വിരുതന്‍ ശങ്കുവായ ജെറിയും ജെറിയുടെ സൂത്രക്കെണികളില്‍പെട്ട് വലയുന്ന പാവം ടോം പൂച്ചയും ചിന്നുവിന്റെ കൂട്ടുകാരായിട്ട് കുറച്ചു നാളായി. പലപ്പോഴും ചിന്നുവിന്റെ കൂടെ ജെറിയുടെ വികൃതികള്‍ ആസ്വദിക്കാന്‍ അച്ഛനും കൂടും. രണ്ടു പേരും ഒരുമിച്ചിരുന്ന് നിറുത്താതെ ചിരിക്കും. ചിന്നുവിന് പക്ഷേ ടോമിനോട് വലിയ സഹതാപമാണ്. ജെറിയെന്തിനാണിങ്ങനെ പാവം ടോമിനെ ഉപദ്രവിക്കുന്നതെന്ന് ചിന്നുവിന് മനസ്സിലാവാറില്ല.
ഇത്തവണ അമ്മുമ്മയും മുത്തച്ഛനും ചിന്നുവിന് രണ്ട് ഇലത്താളം കൊടുത്തു വിട്ടിരുന്നു. ഇടയ്ക്ക് അമ്മയും ചിന്നുവും കൂടി അതു കൊട്ടി 'രാമ രാമ രാമ രാമ രാമ രാമ പാഹിമാം' ചൊല്ലും. രണ്ടു ദിവസം മുന്‍പൊരു വലിയ ശബ്ദം കേട്ട് അമ്മ നോക്കിയപ്പോഴുണ്ട്, ചിന്നു ഇലത്താളം വട്ടത്തില്‍ കറക്കി ഒരേറ് എറിഞ്ഞതാണ്! ചെന്നു വീണത് ഭാഗ്യത്തിന് ഫയര്‍പ്ലേസിന്റെ അടിയില്‍!
"ചിന്നൂ, എന്തായിത്? അതെങ്ങാന്‍ ടിവിയില്‍ ചെന്ന് കൊണ്ടിരുന്നെങ്കിലോ?? പൊട്ടിപ്പോവില്ലായിരുന്നോ?!"
"ടിവി പൊട്ടിയാല്‍ ടോമും ജെറിയും പുറത്തയ്ക്ക് വരോ?!"
"ടോമും ജെറിയും പുറത്തേക്ക് വരേ?! അവരെ കാണാന്‍ കൂടെ പറ്റാണ്ടാവും!"
"അല്ല, ടോമും ജെറിയും അതിനകത്തുണ്ട്. ടിവി പൊട്ടിയാല്‍ അവര് പുറത്തേക്ക് വരൂലോ"
ഈശ്വരാ... എന്റെ കുഞ്ഞിന് ഒന്നു പറഞ്ഞു കൊടുക്കണേ!
2 അഭിപ്രായങ്ങൾ:
ഇങ്ങോട്ടു വിട്ടോളൂ.. :)പറഞ്ഞു കൊടുക്കാം.
ബിന്ദു, :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ