വളരെ ശ്രദ്ധ വെച്ചിരുന്നു. അതിനു കാരണമുണ്ട്. കൈയില്‍ കിട്ടിയ അന്നു തന്നെ ഞങ്ങളുടെ ലാപ്ടോപ്പിന്റെ ‘എല്ല്’ ( 'L' കീ) ഒടിച്ചവനാ ചിന്നു :) ‘എല്ലു’ പോയാല്‍ പുല്ലാണെന്ന് പറഞ്ഞ് അച്ഛനും അമ്മയും പിന്നേയും ലാപ്‌ടോപ് കൊണ്ടു നടക്കുന്നതു കണ്ട് ചിന്നു ‘T‘യും ‘P‘യും ‘K’യും ഒരൊറ്റ ദിവസം കൊണ്ട് പറിച്ചെടുത്തു. അന്ന് മാറ്റിവെച്ച ലാപ്‌ടോപ് ഈയടുത്ത് ചിന്നുവിന് വീണ്ടും എടുത്തു കൊടുത്തത് മുത്തച്ഛനും അമ്മൂമ്മയുമാണ്.
മുത്തച്ഛനും അമ്മൂമ്മയും അമ്മാമനുമായി പതിവായി ചാറ്റ് ചെയ്യുന്നതു കണ്ട്, ചിന്നുവിനും ചാറ്റിങ്ങില്‍ ഭ്രമം കയറി. പിന്നെപ്പിന്നെ ചിന്നുവും അമ്മാമനും തമ്മില്‍ വലിയ ചാറ്റ് ബഡ്ഡീസ് ആയി. മുത്തച്ഛനൊന്നും ചാറ്റ് ചെയ്യാന്‍ ചാന്‍സു കിട്ടാതായി എന്നു പറഞ്ഞാല്‍ മതിയല്ലോ. ചിന്നു എന്തൊക്കെയാ ടൈപ് ചെയ്യാ എന്നല്ലേ? 1, 2, 3, ...9, 10 എന്നു ടൈപ്പ് ചെയ്യും. A-Z Z-A a-z z-a എല്ലാം മാറ്റിയും മറിച്ചും എഴുതും. cat എന്നു ചിന്നു എഴുതിയാല്‍ dog എന്നാവും അമ്മാമന്റെ മറുപടി. bat എന്നെഴുതിയാല്‍ bowl എന്നും. mickey ക്ക് minney എന്നും, google-ന് yahoo എന്നും ഉരുളയ്ക്കുപ്പേരി പോലെ അമ്മാമന്റെ മറുപടി വരും. അന്നന്ന് അമ്മാമന് പുതുതായി എന്തു ടൈപ്പു ചെയ്യും എന്നായി ചിന്നൂന് ഊണിലും ഉറക്കത്തിലും ചിന്ത. അതിനായി അവിടേയും ഇവിടേയും കണ്ട പല പുതിയ വാക്കുകളും അവന്‍ പഠിച്ചു.
ഒരു ദിവസം ചിന്നുവിനേക്കാള്‍ വലിയ കുറുമ്പ് അച്ഛന്‍ കാണിച്ചു. ചായ കുടിച്ച് കമ്പ്യൂട്ടറും നോക്കിയിരിക്കേ, കൈ തട്ടി ചായ മുഴുവന്‍ കീബോര്‍ഡിലേക്ക്! ഒന്നും രണ്ടുമല്ല, മിക്കവാറും കീകളും വര്‍ക്ക് ചെയ്യാതായി :( പക്ഷേ ചിന്നൂന്റെ ചാറ്റിങ്ങ് എന്നിട്ടും മുടങ്ങിയില്ല. അവന് ചാറ്റ് ചെയ്യാന്‍ നാലഞ്ചു കീകള്‍ തന്നെ ധാരാളം! അപ്പുറത്തിരിക്കുന്ന അമ്മാമന്റെ ക്ഷമ അപാരം എന്നു പ്രത്യേകം പറയേണ്ടല്ലോ!
4 അഭിപ്രായങ്ങൾ:
:)
അനീത്തി പണ്ടയച്ചിരുന്ന കത്തുകള്‍ ഓര്‍മ്മ വന്നു, നാലഞ്ചു പേജ് നിറച്ചും a..c....e ബ്ലാങ്ക്സ് എനിക്ക് ഫില്ല് ചെയ്യാനാ:)
ഇത്രയും ഉത്സാഹിയായ ചിന്നുവിനു ഒരു പുതിയ ലാപ്ടോപ് വാങ്ങിക്കൊടുക്കാന്‍ ചിന്നുവിനു വേണ്ടി ഞങ്ങള്‍ ആവശ്യപ്പെടണോ? ;)കുറഞ്ഞ പക്ഷം അച്ഛനു അടുത്ത തവണ എല്ലാ കീകളും മോശമാക്കാനായിട്ടെങ്കിലും?? (എല്ലാ വീട്ടിലേയും ഒരു കീബോഡ് ചായയോ വെള്ളമോ വീണു തന്നെ കേടാവണം എന്നു നിയമം ഉള്ളതുപോലെ)
:)
ആ അമ്മാവനെ ഒന്ന് കാണിച്ചേര്വോ? പൂവിട്ട് തൊഴാനാ :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ