വ്യാഴാഴ്‌ച, ഫെബ്രുവരി 09, 2006

അത്‌ പാട്ടല്ല!!

ചിന്നൂന്‌ പാട്ട്‌ കേള്‍ക്കാന്‍ ഇഷ്ടമാണ്‌. അലൈ പായുതേ.. മുതല്‍ ലജ്ജാവതി വരെ നീളുന്നു ചിന്നുവിന്റെ പ്രിയ ഗാനങ്ങള്‍! അവന്റെ മറ്റു ചില പ്രിയ ഗാനങ്ങള്‍ കൂടെ പറയാതിരിക്കാന്‍ തരമില്ല. "ഓ..സൈനബാ... മറുകുള്ള (!) സൈനബാ.." "ചെന്താമരയേ..വാ... മന്ദാകിനിയായ്‌ വാ", "ട്വിന്‍കിള്‍ ട്വിന്‍കിള്‍", "ചാഞ്ചാടിയാടി...".

അച്ഛന്റേയോ അമ്മയുടേയോ കാറില്‍ പാട്ടല്ലാതെ മറ്റൊന്നും കേള്‍ക്കാന്‍ ചിന്നു സമ്മതിക്കില്ല.
"പാട്ടു വെയ്ക്കണം!" കല്‍പന കേള്‍ക്കേണ്ട താമസം അച്ഛനും അമ്മയും റേഡിയോ മാറ്റി സി.ഡി. ഓണ്‍ ആക്കും. മലയാളം ടിവി വന്നതില്‍ പിന്നെ പുതിയ പാട്ടുകളെ പ്പറ്റി ചിന്നൂന്‌ നല്ല അവഗാഹമാണ്‌. അതു വരെ കേള്‍ക്കാത്ത പാട്ടെങ്ങാന്‍ ടിവി യില്‍ വന്നാല്‍ കളിച്ചിരുന്ന കുട്ടി " ഇതു പുതിയ പാട്ടാ..." എന്നു പറഞ്ഞ്‌ ഓടി വരും.

ഇത്ര സംഗീതജ്ഞാനിയായ ചിന്നൂന്‌ ഒരു നാള്‍ അച്ഛന്‍ 'റോളിംഗ്‌ സ്റ്റോണ്‍' ബാന്‍ഡിന്റെ തകര്‍പ്പന്‍ പ്രകടനം കാണിച്ചിട്ട്‌ 'ഇതാണ്‌ ഇംഗ്ലീഷ്‌ മ്യൂസിക്‌" എന്നു ചൊല്ലിക്കൊടുത്തു. സൂപ്പര്‍ ബോള്‍ ഹാഫ്‌ ടൈം ഷോ ആണ്‌ സംഭവം. തൊണ്ടയ്ക്ക്‌ താങ്ങാവുന്നതിലുമപ്പുറം വോല്യത്തില്‍ അലറി സ്റ്റേജ്‌ മുഴുവന്‍ വിറളി പിടിച്ചു നടക്കുന്ന റോളിംഗ്‌ സ്റ്റോണിന്റെ മെയിന്‍ സിങ്ങറെ നോക്കി ചിന്നു പ്രഖ്യാപിച്ചു "അതു പാട്ടല്ല!!". ആണെന്ന് സ്ഥാപിക്കാന്‍ വലിയ പോയിന്റ്സ്‌ ഒന്നും കിട്ടാഞ്ഞതു കൊണ്ട്‌ അച്ഛനും അമ്മയും അതങ്ങു സമ്മതിച്ചു കൊടുത്തു.

1 അഭിപ്രായം:

ശനിയന്‍ \OvO/ Shaniyan പറഞ്ഞു...

വളരെ സത്യം.. അതു പാട്ടാണോ എന്ന കാര്യത്തില്‍ എനിക്കിപ്പൊഴും സംശയമുണ്ട്‌.. :-) സംഗീതം കാതിനിമ്പമുള്ളതാകണം എന്നതാണ്‌ എന്റെ അഭിപ്രായം. സിഗ്നല്‍ അല്ലാത്തതൊക്കെ നോയിസ്‌ ആണെന്ന പഴയ ഇ.ഇ തത്വം മരന്നു കാണില്ലാ എന്നു കരുതുന്നു ;-)