ചൊവ്വാഴ്ച, ജനുവരി 03, 2006

കാര്‍ത്തിക്കിനുള്ള പിറന്നാള്‍ സമ്മാനം



കാര്‍ത്തിക്കിന്‌ വരുന്ന ആഴ്ച മൂന്ന് വയസ്സ്‌ തികയും. ആഘോഷത്തിന്‌ ക്ഷണിക്കാന്‍ നിത്യ ദിവസങ്ങള്‍ക്കു മുന്‍പേ വിളിച്ചിരുന്നു. അതോര്‍ത്ത്‌ ക്രിസ്മസ്‌ ഷോപ്പിങ്ങിനൊപ്പം അവനുമൊരു സമ്മാനം വാങ്ങി. കഴിഞ്ഞ മാസം നിക്കിയുടെ പിറന്നാളിന്‌, അച്ഛനും അമ്മയും ഒരു ടോയ്‌ കൊണ്ടു കൊടുത്തത്‌ ചിന്നുവിനത്ര പിടിച്ചില്ലെന്നതോര്‍ത്തിട്ട്‌, ചിന്നു കാണാതെ കോട്ടുകള്‍ തൂക്കിയിടുന്ന മുറിയുടെ കോണില്‍ കാര്‍ത്തിക്കിനുള്ള കളിപ്പാട്ടം ഒതുക്കി വെച്ചു. ശനിയാഴ്ച വരെ അതവിടെ ഭദ്രമായിരിക്കുമെന്നും, അന്നു രാത്രി ചിന്നു ഉറങ്ങിയ ശേഷം സമ്മാനം പൊതിഞ്ഞു കെട്ടാമെന്നും ഒക്കെയാണ്‌ അമ്മ കരുതിയത്‌.

ഇന്നലെ അമ്മ അടുക്കളയില്‍ തിരക്കിനിടയില്‍ ഒരു ശബ്ദം കേട്ടാണ്‌ ആ വഴി നോക്കിയത്‌. കണ്ടതോ, ചിന്നു കാര്‍ത്തിക്കിനായി കരുതിയ സമ്മാനം ബുദ്ധിമുട്ടി വലിച്ചിഴച്ച്‌ കൊണ്ടു വരുന്നു! കോട്ടെടുത്തിട്ട്‌ അച്ഛന്‍ മുറിയുടെ വാതില്‍ അടച്ചില്ല!
"ഇതു തുറക്കണം...അമ്മാ..."
"ചിന്നൂസേ...അതു നമ്മള്‍ കാര്‍ത്തിക്കിനു കൊടുക്കാന്‍ വാങ്ങിയതല്ലേ??.."
"കാര്‍ത്തിക്കിനിത്‌ കൊടുക്കണ്ട!"
"അങ്ങനെ പറയാമോ കുട്ടാ...ചിന്നൂന്റെ പിറന്നാളിന്‌ ആരും സമ്മാനം തന്നില്ലെങ്കില്‍ ചിന്നൂന്‌ സങ്കടാവില്ലേ?" അച്ഛന്‍ ആവത്‌ പറഞ്ഞു നോക്കി. ചിന്നു ദു:ഖഭാവത്തില്‍ കളിപ്പാട്ടത്തിനു മീതെ കിടപ്പായി. അങ്ങനേ കൊച്ചിലേ കുട്ടിയുടെ ദുര്‍വാശികളൊക്കെ സമ്മതിച്ചു കൊടുത്ത്‌ വഷളാക്കേണ്ടെന്നു വെച്ച്‌ അച്ഛനും അമ്മയും കുറച്ചു നേരം മാറിയിരുന്നു.

ചിന്നുവിന്‌ പിടിച്ച വാശി തന്നെ! അവനതിനു മീതെ നിന്ന്‌ മാറിയതേയില്ല...അമ്മയുടെ മനസ്സലിഞ്ഞു. അച്ഛന്റെ സമ്മതം വാങ്ങി ചിന്നുവിന്‌ കളിപ്പാട്ടം തുറന്നു കൊടുത്തു. ചിന്നുവിന്റെ മനസ്സും മുഖവും ഒരു പോലെ വിടര്‍ന്നു.
"എന്റെ മോന്‍ ഇത്ര കൊതിച്ചത്‌ കാര്‍ത്തിക്കിന്‌ കൊടുക്കുന്നതെങ്ങനെ?! അതു ശരിയാവുമോ?!"അമ്മ ആത്മഗതം ചെയ്തതിന്‌ പക്ഷേ ചിന്നു ഉത്തരം പറഞ്ഞു. "ശരിയാവില്ല...."
അച്ഛനും അമ്മയ്ക്കും ചിരി അടക്കാനായില്ല.കൂടെ ചിന്നുവും മനം നിറഞ്ഞ്‌ ചിരിച്ചു! അവനിതു കൂടെ പറഞ്ഞു.."കാര്‍ത്തിക്കിന്‌ വേറെ സമ്മാനം വാങ്ങണം"
"നമുക്കു വാങ്ങിക്കൊടുക്കാം..കേട്ടോ..."
അന്നേരം ചിന്നുവിനതും വേണ്ടി വരുമെന്നറിഞ്ഞിട്ടും അമ്മ പറഞ്ഞു.

കളിപ്പാട്ടം പുറത്തെടുക്കാന്‍ ചിന്നു വൈകിച്ചില്ല. അതൊരു റെയില്‍വേ ട്രാക്ക്‌ മെനഞ്ഞെടുക്കാനുള്ള ബ്ലോക്ക്സ്‌ ആയിരുന്നു. ബ്ലോക്ക്സെല്ലാം മുറിയില്‍ പരന്നിട്ടും അവ എങ്ങനെ ഘടിപ്പിക്കണം എന്ന് ചിന്നുവിന്‌ തിരിഞ്ഞില്ല. പതിവു പോലെ ആ ദൌത്യം അച്ഛന്‍ ഏറ്റെടുത്തു. ചിതറിക്കിടക്കുന്ന കഷ്ണങ്ങളില്‍ നിന്നും അച്ഛന്‍ ആവേശത്തോടെ ഒരു റെയില്‍വേ സ്റ്റേഷന്‍ ഉണ്ടാക്കി എടുക്കുമ്പോള്‍ അമ്മയ്ക്കൊപ്പം ചിന്നുവും ഒരു കാഴ്ചക്കാരനായി ഒതുങ്ങി!

അഭിപ്രായങ്ങളൊന്നുമില്ല: