അമ്മൂമ്മ മരിച്ചപ്പോള്‍ ചിന്നൂന് ആറു മാസം പ്രായം. കാത്തു കാത്തിരുന്ന നാലാം തലമുറക്കാരനെ അമ്മൂമ്മയ്ക്ക് കാണാനായത് ഞങ്ങള്‍ നാട്ടിലെത്തിയ ഒരു മാസം മാത്രം. എങ്കിലും കൂടെകിട്ടിയ ഓരൊ ദിവസവും അമ്മൂമ്മ 'ഓമനക്കുട്ടന്‍' പാടി കുഞ്ഞിനെ ഉറക്കി. ചിന്നു ഉറങ്ങിയിട്ടും കൂടെ കിടന്ന് 'ഓമനത്തിങ്കള്‍ കിടാവോ' പാടി. ഒരിക്കലും എയര്‍പോര്‍ട്ടില്‍ വന്ന് ഞങ്ങളെ യാത്രയാക്കാറില്ലെങ്കിലും, അത്തവണ ചിന്നൂനെ യാത്രയാക്കാന്‍ എണ്‍പത് വയസ്സിന്റെ ക്ഷീണങ്ങള്‍ക്കിടയിലും എത്തി. ഒന്നര മാസം കഴിഞ്ഞ്, ഒരു പനി ന്യൂമൊണിയ ആയി വളര്‍ന്നപ്പോഴും 'ഏയ്, എനിക്കു വലിയ വയ്യായ ഒന്നുമില്ല, ചിന്നുക്കുട്ടന്‍ എന്തു പറയുണു" എന്നു ചോദിച്ചു. പിറ്റേന്ന്, അമ്മൂമ്മ മരിച്ചെന്ന് അനിയന്റെ ഫോണ്‍ വിളി! നിശ്ശബ്ദമായി ഞാന്‍ കരഞ്ഞപ്പോഴും ചിന്നു ഒന്നുമറിയാതെ എന്നെ നോക്കി ചിരിച്ചു.
എന്നിട്ടും അമ്മൂമ്മ ഇപ്പോഴും അവനെ പാടി ഉറക്കുന്നു!
" ഓമനക്കുട്ടന്‍ ഗോവിന്ദന്‍ ബല-
രാമനെക്കൂടെക്കൂടാതെ
കാമിനീമണിയമ്മ തന്നങ്ക
സീമനീ ചെന്നു കേറിനാന്‍
അമ്മയുമപ്പോള്‍ മാറണച്ചിട്ട-
ങ്ങുമ്മ വച്ചൂ കിടാവിനെ
അമ്മിഞ്ഞ കൊടുത്താനന്ദിപ്പിച്ചു
ചിന്മയനപ്പോളോതിനാന്‍
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പത്തി രണ്ടു പേരുണ്ട്
അപ്പിള്ളേരായ് വനത്തില്‍ കളിക്കാന്‍
ഇപ്പോള്‍ ഞാനമ്മേ, പോകട്ടെ
അയ്യോ, എന്നുണ്ണീ പോകല്ലേയിപ്പോള്‍
തീയു പോലുള്ള വെയിലല്ലേ,
വെറുതെയെന്നമ്മേ തടയല്ലേ പോട്ടെ,
പരിചോടുണ്ണികള്‍ക്കുണ്ണുവാന്‍
നറുനെയ്യു കൂട്ടിയുരുട്ടീട്ടും
നല്ലോരുറതൈരു കൂട്ടിയുരുട്ടീട്ടും
വറുത്തൊരുപ്പേരി പതിച്ചിട്ടു-
മീരണ്ടുരുളയുമെന്റെ മുരളിയും
തരികയെന്നൊന്നരുളിച്ചാഞ്ചാടി
തരസാ കണ്ണന്‍ താന്‍ പുറപ്പെട്ടു!"
പ്രായത്തിന്റെ കിതപ്പില്‍ നിര്‍ത്തി നിര്‍ത്തിയെങ്കിലും, പാടി റെക്കോര്‍ഡ് ചെയ്യിപ്പിച്ച കാസറ്റ് തന്നു വിട്ടിരുന്നു അമ്മൂമ്മ അന്ന്, ചിന്നൂന് കേട്ടുവളരാന്‍! ചിന്നൂന് അമ്മൂമ്മയുടെ പാട്ടുകള്‍ വലിയ പ്രിയമാണ്. ദിവസവും കേള്‍ക്കണം. ഓമനക്കുട്ടന്റെ ചില വരികള്‍ അവന്‍ കൂടെ മൂളും.
ഈയിടെ അതു പോലൊരു കാസ്സറ്റില്‍ അച്ഛന്‍ ചിന്നുവിന്റെ സംസാരവും കഥ പറച്ചിലും പിടിച്ചു. അമ്മൂമ്മയുടെ പാട്ടു കേള്‍ക്കുന്ന അതേ കാസ്സറ്റ് പ്ലെയെറില്‍ ചിന്നൂന്റെ ശബ്ദം കേട്ടപ്പോള്‍ അവന്റെ കണ്ണുകള്‍ വിടര്‍ന്നു!പിറ്റേന്ന്, പതിവു പോലെ
"അച്ഛാ, ചിന്നൂന് പാട്ടു വെച്ചു തരോ"
"തരാലോ, അമ്മൂമ്മടെ കാസറ്റ് എടുക്കട്ടെ, ട്ടോ"
"അച്ഛാ, അമ്മൂമ്മടെ പാട്ട് വേണ്ട ഇന്ന്, ചിന്നൂന്റെ പാട്ട് വേണം!"
അന്ന് ചിന്നു ചിന്നൂന്റെ 'പാട്ട്' കേട്ടുറങ്ങി!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ