ശനിയാഴ്‌ച, ജൂൺ 24, 2006

ലംബൂസമ്മാമന്‍

ചിന്നൂന്റെ അമ്മയ്ക്ക്‌ ഒരു അനിയനാണ്‌ - ചിന്നൂന്റെ അമ്മാമന്‍. ഏക 'മരുമകനോ'ടുള്ള സ്നേഹം മുഴുവന്‍ ഫോണിലൂടെ പകരുകയല്ലാതെ വേറെ നിവൃത്തിയില്ലാത്ത പാവം അമ്മാമന്‍. തനിക്കു മാത്രം കുഞ്ഞിമോനെ വിളിക്കാനായി അമ്മാമന്‍ കണ്ടെത്തിയ പേരാണ്‌ 'ലംബൂ'! അമ്മാമന്റെ 'ലംബൂസ്‌' വിളി അമ്മയ്ക്കാദ്യം അത്ര പിടിച്ചില്ല. ഇതു പണ്ട്‌ വീട്ടില്‍ കേറി വന്ന പൂച്ചയ്ക്ക്‌ അമ്മാമന്‍ കണ്ടെത്തിയ പേരു പോലുണ്ട്‌ എന്നാണ്‌ അമ്മയ്ക്ക്‌ തോന്നിയത്‌ - അന്നാ പൂച്ചയ്ക്കിട്ട പേര്‌ 'ഡമരു' എന്നായിരുന്നു. അമ്മാമന്റെ 'ലംബൂസ്‌' വിളി കേട്ടാല്‍ ചിന്നൂന്‌ ചിരി വരും.

"ചിന്നൂന്റെ അമ്മാമന്‍ വിളിക്കണൂ, ഇവിടെ വാ മോനേ". ഫോണ്‍ വരുമ്പോള്‍ അമ്മ നീട്ടി വിളിക്കും. ചിന്നൂന്‌ അമ്മാമനെ അറിയാം, ജ്യോതിസമ്മാമനെ അറിയാം, സന്തോഷമ്മാമനേം അറിയാം. ഏത്‌ അമ്മാമനാ വിളിക്കണേന്നും അറിയാം. എന്നാലും ചിന്നു ചോദിക്കും."ഏത്‌ അമ്മാമനാ?"
"ചിന്നൂന്റെ അമ്മാമന്‍"
"ലംബൂസമ്മാമനാണോ?"

എന്താപ്പോ പറയാ? വിളിക്കാന്‍ വെച്ചത്‌ പേരായീന്നോ? :) അതിലും നല്ല പഴഞ്ചൊല്ലുകളൊന്നും ഇപ്പോ ഓര്‍മ വരുന്നില്ല.

2 അഭിപ്രായങ്ങൾ:

ബിന്ദു പറഞ്ഞു...

ഇതുപോലെ പൊന്നുണ്ണി എന്നു വിളിച്ച മുത്തശ്ശി പിന്നെ പൊന്നുണ്ണി മുത്തശ്ശിയും ആയിട്ടുണ്ടു,ഞങ്ങളുടെ വീട്ടില്‍. ഇതിനെ താന്‍ കുഴിച്ച കുഴിയില്‍ എന്നൊരു പഴംചൊല്ലില്‍ ഒതുക്കാം ;)

Jyothis||ജ്യോതിസ് പറഞ്ഞു...

ഇതിനെയാണ് വെളുക്കാന്‍ തേച്ചത് പാണ്ടായി, പിന്നെ പണ്ടായി എന്നു പറയണത് ;-) പാവം ലംബൂസമ്മാവന്‍.. ഓരോരുത്തര് ചോദിച്ച് വാങ്ങണ പാരകളേ!!