ചിന്നുവും കൃഷിയും തമ്മിലുള്ള ചങ്ങാത്തത്തിന് ഒരൊന്നര കൊല്ലത്തെ പഴക്കമുണ്ട്. (കൃഷി എന്നാല്‍ തെലുങ്കില്‍ ഉണ്ണികൃഷ്ണന്‍ എന്നാണത്രെ!) മമ്മയുടെ വീട്ടില്‍ ആദ്യമായി തമ്മില്‍ കണ്ടപ്പോള്‍ ചിന്നൂന് ഒരു വയസ്സ്, കൃഷിക്ക് ആറ് മാസവും! അവിടുന്നിങ്ങോട്ട് കൊടുത്തും വാങ്ങിയും ചിരിച്ചും കളിച്ചും ഇടയ്ക്ക് വഴക്കിട്ടും കരഞ്ഞും അവര്‍ ഒന്നിച്ച് വളരുന്നു. "No..No.. ..ഷീ...അതു വേണ്ട" എന്നൊക്കെ ശാസിച്ചും അവന്‍ ചെയ്യുന്ന ഓരോ കുറുമ്പും മമ്മയ്ക്ക് അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തും ചിന്നു പലപ്പോഴും ഒരു ചേട്ടന്റെ അധികാരമെടുത്തു. ചിന്നുവിന്റെ സോക്ക്സ് ഇടയ്ക്കൂരാന്‍ നോക്കിയും അവന്റെ ബ്ലോക്ക്സ് സൃഷ്ടികള്‍ തട്ടിമറിച്ചിട്ടും കൃഷി ഒരു വികൃതിയായ അനിയന്റെ റോള്‍ ഭംഗിയായി ചെയ്യുന്നു.
"ഷീ..." എന്ന സ്നേഹം നിറഞ്ഞ വിളിയില്‍ നിന്ന് 'കിചീ.." എന്ന കൊഞ്ചല്‍ വിളിയിലേക്ക് ചിന്നു മാറിയത് ഈയിടെയാണ്. അത് മമ്മയില്‍ നിന്ന് കിട്ടിയതാണെന്ന് തോന്നുന്നു.
"കിചി നമ്മടെ വീട്ടില് വരണം..മ്മാ"
വീട്ടില്‍ വരുമ്പോള്‍ ചിന്നു ചിലപ്പോളെങ്കിലും കൃഷിയെ മിസ്സ് ചെയ്യുന്നു.
"അമ്മ കൃഷിയെ ഫോണ്‍ വിളിക്കണം..അമ്മാ.."
ഫോണ്‍ വലിച്ചിഴച്ച് ചിന്നു വരുന്നു.
"ചിന്നു വിളിച്ചോളൂ.."
"അമ്മ വിളിക്കണം"
അമ്മ ടോയ് ഫോണ്‍ ഡയല്‍ ചെയ്യുന്നു.
"ഹലോ...കൃഷിയാണോ??"
"ഇതു ചിന്നൂന്റെ അമ്മയാണ്...ഷീ"
"കൃഷി പാല്‍ കുടിച്ചോ? എന്തു ചെയ്യായിരുന്നു അവിടെ??"
സംസാരം നീളുന്നു. നിര്‍ത്താന്‍ ചിന്നു സമ്മതിക്കില്ല! ഫോണ്‍ ഡയല്‍ ചെയ്ത് അമ്മയുടെ കൈ കഴച്ചു. ഒരു ഒന്നര വയസ്സുകാരനോടുള്ള സങ്കല്‍പസല്ലാപത്തിന് വിഷയങ്ങളന്വേഷിച്ച് അമ്മ വലയുന്നു! അമ്മയുടെയും ചങ്ങാതിയുടെയും സംസാരം ചിന്നു ചിരിച്ചാസ്വദിക്കുന്നു!
ഇത് ഈയിടെ മിക്കവാറും ദിവസങ്ങളില്‍ ആവര്‍ത്തിക്കുന്നു.അതിനിടെ മമ്മ പറഞ്ഞാണറിഞ്ഞത്... മമ്മയുടെ വീട്ടില്‍ വെച്ച് ചിന്നു അവന്റെ അമ്മയെ വിളിക്കുമത്രേ...."ഹലോ..അമ്മയല്ലേ??" എന്നിട്ട് ഫോണും കൊണ്ട് കൃഷിയുടെ അടുത്തെയ്ക്കോടും. ഫോണ്‍ കൃഷിയുടെ ചെവിയില്‍ ചേര്‍ത്തു വെയ്ക്കും."കിചീ...ചിന്നൂന്റെ അമ്മയാ...വര്‍ത്താനം പറഞ്ഞോ.."വാക്കു കൂട്ടിച്ചൊല്ലാത്ത കുഞ്ഞ് എന്തു പറയാനാണ്? :) അവനത് തട്ടി മാറ്റും... എന്നാലും ചിന്നു പിന്നെയും ശ്രമിച്ചു കൊണ്ടേയിരിക്കുമത്രേ.
അമ്മയ്ക്കും കൂട്ടുകാരനുമിടയില്‍ ചങ്ങാത്തം വളര്‍ത്തുകയാണോ ചിന്നൂസ്? ആര്‍ക്കറിയാം....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ