ശനിയാഴ്‌ച, ഫെബ്രുവരി 24, 2007

സ്പാനിഷ് ടീച്ചര്‍

മലയാളവും ഇംഗ്ലീഷും പോരാണ്ട് ചിന്നു ഇപ്പോള്‍ സ്കൂളീന്ന് സ്പാനിഷും പഠിക്കുന്നുണ്ട്. വൈകീട്ട് വീട്ടില്‍ എത്തിയാല്‍ അന്ന്‌ പഠിച്ച വാക്കുകളൊക്കെ അച്ഛനും അമ്മയ്ക്കും പറഞ്ഞു തരും. ബ്ലൂവിന് ‘അസുല്‍’, റെഡിന് ‘റൊഹോ’, ഗ്രീനിന് ‘വേര്‍ഡെ’...അങ്ങനെ നിറങ്ങളൊക്കെയേ ഇപ്പോള്‍ പഠിച്ചിട്ടുള്ളൂ. പക്ഷേ അത് അച്ഛനും അമ്മയ്ക്കുമല്ലേ അറിയൂ, മുത്തച്ഛനും അമ്മൂമ്മയ്ക്കും അറിയില്ല്ലല്ലോ. കിട്ടിയ ചാന്‍സിന് ഒന്ന് ആളാകാമെന്ന് ചിന്നുവും കരുതി.

“മുത്തച്ഛന് സ്പാനിഷ് അറിയോ?”
“ഇല്ല്യല്ലോ”
“ചിന്നു പഠിപ്പിക്കാം... ചിന്നൂന് സ്പാനിഷ് ഒക്കെ അറിയാം.”
“ഉവ്വോ... പഠിപ്പിച്ചോളൂ എന്നാല്‍”
“ബ്ലുവിന്റെ സ്പാനിഷ് “അസുല്‍’“
“അസുല്‍”
“ഇനി... റെഡിന് റൊഹോ”
“റൊഹോ”
“ഗ്രീനിന് സ്പാനിഷ് വെര്‍ഡെ”
“വെര്‍ഡെ”

കൈയിലെ സ്റ്റോക്കൊക്കെ വേഗം തീര്‍ന്നു. പക്ഷേ അതു സമ്മതിച്ചു കൊടുക്കുന്നതെങ്ങനെ? “വാതിലിന് സ്പാനിഷ് എന്താ ചിന്നു?”
“ഡോറിന്..... വോട്ടി” !
“പശുവിനോ?”
“കൊക്കൊക്കൌ” !!

വായില്‍ തോന്നിയതൊക്കെ ചിന്നൂന് സ്പാനിഷ് ആണെന്ന് മുത്തച്ഛനും അമ്മുമ്മയ്ക്കും വൈകാതെ മനസ്സിലായി. ഏതു വാക്കു ചോദിച്ചാലും അവന്‍ അതിന്റെ സ്പാനിഷ് തര്‍ജ്ജമ ഉണ്ടാക്കിക്കൊണ്ടേയിരുന്നു. അവര്‍ക്ക് നല്ലൊരു ചിരിക്ക് വകയായി.

“ചിന്നു ഇന്ന് മുത്തച്ഛനേയും അമ്മൂമ്മയേയും സ്പാനിഷ് പഠിപ്പിച്ചൂലോ..” വൈകീട്ട് അച്ഛനും അമ്മയും എത്തിയതേയുള്ളൂ. അദ്ധ്യാപകരായിരുന്ന മുത്തച്ഛനും അമ്മൂമ്മയ്ക്കും മുമ്പില്‍ ചിന്നു ഒരു സ്പാനിഷ് ടീച്ചറുടെ വേഷം കെട്ടിയ കഥ അങ്ങനെയാണ് അച്ഛനും അമ്മയും അറിഞ്ഞത്.

6 അഭിപ്രായങ്ങൾ:

ബിന്ദു പറഞ്ഞു...

അമ്പട മിടുക്കാ... :) എല്ലാവരേയും പറ്റിക്കുമൊ? വന്നാല്‍ കുഴപ്പമാവുമൊ എന്നറിയാനാണ്. ;)
ബ്ലോഗിന്റെ കെട്ടും മട്ടുമൊക്കെ മാറ്റിയല്ലൊ.

അജ്ഞാതന്‍ പറഞ്ഞു...

Hello,

You have been nominated for Kerala Blogger Awards 2006. More details are available here.

http://www.keralatips.org/kerala-blogs/kerala-blogger-awards-2006/

Just letting you know in case you haven't already seen it.

Regards,
Kerala Tips

അപ്പു ആദ്യാക്ഷരി പറഞ്ഞു...

ഹായ് ചിന്നൂ..
ചിന്നൂന്റെ അമ്മേ, ഈ ചിന്നൂന് എത്ര വയസ്സായി? 3?

Siju | സിജു പറഞ്ഞു...

കുറെ നാളായി ഈ വഴിക്ക് വന്നിരുന്നില്ല. വിട്ടുപോയതെല്ലാം ഇരുന്നു വായിച്ചു :-)

Preethy പറഞ്ഞു...

വീട്ടിനുള്ളിലുള്ള മിടുക്കേയുള്ളൂ, ബിന്ദൂ... പേടിക്കാതെ വന്നോളൂ :)
കെട്ടും മട്ടുമൊക്കെ ഒന്നു മാറ്റി നോക്കിയതാ... :)
അപ്പു അങ്കിളേ, ചിന്നുവിന് മൂന്നര വയസ്സായി.
സിജു :)

നോമിനേഷന്‍ ഒക്കെ കൊടുത്തതിന് ഒരു നന്ദി പറയാന്‍ രേഷ്മ എവിടെ? :)

രാജ് പറഞ്ഞു...

Lorem Ipsum.. കുട്ടന്‌ കുറച്ച് ലാറ്റിന്‍ പഠിപ്പിച്ചു തരാം ;)