മലയാളവും ഇംഗ്ലീഷും പോരാണ്ട് ചിന്നു ഇപ്പോള്‍ സ്കൂളീന്ന് സ്പാനിഷും പഠിക്കുന്നുണ്ട്. വൈകീട്ട് വീട്ടില്‍ എത്തിയാല്‍ അന്ന് പഠിച്ച വാക്കുകളൊക്കെ അച്ഛനും അമ്മയ്ക്കും പറഞ്ഞു തരും. ബ്ലൂവിന് ‘അസുല്‍’, റെഡിന് ‘റൊഹോ’, ഗ്രീനിന് ‘വേര്‍ഡെ’...അങ്ങനെ നിറങ്ങളൊക്കെയേ ഇപ്പോള്‍ പഠിച്ചിട്ടുള്ളൂ. പക്ഷേ അത് അച്ഛനും അമ്മയ്ക്കുമല്ലേ അറിയൂ, മുത്തച്ഛനും അമ്മൂമ്മയ്ക്കും അറിയില്ല്ലല്ലോ. കിട്ടിയ ചാന്‍സിന് ഒന്ന് ആളാകാമെന്ന് ചിന്നുവും കരുതി.
“മുത്തച്ഛന് സ്പാനിഷ് അറിയോ?”
“ഇല്ല്യല്ലോ”
“ചിന്നു പഠിപ്പിക്കാം... ചിന്നൂന് സ്പാനിഷ് ഒക്കെ അറിയാം.”
“ഉവ്വോ... പഠിപ്പിച്ചോളൂ എന്നാല്‍”
“ബ്ലുവിന്റെ സ്പാനിഷ് “അസുല്‍’“
“അസുല്‍”
“ഇനി... റെഡിന് റൊഹോ”
“റൊഹോ”
“ഗ്രീനിന് സ്പാനിഷ് വെര്‍ഡെ”
“വെര്‍ഡെ”
കൈയിലെ സ്റ്റോക്കൊക്കെ വേഗം തീര്‍ന്നു. പക്ഷേ അതു സമ്മതിച്ചു കൊടുക്കുന്നതെങ്ങനെ? “വാതിലിന് സ്പാനിഷ് എന്താ ചിന്നു?”
“ഡോറിന്..... വോട്ടി” !
“പശുവിനോ?”
“കൊക്കൊക്കൌ” !!
വായില്‍ തോന്നിയതൊക്കെ ചിന്നൂന് സ്പാനിഷ് ആണെന്ന് മുത്തച്ഛനും അമ്മുമ്മയ്ക്കും വൈകാതെ മനസ്സിലായി. ഏതു വാക്കു ചോദിച്ചാലും അവന് അതിന്റെ സ്പാനിഷ് തര്‍ജ്ജമ ഉണ്ടാക്കിക്കൊണ്ടേയിരുന്നു. അവര്‍ക്ക് നല്ലൊരു ചിരിക്ക് വകയായി.
“ചിന്നു ഇന്ന് മുത്തച്ഛനേയും അമ്മൂമ്മയേയും സ്പാനിഷ് പഠിപ്പിച്ചൂലോ..” വൈകീട്ട് അച്ഛനും അമ്മയും എത്തിയതേയുള്ളൂ. അദ്ധ്യാപകരായിരുന്ന മുത്തച്ഛനും അമ്മൂമ്മയ്ക്കും മുമ്പില്‍ ചിന്നു ഒരു സ്പാനിഷ് ടീച്ചറുടെ വേഷം കെട്ടിയ കഥ അങ്ങനെയാണ് അച്ഛനും അമ്മയും അറിഞ്ഞത്.
ശനിയാഴ്ച, ഫെബ്രുവരി 24, 2007
വ്യാഴാഴ്ച, ഫെബ്രുവരി 15, 2007
ചെണ്ടക്കാരന് ചിന്നൂസ്

“ചിന്നൂന് എന്താ വേണ്ടത് നാട്ടീന്ന്?”
“ഒരു ഡ്രം.. അതു മാത്രം മതി”.
ഉത്തരം ഒട്ടും വൈകിയില്ല. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ കൊണ്ടു വന്ന ചെണ്ട കളിച്ചു മതിയാവും മുമ്പ് പൊട്ടിപ്പോയത് അവന് മറന്നിട്ടില്ല്ല. ഫോണ്‍ വെച്ചതും പിന്നെ ചിന്തകളായി. “ചെണ്ട എന്തു കളറാവും? ചെണ്ടക്കോല് ബ്ലു ആവുമോ ആവോ?”
എയര്‍പോര്‍ട്ടില്‍ ബാഗേജിനായി കാത്തുനില്ക്കുമ്പോള് അമ്മൂമ്മയോട് ചിന്നൂന്റെ ചോദ്യം. “ ചെണ്ട ഏതു ബാഗിലാ?”. അമ്മുമ്മയും മുത്തച്ഛനും എത്താന്‍ വൈകിയിട്ടും ഉറങ്ങാതെ ചിന്നു എയര്‍പോര്‍ട്ടിലേക്ക് പോയത് പിന്നെ എന്തിനാ?
അങ്ങനെ ചിന്നൂന് ഒന്നല്ല, രണ്ട് ചെണ്ട കിട്ടി. ഒന്ന് മുത്തച്ഛന് ഇഷ്ടപ്പെട്ടത് , മറ്റൊന്ന് അമ്മുമ്മയ്ക്കും. പിന്നെ ചെണ്ട കഴുത്തിലിട്ട് നല്ല കൊട്ടു തന്നെ. “ചിന്നു ഇതെങ്ങനെ കൊട്ടാന്‍ പഠിച്ചു?” മുത്തച്ഛന് അത്ഭുതം. “അത് ചിന്നു ടിവീല് കണ്ടിട്ടുണ്ട്...”
അങ്ങനെ തല്ക്കാലം ഇവിടെ ചെണ്ടകളും ചെണ്ടക്കാരനും കൂടെ നല്ല ഘോഷമാണ്. ചെണ്ടപ്പുറത്ത് കയറി നില്ക്കാന് പറ്റുമോ എന്നൊക്കെ പരീക്ഷിച്ചു നോക്കി, ചിന്നു ചെണ്ടകള്‍ പൊട്ടിക്കുന്ന വരെയെങ്കിലും.
വ്യാഴാഴ്ച, ഫെബ്രുവരി 01, 2007
ചെറിയ തുടക്കങ്ങള്‍
ചിന്നൂന് അവന്റെ സ്കൂള്‍ ഇഷ്ടമായില്ലെന്ന്. കാരണം എന്തെന്നോ?
“അത് small കുട്ടികള്ക്കുള്ളതായോണ്ടാ എല്ലാടത്തും ‘small beginnings’ എന്ന് small ലെറ്റേര്‍സില്‍ എഴുതിയിരിക്കണേ. ചിന്നു അത്ര small ഒന്നും അല്ലല്ലോ. ചിന്നൂന് ബിഗ് ലെറ്റേര്‍സില്‍ 'BIG BEGINNINGS' എന്ന് എഴുതിയ സ്കൂളിലാ പോവണ്ടെ“.
:)
“അത് small കുട്ടികള്ക്കുള്ളതായോണ്ടാ എല്ലാടത്തും ‘small beginnings’ എന്ന് small ലെറ്റേര്‍സില്‍ എഴുതിയിരിക്കണേ. ചിന്നു അത്ര small ഒന്നും അല്ലല്ലോ. ചിന്നൂന് ബിഗ് ലെറ്റേര്‍സില്‍ 'BIG BEGINNINGS' എന്ന് എഴുതിയ സ്കൂളിലാ പോവണ്ടെ“.
:)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)