ചിന്നൂന്റെ ബാര്‍ബര്‍ അവന്റെ അമ്മ തന്നെയാണ്. ക്ഷുരകശാസ്ത്രം പഠിച്ച വിദുഷിയൊന്നുമല്ല അമ്മ. പിന്നെന്താച്ചാല്‍, ഒരു രണ്ടു വയസ്സുകാരന്റെ മുടി വെട്ടാന്‍ മാസം തോറും പത്തും പതിനഞ്ചും ഡോളര്‍ അമേരിക്കന്‍ സലൂണുകളില്‍ കൊണ്ടു കൊടുക്കാന്‍ ഒരു മടി (അതോ പിശുക്കോ? :)) ചിന്നൂന് സൌന്‌ദര്യ ബോധം വന്ന്, ഇനി അമ്മയെന്റെ മുടിയില്‍ കൈ വെക്കരുത് എന്നു പറയും വരെ ഒരു അവകാശം പോലെ കത്രിക കൈയിലെടുക്കാന്‍ തന്നെയാണ് അമ്മയുടെ തീരുമാനം.
ഒരു പ്രൊഫഷണല്‍ അപ്പ്രോച്ചിനായി അച്ഛനെക്കൊണ്ട് ട്രിമ്മര്‍ വാങ്ങിച്ചിട്ട്, മുടി വെട്ടാന്‍ ശ്രമിച്ചതാണ് അമ്മ. അതിന്റെ 'കിറ്ര്‍.. കിറ്ര്‍..' ശബ്ദം കേള്‍ക്കേണ്ട താമസം, ചിന്നു പിന്നെ അത് അടുപ്പിച്ചിട്ടില്ല. അതുകൊണ്ട് ആകെ ആശ്രയം പഴയ കത്രികയും ചീപ്പും തന്നെ! അതും കൊണ്ടങ്ങ് നേരെ ചെന്നാല്‍ ചിന്നു അങ്ങനെ ഇരുന്നു തരികയൊന്നുമില്ല. ടബ്ബിലിരുന്നു കുളിക്കണ നേരത്ത്, പൈപ്പും തുറന്നു വിട്ട്, അതിന്റെ ശബ്ദത്തിന്റെ മറവില്‍, അങ്ങോട്ടു തിരിഞ്ഞിരുന്ന് കളിക്കണ കുഞ്ഞിന്റെ പുറകിലെ കുറച്ചു മുടി അങ്ങു വെട്ടും. കളിയിലെ കോണ്‍സന്റ്രേഷന്‍ കുറഞ്ഞ നേരമാണെങ്കില്‍, ചിന്നു തലയങ്ങു വെട്ടിക്കും. ഒന്നുമറിയാത്ത മട്ടില്‍ അമ്മ കത്രികയും ചീപ്പും പുറകില്‍ മറച്ച് ചിന്നൂനെ നോക്കി ഒരു കള്ളച്ചിരി ചിരിക്കും. ചിന്നു ഒന്നു സംശയിച്ച് വീണ്ടും കളിയില്‍ മുഴുകും. അങ്ങനെ എങ്ങനെയൊക്കെയോ അമ്മ നീണ്ട മുടിയൊക്കെ നീളം കുറയ്ക്കും. പിന്നെ (ചിന്നുവിന്റെ) ഏതോ ദൈവാധീനം കൊണ്ട് "ചിന്നൂന്റെ മുടിയെന്താ, പാറ്റ നക്കിയപോലെ!" എന്നൊന്നും ആരും ഇതുവരെ പറഞ്ഞിട്ടില്ല. ആ ഒരൊറ്റ ധൈര്യത്തിന്റെ മറവിലാണ് കഴിഞ്ഞ ഒന്ന്-ഒന്നര കൊല്ലമായി അമ്മ ഈ പണി തുടര്‍ന്നത്.
ചിന്നു ഇപ്പോള്‍ വലിയ പയ്യനല്ലേ! ഇത്തവണ കത്രികയും കൊണ്ട് കള്ളച്ചിരി ചിരിച്ച് അമ്മ വരുന്നത് കണ്ടപ്പൊഴേ ചിന്നു പറഞ്ഞു, "മൊട്ടയാക്കണ്ട, അമ്മാ..." " ഏയ്, അമ്മ കുട്ടനെ സുന്ദരനാക്കാന്‍ പോവല്ലേ? " ചിന്നു അമ്മയെ ഒന്നു നോക്കി, പക്ഷെ ഒന്നും മിണ്ടിയില്ല. എന്നിട്ട് തിരിഞ്ഞിരുന്ന് കളിക്കാനും തുടങ്ങി. " ഇതു കൊള്ളാമല്ലോ, ഇത്തവണ പ്രതിഷേധമൊന്നും ഇല്ലെന്നു തോന്നുന്നു. അമ്മയ്ക്ക് ധൈര്യവും ആവേശവും കൂടി! "ച്‌ക്...ച്‌ക്..." മുടി വെട്ടല്‍ പതിവിലും സ്പീഡിലായിരുന്നു! കുറച്ച് നേരത്തെയ്ക്ക് ഒരു 'കണ്ട്രോള്' പോയ പോലെ!...എല്ലാം കഴിഞ്ഞ് "ചിന്നൂ, ഒന്ന് തിരിഞ്ഞേ" "അയ്യോ, ഇതെന്താ ഇങ്ങനെ ആയിപ്പോയെ??? അമ്മ കുളമാക്കിയല്ലോ, ചിന്നു!! മുന്നിലെ മുടിയെന്താ പല ലെവലില്‍!? " അച്ഛന്‍ കാണുമ്പോഴേക്കും അമ്മ ചീപ്പു കൊണ്ട്, കുറച്ചെല്ലാം ഒതുക്കി വെച്ചിരുന്നു. പക്ഷെ അച്ഛനും കണ്ടപ്പൊഴേ പറഞ്ഞു " അമ്മ കുളമാക്കിയല്ലോ ഇത്തവണ" :-( പുതിയ ഗാര്‍ഡന്‍ ബുഷ് കട്ടര്‍ കിട്ടിയപ്പോഴും ഇതേ ആവേശം മൂത്ത്, ചെടികളെല്ലാം അമ്മ വെട്ടി കുറ്റിയാക്കിയത് അച്ഛന്‍ ഓര്‍മിപ്പിച്ചു. ചിന്നു എന്നിട്ടും ഒന്നും പറഞ്ഞില്ല.
ചിന്നൂനെ പകല്‍ നോക്കുന്നത് മമ്മയാണ്. രാവിലെ ചിന്നൂനെ കണ്ടതും, മമ്മ പറഞ്ഞു " ചിന്നു മുടി വെട്ടിയല്ലോ?" അമ്മയാണ് ബാര്‍ബര്‍ എന്നറിയാമെന്നതു കൊണ്ടായിരിക്കണം, മമ്മ അത്ര കൊണ്ട് നിര്‍ത്തിയത്. മമ്മയ്ക്ക് മറുപടി കൊടുത്തത് ചിന്നുവാണ് " ചിന്നൂന്റെ മുടി അമ്മ വെട്ടി കൊളമാക്കി, മമ്മാ!" മമ്മയുടെ കൂടെ അമ്മയും ചിരിച്ചു. അല്ലാതെന്തു ചെയ്യാന്‍!!
1 അഭിപ്രായം:
കുട്ട്യോളുള്ള എന്റെ കസിന്‍സിനെ ഓര്‍മ്മ വര്‌ണൂ :|
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ