ശനിയാഴ്‌ച, ഒക്‌ടോബർ 28, 2006

സ്പൈഡര്‍മാന്‍!

അച്ഛന്റേയും അമ്മയുടേയും ഓഫീസില്‍ ഇന്നലെ കുഞ്ഞുങ്ങള്‍ക്കായി ഹാലോവീന്‍ പാര്‍ട്ടി ഉണ്ടായിരുന്നു. സ്കൂള്‍ വിട്ടു വന്നപ്പോഴേ ചിന്നു സ്പൈഡര്‍മാനായതാണ്. തണുപ്പത്തും സ്പൈഡര്‍മാന്‍ കോട്ട് ഇടില്ലാത്രേ! നല്ല സ്റ്റൈലില്‍ അവിടെ എത്തിയപ്പോഴാണ് ഓര്‍ത്തത്, സ്പൈഡര്‍മാന്‍ മുഖം‌മൂടി എടുത്തില്ലെന്ന്.

പാര്‍ട്ടിക്ക് നിറയെ കളികള്‍ ഉണ്ടായിരുന്നു. മത്തങ്ങക്കുള്ളിലൂടെ ബോള്‍ കൃത്യമായെറിഞ്ഞ് ചിന്നു ഒരു കാലിഡോസ്കോപ് സ്വന്തമാക്കി. കളിയൊക്കെ കഴിഞ്ഞാണ് ‘പ്രേതഭവനം’ കാണാന്‍ പോയത്. അവിടെ എത്തിയപ്പോഴല്ലേ, സ്പൈഡര്‍മാന്റെ സകല സ്റ്റൈലും പോയത്. സ്പൈഡര്‍മാന്‍ പേടിച്ച് അലറിക്കരയുന്നു! അവസാനം അമ്മ സ്പൈഡര്‍മാനെ എടുത്ത് പ്രേതഭവനത്തില്‍ നിന്ന് ഓടി പുറത്തെത്തുകയായിരുന്നു.

“അതു മോശമായില്ലേ, സ്പൈഡര്‍മാനേ? സ്പൈഡര്‍മാന്‍ ഇങ്ങനെ പേടിക്ക്യേ? ശ്ശേ!”
“അതിനു ചിന്നു മാസ്കിട്ടില്ലല്ലോ. അപ്പോ മോണ്‍സ്റ്റേര്‍സിനൊക്കെ മനസ്സിലാവില്ല്യേ ഇതു സ്പൈഡര്‍മാനല്ലാ, ചിന്നുവാണെന്ന്? അതാ ചിന്നൂന് പേടിയായത്.”

7 അഭിപ്രായങ്ങൾ:

reshma പറഞ്ഞു...

മൂന്നു മാസം ബ്ലോഗ് വെക്കേഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോ ചിന്നൂന്റെ ബ്ലോഗ് അഡ്രസ്സ് മറന്ന് പോയിരിക്കുന്നു. ഓര്‍മ്മയിലുള്ള കീവേറ്ഡൊക്കെ ഇട്ട് ഗൂഗ്ലിയിട്ടും നോ ഫലം. ചിന്നൂന്റെ ലോകം എനിക്ക് നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരിക്കാരുന്നു. അല്ലേല്‍ ചിന്നൂന്റെ ലോകത്തേക്ക് എന്റെ ഒക്കെ തലയിടല്‍ കാരണം ചിന്നൂന്റമ്മ ബ്ലോഗ്ഗും എട്ത്ത് പോയിട്ടുണ്ടാവുന്ന് പേടിച്ചു.accidentally ലിങ്ക് കിട്ടിയപ്പോ..സ്ക്രീനില്‍ കാണുന്ന വാക്കുകളോട് പരിധിവിട്ട് അടുക്കില്ലെന്ന ജാഡയിലാരുന്നു. ചിന്നു എന്നെ തോല്‍പ്പിച്ചു.

ശനിയന്‍ \OvO/ Shaniyan പറഞ്ഞു...

പാവം സ്പൈഡര്‍മാന്‍.. :-) ഇപ്പഴേ ഇങ്ങനെ പേടിപ്പിക്കണോ ചേച്ചീ? ;)

കാലിഡോസ്കോപ്പ് പഴയ ‘ഉസ്കൂള്‍’ എക്സിബിഷനെ ഓര്‍മ്മിപ്പിക്കുന്നു :)

Preethy പറഞ്ഞു...

രേഷ്മ തിരിച്ചെത്തിയതില്‍ വലിയ സന്തോഷം :) നാട്ടില്‍ കിട്ടിയ മൂന്നു മാസം എന്തു ചെയ്തു? ഞാന്‍ ഇടയ്ക്ക് പോയി നോക്കാറുണ്ടായിരുന്നു, തിരിച്ചെത്തിയോന്ന്.
ചിന്നൂന്റെ ലോകത്തേയ്ക്ക് രേഷ്മാ‍ന്റിക്ക് എപ്പോഴും സ്വാഗതം :)

ജ്യോതിസ്സേ, മറ്റു പലരും കുട്ടികളേയും കൊണ്ടു കയറുന്നതു കണ്ടു കയറിപ്പോയതാണ് - അബദ്ധമായിരുന്നെന്ന് വൈകാതെ മനസ്സിലായി :)

രാജീവ് സാക്ഷി | Rajeev Sakshi പറഞ്ഞു...

രേഷ്മയുടെ ലിങ്കിലൂടെ ഇന്നാണ് ചിന്നുവിനെ പരിചയപ്പെടുന്നത്. ഇതാ ഇപ്പോള്‍, ഇതുവരെയെഴുതിയതെല്ലാം വായിച്ചുതീര്ന്നു.
ഈ അക്ഷരങ്ങള്‍ക്കിടയില്‍ ചിന്നു ഓടിനടക്കുന്നുണ്ട്,
ഉത്തരം മുട്ടിക്കുന്ന സംശയങ്ങളുമായ്..

ചിന്നുവിന് സ്നേഹാന്വേഷണങ്ങള്‍!!
രേഷ്മയ്ക്ക് നന്ദി.

രാജ് പറഞ്ഞു...

പണ്ട് ബാലരമയിലോ മറ്റോ വന്നിരുന്ന ഒരു ചെറിയ കാര്‍ട്ടൂണ്‍ ഇല്ലായിരുന്നോ അപ്പൂസ് എന്ന പേരില്‍? ചിന്നൂന്റെ ചോദ്യങ്ങള്‍ അത്രയ്ക്കും രസമാണു്.

പ്രീതി അപ്പൊ ഇതൊട്ടും ശരിയല്ല. ഞാന്‍ മാത്രമല്ല ചിന്നൂന്റെ അഡ്രസ്സും ഓര്‍ത്തെടുക്കാന്‍ ഗൂഗിളായ ഗൂഗിളൊക്കെ തേടി നടന്നതെന്നു മനസ്സിലാവുന്നില്ലേ. ബ്ലോഗിന്റെ ഫീഡെങ്കിലും പ്രസിദ്ധീകരിച്ചുകൂടേ?

രേഷ്മയ്ക്കൊരു വെല്‍ക്കം ബാക്ക് പറയാന്‍ മറന്നു :)

ഇന്ദു | Preethy പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Preethy പറഞ്ഞു...

സാക്ഷീ, സ്വാഗതം :)
രാജ്, കുറച്ചു നാള്‍ മുമ്പ് ബിന്ദു എന്നോട് ഇതു തന്നെ ചോദിച്ചിരുന്നു. അന്നും ഞാന്‍ ഇതു തന്നെയാണ് പറഞ്ഞത്... ഫീഡ് പ്രസിദ്ധീകരിച്ചാല്‍, ഒരു വലിയ ജനാവലി വായനക്കാരായി എത്തുമല്ലോ എന്നൊരു മടി, പേടി.. :)