ശനിയാഴ്‌ച, ഒക്‌ടോബർ 07, 2006

മഴവില്ല്

മക്‍ഡൊണാള്‍ഡ് അപ്പൂപ്പന് ഒരു ഫാം ഉണ്ട്. അവിടെ അപ്പൂപ്പനു കൂട്ടായി വയസ്സന്‍ ജോര്‍ജ്ജ് കുതിരയും, എമിലി എന്നു പേരുള്ള പശുവും ജെന്നിക്കോഴിയും ‘ഡോറിസ് ദ ഡക്കും’ അങ്ങനെ അങ്ങനെ കഥാപാത്രങ്ങള്‍ ഏറെയാണ്.

ജൂണിലെ തോരാത്ത ഒരു മഴക്കാലം. ദിവസങ്ങളായി മഴ തുടങ്ങിയിട്ട്. അരുവിയിലെ വെള്ളം പൊങ്ങിയിട്ട് ചെമ്മരിയാടുകള്‍ നനഞ്ഞു തൂങ്ങിയാണോ നില്‍ക്കുന്നതെന്നറിയില്ലല്ലോ. ട്രാക്റ്ററുമെടുത്ത് ഒന്നു നോക്കി വരാം എന്നു കരുതിയിറങ്ങിയതാണ് അപ്പൂപ്പന്‍. മുറ്റം പോലും കടന്നില്ല, മഴ വെള്ളത്തിലും ചെളിയിലും പുതഞ്ഞ് ട്രാക്റ്റര്‍ അനങ്ങാതെ നില്പായി. ഇനി എന്തു ചെയ്യും? വയസ്സനെങ്കിലും ജോര്‍ജ്ജുമൊരു കുതിരയല്ലേ.. അവനെക്കൊണ്ടു വലിപ്പിച്ചു നോക്കാം. ജോര്‍ജ്ജ് ഉള്ള ശക്തിയെല്ലാമെടുത്ത് വലിച്ചു നോക്കി. ഒരു കാര്യവുമില്ല. കൂട്ടിന് ടില്ലിക്കുതിരയേക്കൂടെ കൂട്ടിയിട്ടും ട്രാക്റ്ററിന് അനക്കമൊന്നുമില്ല. അപ്പൂപ്പന് നാലു പശുക്കളുണ്ട്. തങ്ങളും കുതിരകളേക്കാള്‍ ഒട്ടും മോശമല്ല എന്ന് അവര്‍ക്കും കാണിക്കണ്ടേ? അവരും വലിക്കാ‍ന്‍ കൂട്ടു ചേര്‍ന്നു. പക്ഷേ ഫലം നാസ്തി!

അപ്പൂപ്പന്‍ വെള്ളത്താടിയും തടവി വരാന്തയില്‍ ഇരിപ്പായി. മഴ പിന്നേയും തകൃതിയായി പെയ്യുന്നു. അപ്പൂപ്പന്റെ സങ്കടം കണ്ട് പന്നിക്കുട്ടനും ഷെല്ലിപ്പട്ടിയും എന്തിന് ഡോറിസ് ഡക്കും കൂട്ടുകാരും ലേസിപ്പൂച്ചയും വരെ സഹായിക്കാന്‍ കൂടി. അപ്പൂപ്പനും മിസ്സിസ്സ് മക്ഡൊണാള്‍ഡും കൂടെ വലി തുടങ്ങിയപ്പോള്‍ ഫാമിലെ എല്ലാരും മഴ നനഞ്ഞ് മുറ്റത്തായെന്ന് പറഞ്ഞാല്‍ മതിയല്ലോ!

മഴ കാരണം തീറ്റ രണ്ടു ദിവസമായി ശരിയാവാത്തതിന്റെ ക്ഷീണം തീര്‍ക്കാന്‍ രാവിലെത്തന്നെ ഫാം കറങ്ങാന്‍ ഇറങ്ങിയ ജെന്നിക്കോഴി മാത്രം ട്രാക്റ്റര്‍ ചെളിയില്‍ കുടുങ്ങിയ കോലാഹലമൊന്നും അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് ഓടിയെത്തിയ ജെന്നിയും ലേസിപ്പൂച്ചയുടെ വാലില്‍ തൂങ്ങി വലി തുടങ്ങി. ജെന്നി വലിച്ചു, ലേസി വലിച്ചു, അനബെല്‍ പശു ആഞ്ഞു വലിച്ചു, ജോര്‍ജ്ജ് ശക്തിയെല്ലാമെടുത്ത് ഒന്നു കൂടെ വലിച്ചു. റ്റ്ര്ര്ര്ര്രോ‍ാ‍ാം... ട്രാക്റ്റര്‍ പുറത്തെത്തി!!! യേ!! ജെന്നിക്ക് ഒരടി പൊക്കം കൂടിയെന്ന് പ്രത്യേകം പറയേണ്ടല്ലോ :) ജെന്നി കൂടി വലിക്കാന്‍ ചേര്‍ന്നപ്പോളല്ലേ, ട്രാക്റ്റര്‍ പുറത്തെത്തിയത്? അപ്പോ ആരാ ഇവിടെ ശക്തിമാന്‍/മതി?? :)

“ഐകമത്യം മഹാബലം! കണ്ടോ കൂട്ടരേ? “ അപ്പൂപ്പന് സന്തോഷം അടക്കാനായില്ല. അധികം വൈകിയില്ല, ദിവസങ്ങളോളം തുടര്‍ന്നു പെയ്ത മഴ തോര്‍ന്ന് മാനത്ത് ഭംഗിയുള്ള ഒരു മഴവില്ല് വിരിഞ്ഞു.

വായിച്ചു നീര്‍ത്തിയതും ചിന്നു ചോദിച്ചു, “മഴവില്ല് എങ്ങന്യാ ഉണ്ടായത്, അമ്മാ?”
“മഴ തോരുമ്പോള്‍ മാനത്ത് ചിലപ്പോ മഴവില്ലുണ്ടാവും ചിന്നൂ.”
“എന്നിട്ട്, ചിന്നു ഇതു വരെ മഴവില്ല് കണ്ടിട്ടില്ലല്ലോ, അമ്മാ? ഇന്നലെ മഴ പെയ്തിട്ടും ചിന്നു കണ്ടില്ലല്ലോ?!”
“അങ്ങനെ എപ്പോഴും കാണില്ല, ചിന്നൂ. ഇനി മഴവില്ല് ഉണ്ടാവുമ്പോള്‍ അമ്മ കാണിച്ചു തരാം, കേട്ടോ?“

“...ബ്ലു, ഗ്രീന്‍, മഞ്ഞ,ഓറഞ്ച്, റെഡ് “ ചിന്നു മഴവില്ലിന്റെ നിറങ്ങള്‍ എണ്ണുകയായിരുന്നു. പുസ്തകത്തില്‍ ഏഴു വര്‍ണ്ണങ്ങളില്‍ വീരിഞ്ഞു നില്‍ക്കുന്ന മഴവില്ലിന്റെ ഭംഗി മാനത്തു വിടരുന്ന വില്ലിനു കാണുമോ എന്ന സംശയം മാത്രം എന്റെ മനസ്സില്‍ ബാക്കിയായി.

4 അഭിപ്രായങ്ങൾ:

ബിന്ദു പറഞ്ഞു...

ചിന്നു നയാഗ്രയില്‍ പോയപ്പോഴും കണ്ടില്ലേ മഴവില്ല്? അവിടെ കാണേണ്ടതാണല്ലൊ. ഇനി പോവുമ്പോള്‍ നോക്കിയാല്‍ മതീട്ടൊ.:)

രാജ് പറഞ്ഞു...

പ്രീതി ഉമേഷിന്റെ ഈ പോസ്റ്റ് കണ്ടോ? കുട്ടികളെ മലയാളം പഠിപ്പിക്കുവാന്‍ ഉമേഷുള്‍പ്പെടുന്ന ഒരു സംഘം തയ്യാറാക്കിയ കവിതകളെ കുറിച്ചും കഥകളെ കുറിച്ചുമെല്ലാം ആ പോസ്റ്റിലുണ്ടു്. ചിന്നുവിനും ഗുണമാകും.

Preethy പറഞ്ഞു...

നയാഗ്രയില്‍ ഞങ്ങളെത്തിയപ്പോള്‍ നല്ല തണുപ്പായിരുന്നല്ലോ, ബിന്ദു. ചിന്നു അവന്റെ സ്ട്രോളറില്‍ ഒതുങ്ങിക്കൂടിയതല്ലാതെ കാര്യമായൊന്നും കണ്ടില്ല.

ഞാന്‍ ആ പോസ്റ്റ് കണ്ടിരുന്നില്ല രാജ്. കാണിച്ചു തന്നത് നന്നായി. ചിന്നുവിന് ഉപയോഗപ്പെടും. പക്ഷേ തല്‍ക്കാലം അവന്‍ ഇംഗ്ലീഷ് പഠിക്കാനുള്ള ശ്രമത്തിലാണ്. പ്രീ-സ്കൂളില്‍ അവന്‍ ഇപ്പോള്‍ മലയാളമാണ് പ്രയോഗിക്കുന്നത്. :)

രാജ് പറഞ്ഞു...

പ്രയോഗിക്കട്ടെന്നേ ചിന്നൂന്റെ അമേരിക്കന്‍ സുഹൃത്തുക്കള്‍ ഒത്തിരി കഷ്ടപ്പെട്ടു പഠിച്ചു സൌത്ത്-ഈസ്റ്റ് ഏഷ്യന്‍ സ്കൂളില്‍ ചെന്ന് കഷ്ടപ്പെട്ട് പഠിക്കേണ്ടുന്ന മലയാളമല്ലേ ചിന്നു ഫ്രീയായി പ്രയോഗിച്ചു പഠിപ്പിച്ചു കൊടക്കുന്നത് ;)