ശനിയാഴ്‌ച, ഒക്‌ടോബർ 28, 2006

സ്പൈഡര്‍മാന്‍!

അച്ഛന്റേയും അമ്മയുടേയും ഓഫീസില്‍ ഇന്നലെ കുഞ്ഞുങ്ങള്‍ക്കായി ഹാലോവീന്‍ പാര്‍ട്ടി ഉണ്ടായിരുന്നു. സ്കൂള്‍ വിട്ടു വന്നപ്പോഴേ ചിന്നു സ്പൈഡര്‍മാനായതാണ്. തണുപ്പത്തും സ്പൈഡര്‍മാന്‍ കോട്ട് ഇടില്ലാത്രേ! നല്ല സ്റ്റൈലില്‍ അവിടെ എത്തിയപ്പോഴാണ് ഓര്‍ത്തത്, സ്പൈഡര്‍മാന്‍ മുഖം‌മൂടി എടുത്തില്ലെന്ന്.

പാര്‍ട്ടിക്ക് നിറയെ കളികള്‍ ഉണ്ടായിരുന്നു. മത്തങ്ങക്കുള്ളിലൂടെ ബോള്‍ കൃത്യമായെറിഞ്ഞ് ചിന്നു ഒരു കാലിഡോസ്കോപ് സ്വന്തമാക്കി. കളിയൊക്കെ കഴിഞ്ഞാണ് ‘പ്രേതഭവനം’ കാണാന്‍ പോയത്. അവിടെ എത്തിയപ്പോഴല്ലേ, സ്പൈഡര്‍മാന്റെ സകല സ്റ്റൈലും പോയത്. സ്പൈഡര്‍മാന്‍ പേടിച്ച് അലറിക്കരയുന്നു! അവസാനം അമ്മ സ്പൈഡര്‍മാനെ എടുത്ത് പ്രേതഭവനത്തില്‍ നിന്ന് ഓടി പുറത്തെത്തുകയായിരുന്നു.

“അതു മോശമായില്ലേ, സ്പൈഡര്‍മാനേ? സ്പൈഡര്‍മാന്‍ ഇങ്ങനെ പേടിക്ക്യേ? ശ്ശേ!”
“അതിനു ചിന്നു മാസ്കിട്ടില്ലല്ലോ. അപ്പോ മോണ്‍സ്റ്റേര്‍സിനൊക്കെ മനസ്സിലാവില്ല്യേ ഇതു സ്പൈഡര്‍മാനല്ലാ, ചിന്നുവാണെന്ന്? അതാ ചിന്നൂന് പേടിയായത്.”

വെള്ളിയാഴ്‌ച, ഒക്‌ടോബർ 13, 2006

തെറ്റും ശരിയും

പിറന്നാള്‍ സമ്മാനങ്ങളോരോന്നായി തുറന്നു നോക്കവേ വല്ലാത്ത ആഹ്ലാദത്തിലായിരുന്നു ചിന്നു. ചുറ്റും പരന്നു കിടക്കുന്ന പുതിയ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ അവനെ ഒറ്റയ്ക്ക് വിട്ടിട്ട് ഞങ്ങള്‍ അടുക്കളയിലേക്ക് നടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവനതാ ഓടി വരുന്നു.

“അച്ഛാ, പ്രണവ് തന്ന ടോയില്‍ ലെറ്റേര്‍സ് ഒക്കെ തെറ്റാ...”
അവനിതെന്താ പറയണേന്ന് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ആദ്യം മനസ്സിലായില്ല.
“Aയും Bയും ഒക്കെ തെറ്റാ... Cയും Pയും കറക്റ്റാ...”

ആ കളിപ്പാട്ടത്തില്‍ ഒരു ലെറ്റര്‍ അമര്‍ത്തിയാല്‍, അത് എങ്ങനെ എഴുതാമെന്ന് എഴുതി കാണിക്കും. അവരെഴുതുന്നത് ഇംഗ്ലീഷ് ചെറിയ അക്ഷരങ്ങളാണ്. ചിന്നുവിന് ഇംഗ്ലീഷ് വലിയ അക്ഷരങ്ങളേ അറിയൂ. Cയും Pയും രണ്ടു രീതിയിലും ഒരു പോലാണല്ലോ എഴുതുക. അവന് പരിചയമില്ലാത്ത രീതിയിലാണ് Aയും Bയും ഒക്കെ എഴുതുന്നത്. അതു ശരി. അപ്പോള്‍ അതാണ് കാര്യം. ഇപ്പോഴല്ലേ മനസ്സിലായത് :)

ഞായറാഴ്‌ച, ഒക്‌ടോബർ 08, 2006

മത്തങ്ങാക്കുട്ടന്മാര്‍














ഇവിടെ ഇപ്പോള്‍ ശിശിരം. നിറയുന്ന വര്‍ണ്ണങ്ങളും പൊഴിയുന്ന ഇലകളും എവിടേയും. ഒപ്പം ഇത് മത്തങ്ങകളുടെ ഉത്സവകാലമാണ് . വീടുകളില്‍, ഓഫീസുകളില്‍ എല്ലാം മത്തങ്ങകള്‍ അലങ്കാരമാകുന്നു. മത്തങ്ങയില്‍ വിരിയുന്ന മുഖഭാവങ്ങള്‍ സുന്ദരം.
ഇന്നലെ ഞങ്ങള്‍ ചിന്നുവിനേയും കൊണ്ട് ഒരു ‘പം‌പ്കിന്‍ പാച്ച്’ കാണാന്‍ പോയി. ഒന്നു രണ്ട് കുട്ടി മത്തങ്ങകള്‍ അവന്‍ തിരഞ്ഞെടുത്തു. അത് അവന് വീടിനു മുമ്പില്‍ അലങ്കാരമായി വെയ്ക്കാനാണത്രെ.

“അമ്മേ, ഈ പംപ്കിന്‍ എടുത്ത് കൂട്ടാന്‍ വെയ്ക്കല്ലേ, ട്ടോ. കഴിഞ്ഞ തവണ വാങ്ങിയത് അമ്മ കൂട്ടാന്‍ വെച്ചപ്പോള്‍ ചിന്നൂന് സങ്കടമായി.”

ഇത്തവണത്തെ മത്തങ്ങകള്‍ തൊട്ടുപോവില്ലെന്ന് അവന് വാക്കു കൊടുത്തിരിക്കുകയാണ് ഞാന്‍.

ശനിയാഴ്‌ച, ഒക്‌ടോബർ 07, 2006

മഴവില്ല്

മക്‍ഡൊണാള്‍ഡ് അപ്പൂപ്പന് ഒരു ഫാം ഉണ്ട്. അവിടെ അപ്പൂപ്പനു കൂട്ടായി വയസ്സന്‍ ജോര്‍ജ്ജ് കുതിരയും, എമിലി എന്നു പേരുള്ള പശുവും ജെന്നിക്കോഴിയും ‘ഡോറിസ് ദ ഡക്കും’ അങ്ങനെ അങ്ങനെ കഥാപാത്രങ്ങള്‍ ഏറെയാണ്.

ജൂണിലെ തോരാത്ത ഒരു മഴക്കാലം. ദിവസങ്ങളായി മഴ തുടങ്ങിയിട്ട്. അരുവിയിലെ വെള്ളം പൊങ്ങിയിട്ട് ചെമ്മരിയാടുകള്‍ നനഞ്ഞു തൂങ്ങിയാണോ നില്‍ക്കുന്നതെന്നറിയില്ലല്ലോ. ട്രാക്റ്ററുമെടുത്ത് ഒന്നു നോക്കി വരാം എന്നു കരുതിയിറങ്ങിയതാണ് അപ്പൂപ്പന്‍. മുറ്റം പോലും കടന്നില്ല, മഴ വെള്ളത്തിലും ചെളിയിലും പുതഞ്ഞ് ട്രാക്റ്റര്‍ അനങ്ങാതെ നില്പായി. ഇനി എന്തു ചെയ്യും? വയസ്സനെങ്കിലും ജോര്‍ജ്ജുമൊരു കുതിരയല്ലേ.. അവനെക്കൊണ്ടു വലിപ്പിച്ചു നോക്കാം. ജോര്‍ജ്ജ് ഉള്ള ശക്തിയെല്ലാമെടുത്ത് വലിച്ചു നോക്കി. ഒരു കാര്യവുമില്ല. കൂട്ടിന് ടില്ലിക്കുതിരയേക്കൂടെ കൂട്ടിയിട്ടും ട്രാക്റ്ററിന് അനക്കമൊന്നുമില്ല. അപ്പൂപ്പന് നാലു പശുക്കളുണ്ട്. തങ്ങളും കുതിരകളേക്കാള്‍ ഒട്ടും മോശമല്ല എന്ന് അവര്‍ക്കും കാണിക്കണ്ടേ? അവരും വലിക്കാ‍ന്‍ കൂട്ടു ചേര്‍ന്നു. പക്ഷേ ഫലം നാസ്തി!

അപ്പൂപ്പന്‍ വെള്ളത്താടിയും തടവി വരാന്തയില്‍ ഇരിപ്പായി. മഴ പിന്നേയും തകൃതിയായി പെയ്യുന്നു. അപ്പൂപ്പന്റെ സങ്കടം കണ്ട് പന്നിക്കുട്ടനും ഷെല്ലിപ്പട്ടിയും എന്തിന് ഡോറിസ് ഡക്കും കൂട്ടുകാരും ലേസിപ്പൂച്ചയും വരെ സഹായിക്കാന്‍ കൂടി. അപ്പൂപ്പനും മിസ്സിസ്സ് മക്ഡൊണാള്‍ഡും കൂടെ വലി തുടങ്ങിയപ്പോള്‍ ഫാമിലെ എല്ലാരും മഴ നനഞ്ഞ് മുറ്റത്തായെന്ന് പറഞ്ഞാല്‍ മതിയല്ലോ!

മഴ കാരണം തീറ്റ രണ്ടു ദിവസമായി ശരിയാവാത്തതിന്റെ ക്ഷീണം തീര്‍ക്കാന്‍ രാവിലെത്തന്നെ ഫാം കറങ്ങാന്‍ ഇറങ്ങിയ ജെന്നിക്കോഴി മാത്രം ട്രാക്റ്റര്‍ ചെളിയില്‍ കുടുങ്ങിയ കോലാഹലമൊന്നും അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് ഓടിയെത്തിയ ജെന്നിയും ലേസിപ്പൂച്ചയുടെ വാലില്‍ തൂങ്ങി വലി തുടങ്ങി. ജെന്നി വലിച്ചു, ലേസി വലിച്ചു, അനബെല്‍ പശു ആഞ്ഞു വലിച്ചു, ജോര്‍ജ്ജ് ശക്തിയെല്ലാമെടുത്ത് ഒന്നു കൂടെ വലിച്ചു. റ്റ്ര്ര്ര്ര്രോ‍ാ‍ാം... ട്രാക്റ്റര്‍ പുറത്തെത്തി!!! യേ!! ജെന്നിക്ക് ഒരടി പൊക്കം കൂടിയെന്ന് പ്രത്യേകം പറയേണ്ടല്ലോ :) ജെന്നി കൂടി വലിക്കാന്‍ ചേര്‍ന്നപ്പോളല്ലേ, ട്രാക്റ്റര്‍ പുറത്തെത്തിയത്? അപ്പോ ആരാ ഇവിടെ ശക്തിമാന്‍/മതി?? :)

“ഐകമത്യം മഹാബലം! കണ്ടോ കൂട്ടരേ? “ അപ്പൂപ്പന് സന്തോഷം അടക്കാനായില്ല. അധികം വൈകിയില്ല, ദിവസങ്ങളോളം തുടര്‍ന്നു പെയ്ത മഴ തോര്‍ന്ന് മാനത്ത് ഭംഗിയുള്ള ഒരു മഴവില്ല് വിരിഞ്ഞു.

വായിച്ചു നീര്‍ത്തിയതും ചിന്നു ചോദിച്ചു, “മഴവില്ല് എങ്ങന്യാ ഉണ്ടായത്, അമ്മാ?”
“മഴ തോരുമ്പോള്‍ മാനത്ത് ചിലപ്പോ മഴവില്ലുണ്ടാവും ചിന്നൂ.”
“എന്നിട്ട്, ചിന്നു ഇതു വരെ മഴവില്ല് കണ്ടിട്ടില്ലല്ലോ, അമ്മാ? ഇന്നലെ മഴ പെയ്തിട്ടും ചിന്നു കണ്ടില്ലല്ലോ?!”
“അങ്ങനെ എപ്പോഴും കാണില്ല, ചിന്നൂ. ഇനി മഴവില്ല് ഉണ്ടാവുമ്പോള്‍ അമ്മ കാണിച്ചു തരാം, കേട്ടോ?“

“...ബ്ലു, ഗ്രീന്‍, മഞ്ഞ,ഓറഞ്ച്, റെഡ് “ ചിന്നു മഴവില്ലിന്റെ നിറങ്ങള്‍ എണ്ണുകയായിരുന്നു. പുസ്തകത്തില്‍ ഏഴു വര്‍ണ്ണങ്ങളില്‍ വീരിഞ്ഞു നില്‍ക്കുന്ന മഴവില്ലിന്റെ ഭംഗി മാനത്തു വിടരുന്ന വില്ലിനു കാണുമോ എന്ന സംശയം മാത്രം എന്റെ മനസ്സില്‍ ബാക്കിയായി.