ശനിയാഴ്‌ച, സെപ്റ്റംബർ 24, 2011

Boys are rude!!

ദേവൂന്റെ ക്ലാസ്സിലെ ആണ്‍കുട്ടികളില്‍ അധികവും നല്ല കുറുമ്പന്മാരാണ്‌. മിക്കവാറും എന്നും തന്നെ റീസ് മുടി പിടിച്ചു വലിച്ചെന്നും മറ്റും പരാതിയുമായിട്ടായിരിക്കും അവളുടെ വരവ്‌. ടീച്ചറും പറഞ്ഞു ആണ്‍കുട്ടികളെക്കൊണ്ടു തോറ്റു എന്നു്‌.

പക്ഷേ,
വീട്ടില്‍ ദേവൂന്റെ ഏട്ടന്‍ പാവാണ്‌. എട്ടു വയസ്സുകാരന്‍ ഒരു നാലു വയസ്സുകാരനാവുന്നതു കാണാം ദേവൂന്റെ ഒപ്പം കൂടുമ്പോള്‍. "ചിന്നൂ.." എന്നൊരു അധികാരത്തിലേ അവള്‍ വിളിക്കൂ. "ഏട്ടാ.." എന്നു വിളിക്കണം എന്നൊക്കെ പറഞ്ഞ് പറഞ്ഞ് അമ്മയ്ക്ക് മടുത്തു. ചിന്നൂനും അവളുടെ വിളിയാണിഷ്ടം.

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും ഇടയ്ക്ക് ദേവൂന്റെ അധികാരമെടുക്കല്‍ കൂടുമ്പോള്‍ ചിന്നൂന്റെ ക്ഷമ കെടും. അപ്പോള്‍ കുഞ്ഞനിയത്തിയോടുള്ള സ്നേഹമൊക്കെ അവന്‍ മറക്കും. അവളെ ഉന്തിയിടുകയോ, ടോയ് തിരികെ തട്ടിപ്പറിച്ച് വാങ്ങുകയോ ചെയ്യും. അങ്ങനെ എന്തോ ആണ്‌ അന്നുണ്ടായത്. കണ്ടു നിന്ന അച്ഛനും മോനെ സപ്പോര്‍ട്ട് ചെയ്തു. ഇതു ദേവൂന്‌ സഹിച്ചില്ല. ചുണ്ടു പിളര്‍ത്തി വാവിട്ടു കരഞ്ഞ് അവള്‍ എന്റെ അടുത്തേയ്ക്ക് ഓടി വന്നു. എന്റെ തോളത്തു ചാഞ്ഞ് അവള്‍ ഏങ്ങിക്കൊണ്ടാണ്‌ പറഞ്ഞത്.
"അമ്മാ... Boys are rude!!" !
ആഹാ! boys
അങ്ങനെ പക്ഷം ചേരുകയാണെങ്കില്‍ അമ്മ ഉറപ്പായും ദേവൂന്റെ പക്ഷം ചേരണ്ടേ?! :)

ഞായറാഴ്‌ച, സെപ്റ്റംബർ 18, 2011

ദു:സ്വപ്‌നങ്ങള്‍

കുറച്ചു നാളായി കുട്ടിച്ചാത്തന്മാരും ലുട്ടാപ്പികളും മന്ത്രവാദിനികളും ദേവൂന്റെ കൂട്ടുകാരാണ്. അവളുടെ വരകളിലും കഥകളിലും എല്ലാം അവരുണ്ട്. അപ്പോള്‍ പിന്നെ രാത്രി സ്വപ്നങ്ങളില്‍ അവര്‍ വരുന്നതില്‍ അത്ഭുതമൊന്നും ഇല്ലല്ലോ. "ദേവു bad ഡ്രീം കാണുന്നു, അമ്മാ". ചുണ്ട് വിടര്‍ത്തി അവള്‍ പരിഭവം പറയുന്നു.
"മോള്‍ ഉണ്ണിക്കണ്ണനെ വിളിച്ച് ഉറങ്ങി നോക്ക്..."
" ഉണ്ണിക്കണ്ണാ, സ്വപ്നത്തില്‍ എന്റെ കൂടെ കളിക്കാന്‍ വരാമോ? ... ദേവൂന് ഇന്ന് bad ഡ്രീം ഒന്നും കാണണ്ട " എന്നും പറഞ്ഞു ഉറങ്ങി അവള്‍.

പത്ത് മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മുമ്മ അമ്മയോട് ഇത് തന്നെ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അമ്മയുടെ വിളി കേള്‍ക്കാന്‍ ഉണ്ണിക്കണ്ണന്‍ ഇന്ന് വരെ അമ്മയുടെ സ്വപ്നത്തില്‍ എത്തിയിട്ടില്ലെന്നും പാവം എന്റെ കുഞ്ഞ്‌ അറിയേണ്ട!