ചൊവ്വാഴ്ച, മാർച്ച് 27, 2012

ബാര്‍ബി അമ്മൂമ്മ

"അമ്മൂമ്മേ, അമ്മൂമ്മേടെ അമ്മേടെ പേരെന്താ?"
"ലക്ഷ്മിക്കുട്ടി"
"അമ്മൂമ്മേടെ അമ്മൂമ്മയുടെ പേരോ?"
"കുഞ്ഞിക്കാളി"
"ആ അമ്മൂമ്മെടെ അമ്മയോ?"
"ഊലി അമ്മൂമ്മ"
"അയ്യേ, അതെന്തൊരു പേരാ??"
"ആ.. അത് പണ്ടുള്ളൊരു പേരാ മോളെ... എനിക്കും ആ പേര്‍ ഇടാനിരുന്നതാ. പക്ഷേ ഊലിയമ്മൂമ്മ പറഞ്ഞു. 'എന്റെ പേരൊന്നും ഇടണ്ട. അതിലും എത്രയോ നല്ല പേരുകളുണ്ട്. ദേവകി എന്നായിക്കോട്ടെ' എന്ന്"
"അത് ഭാഗ്യായി. എനിക്ക് ഊലി എന്ന പേര്‍ ഒട്ടും ഇഷ്ടായില്ല!"
അമ്മൂമ്മ പതിയെ ചിരിച്ചു.
"ഊലിയമ്മൂമ്മയുടെ അമ്മയുടെ പേരറിയോ, അമ്മൂമ്മയ്ക്ക്?"
"അതെനിക്കോര്‍മയില്ല, മോളേ"
 
ഇത് ഞാനും എന്റെ അമ്മൂമ്മയും തമ്മില്‍ വര്‍ഷങ്ങള്‍ ഒരുപാട് മുന്‍പ് നടന്ന സംഭാഷണമാണ്‌. ദേവൂനോട് ഇതിനെപ്പറ്റി പറയണം എന്ന് കുറച്ച് ദിവസങ്ങളായി വിചാരിക്കുന്നു. അവളുടെ അമ്മൂമ്മയുടെ അമ്മൂമ്മയുടെ അമ്മൂമ്മയുടെ പേര്‍ വരെ എനിക്കറിയാമെന്നതും, ഏഴ് തലമുറ വരെ മേലോട്ട് കുടുംബചരിത്രം അറിയാമെന്നതും നിസ്സാര കാര്യമല്ലല്ലോ.

"ദേവൂ, ദേവൂന്റെ അമ്മയുടെ പേരെന്താ?"
ഇതെന്തൊരു ചോദ്യം എന്ന മട്ടില്‍ അവളെന്നെ നോക്കി. "പ്രീതി"
"ദേവൂന്റെ അമ്മൂമ്മയുടെയോ?"
"ബാര്‍ബി"
"ഏഹ്.. എന്താന്ന്?"
"ബാര്‍ബി അമ്മൂമ്മ... എനിക്കു അങ്ങനെയേ പറയാന്‍ അറിയൂ". ദേവു കൈ മലര്‍ത്തി.

ഭാര്‍ഗ്ഗവിയെ ആണ്‌ അവള്‍ ബാര്‍ബി ആക്കിയത് :) അതോടെ ഏഴു തലമുറയുടെ കഥ അവിടെ നില്‍ക്കട്ടെ എന്നായി ഞാന്‍. ആദ്യം അവള്‍ സ്വന്തം അമ്മൂമ്മയുടെ പേര്‍ പഠിക്കട്ടെ! അമ്മയോട് ഇതു പറഞ്ഞ് ചിരിച്ചപ്പോള്‍, "അവളെ പറഞ്ഞിട്ടെന്തു കാര്യം? കടിച്ചാല്‍ പൊട്ടാത്ത പേരായാല്‍ എന്തു ചെയ്യും അവള്‍" എന്നു അമ്മയും. :)

ബുധനാഴ്‌ച, മാർച്ച് 14, 2012

A boring day!

ഞായറാഴ്ച വൈകീട്ട് സോഫായിലിരുന്ന് അലസമായി ടിവി കാണുന്നതിനിടയില്‍ ചിന്നൂന്റെ കമന്റ്:
"ഇന്ന് ഒരു boring day ആയിരുന്നു. There was no fun!"
"അതു ശരി. എന്താണ്‌ നിനക്കു fun? അതു പറ"
"എനിക്കോ? There are only 3 things that are fun. 1) Playing cricket with achhan in the driveway 2) Playing a chess tournament 3) Eating cookies you make. ഇന്ന് കളിക്കാന്‍ വിളിച്ചപ്പോള്‍ അച്ഛന്‍  വന്നില്ല. There was no chess tournament today. And you didn't make me any cookies. So a boring day!"
"ഇന്നലെ നീയൊരു ചെസ്സ് ടൂര്‍ണമെന്റിന്‌ പോയതല്ലേയുള്ളൂ??"
"അത് ഇന്നലെയല്ലേ?"
"രണ്ടു ദിവസം മുമ്പല്ലേ ഞാന്‍ cookies ഉണ്ടാക്കിയത്??"
"അത് രണ്ട് ദിവസം മുന്നല്ലേ?"
ഞാന്‍ തോറ്റു! കുട്ടികള്‍ക്ക് ഇങ്ങനെ ബോറടിച്ചാല്‍ എന്ത് ചെയ്യാന്‍ പറ്റും??

തിങ്കളാഴ്‌ച, മാർച്ച് 05, 2012

Dr. Suess ഉം Miss Timberly യും Timeout ഉം

Dr. Suess ന്റെ പിറന്നാള്‍ പ്രമാണിച്ച് സ്കൂളില്‍ പ്രത്യേകം programs ഉണ്ടായിരുന്നു വെള്ളിയാഴ്ച. Dr.Suess-ന്റെ books ഉള്ളവര്‍ അതു സ്കൂളിലേയ്ക്ക്   കൊണ്ടു വരണം എന്ന് പ്രത്യേകം പറഞ്ഞിരുന്നു, മിസ്സ് ടിംബര്‍ലി. കുട്ടികള്‍ കൊണ്ടുവരുന്ന പുസ്തകങ്ങള്‍ മിസ്സ് എല്ലാവര്‍ക്കും വായിച്ചു കൊടുക്കും. ദേവു തലേന്നു തന്നെ ഓര്‍ത്ത് "Cat in the hat" അവളുടെ ബാഗിലെടുത്തു വെച്ചു.

വൈകീട്ട് അച്ഛനും മോളും വന്നു കയറിയപ്പോളേക്കും ഞാന്‍ അതാണോര്‍ത്തത്.
"ദേവൂന്റെ book വായിച്ചോ മിസ്സ്  ഇന്ന്?"
"ഇല്ല...എന്റെ book മാത്രം വായിച്ചില്ല മിസ്സ് ടിംബര്‍ലി" ചിരിച്ചു കയറി വന്ന ദേവൂന്റെ മുഖം വാടി.
"മിസ്സിന്‌ ഒരു timeout കൊടുക്കാന്‍ തോന്നി എനിക്ക്".
!! :)