ശനിയാഴ്‌ച, ജൂൺ 24, 2006

ലംബൂസമ്മാമന്‍

ചിന്നൂന്റെ അമ്മയ്ക്ക്‌ ഒരു അനിയനാണ്‌ - ചിന്നൂന്റെ അമ്മാമന്‍. ഏക 'മരുമകനോ'ടുള്ള സ്നേഹം മുഴുവന്‍ ഫോണിലൂടെ പകരുകയല്ലാതെ വേറെ നിവൃത്തിയില്ലാത്ത പാവം അമ്മാമന്‍. തനിക്കു മാത്രം കുഞ്ഞിമോനെ വിളിക്കാനായി അമ്മാമന്‍ കണ്ടെത്തിയ പേരാണ്‌ 'ലംബൂ'! അമ്മാമന്റെ 'ലംബൂസ്‌' വിളി അമ്മയ്ക്കാദ്യം അത്ര പിടിച്ചില്ല. ഇതു പണ്ട്‌ വീട്ടില്‍ കേറി വന്ന പൂച്ചയ്ക്ക്‌ അമ്മാമന്‍ കണ്ടെത്തിയ പേരു പോലുണ്ട്‌ എന്നാണ്‌ അമ്മയ്ക്ക്‌ തോന്നിയത്‌ - അന്നാ പൂച്ചയ്ക്കിട്ട പേര്‌ 'ഡമരു' എന്നായിരുന്നു. അമ്മാമന്റെ 'ലംബൂസ്‌' വിളി കേട്ടാല്‍ ചിന്നൂന്‌ ചിരി വരും.

"ചിന്നൂന്റെ അമ്മാമന്‍ വിളിക്കണൂ, ഇവിടെ വാ മോനേ". ഫോണ്‍ വരുമ്പോള്‍ അമ്മ നീട്ടി വിളിക്കും. ചിന്നൂന്‌ അമ്മാമനെ അറിയാം, ജ്യോതിസമ്മാമനെ അറിയാം, സന്തോഷമ്മാമനേം അറിയാം. ഏത്‌ അമ്മാമനാ വിളിക്കണേന്നും അറിയാം. എന്നാലും ചിന്നു ചോദിക്കും."ഏത്‌ അമ്മാമനാ?"
"ചിന്നൂന്റെ അമ്മാമന്‍"
"ലംബൂസമ്മാമനാണോ?"

എന്താപ്പോ പറയാ? വിളിക്കാന്‍ വെച്ചത്‌ പേരായീന്നോ? :) അതിലും നല്ല പഴഞ്ചൊല്ലുകളൊന്നും ഇപ്പോ ഓര്‍മ വരുന്നില്ല.

ശനിയാഴ്‌ച, ജൂൺ 17, 2006

തുമ്മണ കുട്ടാ...

വൈകീട്ട്‌ കുളിക്കുമ്പം ചിന്നുവൊന്ന് തുമ്മി. അപ്പോ, അമ്മയ്ക്കൊന്നു പാടാന്‍ തോന്നി.

തുമ്മണ കുട്ടാ, തുമ്മണ കുട്ടാ,തുമ്മണതെന്താണ്‌?
നീയിന്ന്, തുമ്മണതെന്താണ്‌?
നേരം വെളുത്തപ്പം, മാനം കറുത്തപ്പം
നീയിറങ്ങ്യോടീല്ലേ?, മഴയത്ത്‌, നീയിറങ്ങ്യോടീല്ലേ?
അമ്മ പറഞ്ഞില്ലേ, അപ്പം പറഞ്ഞില്ലേ?
ഓടിയിറങ്ങൊല്ലേ, കുഞ്ഞോനേ, ഓടിയിറങ്ങൊല്ലേ!
നേരം കറുത്തപ്പം, മാനമൊഴിഞ്ഞപ്പം
നീയിന്ന് തുമ്മാണ്‌, മഴ പോലെ മൂക്കുമൊലിക്ക്യാണ്‌!

പാടിത്തീര്‍ന്നപ്പം ചിന്നു ചോദിച്ചു, "അമ്മേടെ പാട്ടില്‌ മിന്നല്‌ണ്ടായോ?"
"ഇല്ല്യല്ലോ, ചിന്നൂ" :) അമ്പടാ!

ചിന്നൂന്റെ കുളി കഴിഞ്ഞു. പിന്നെ തുമ്മിയുമില്ല. പിന്നേയും അമ്മ ആ പാട്ടു മൂളിക്കൊണ്ടിരുന്നു. തുമ്മണ കുട്ടാ...
“അമ്മ എന്തിനാ ആ പാട്ട് പാ‍ടണേ?”
“അമ്മയ്ക്ക് ആ പാട്ട് ഇഷ്ടായിട്ട്, ചിന്നൂ. ചിന്നൂന് ഇഷ്ടായില്ലേ?”
“ഇല്ല്യ. ചിന്നൂന് ഇഷ്ടല്ല്യാച്ചാല്‍ അമ്മ ആ പാട്ട് ഓഫ് ചെയ്യോ?”!
“ഓഫ് ചെയ്തു. ഇനി പാട്ണില്ല്യ, ട്ടോ”

നയാഗ്ര

അമ്മയ്ക്കും അച്ഛനും ജ്യോതിസമ്മാമനും ഒപ്പമാണ്‌ ചിന്നു നയാഗ്ര കാണാന്‍ പോയത്‌. അവിടെ ചെന്നപ്പോള്‍ മെയ്‌ മാസമായിരുന്നിട്ടും നല്ല തണുപ്പ്‌! ദൂരം കുറേ താണ്ടിയെത്തിയതല്ലേ, തണുപ്പെന്ന് പറഞ്ഞ്‌ നയാഗ്ര കാണാതിരിക്കാനൊക്കുമോ? എല്ലാരും കൂടെ രാത്രിയിലെ 'ഇല്ല്യുമിനേഷന്‍' കാണാന്‍ തണുപ്പത്തും ഇറങ്ങി. ചിന്നു രണ്ടു കൈയും കോട്ടിന്റെ പോക്കറ്റില്‍ തിരുകി, തല കോട്ടിന്റെ ഹൂഡിലൊതുക്കി സ്റ്റ്രോളറില്‍ ചുരുണ്ടിരുന്നു. സ്റ്റ്രോളറിന്റെ വശങ്ങളില്‍ അമ്മ വിസിറ്റര്‍ സെന്ററില്‍ നിന്നെടുത്ത ലീഫ്‌ലെറ്റുകള്‍ നിറച്ചു വെച്ചിരുന്നു. അവിടെ ചെന്നപ്പോള്‍ നിറങ്ങളുടെ മാസ്മരികതയില്‍ നിറഞ്ഞാടുന്ന നയാഗ്ര! അമ്മയുടെ മനം കുളിര്‍ത്തു. നോക്കിയപ്പോള്‍ ചിന്നു ഒരുറക്കത്തിനുള്ള തയ്യാറെടുപ്പെന്ന പോലെ തല കുനിച്ചിരിക്കുന്നു.
"നോക്ക്‌, ചിന്നൂ... നയാഗ്ര നോക്ക്‌. എന്തു ഭംഗിയാ നോക്ക്‌ വെള്ളച്ചാട്ടത്തിന്‌"!
അമ്മ ആവേശത്തിലായിരുന്നു. ചിന്നു മുഖം തിരിച്ചൊന്നു വെള്ളച്ചാട്ടത്തിലേക്ക്‌ നോക്കി. എന്നിട്ട്‌ ലീഫ്‌ലെറ്റിലേക്ക്‌ ചൂണ്ടി "ഇതിലൂണ്ട്‌"! ഈ തണുപ്പത്ത്‌ , ഇരുട്ടത്ത്‌ ഇതു കാണാന്‍ വന്നതെന്തിനാ, ഈ ലീഫ്‌ലെറ്റിലും ഉണ്ടല്ലോ നയാഗ്രാന്ന്!

പിറ്റേന്നും തണുപ്പിനു കുറവൊന്നുമില്ലായിരുന്നു. അച്ഛനും അമ്മയും ചിന്നൂനേം കൂട്ടി കാനഡായിലുള്ള 'കുതിരവളയ'ച്ചാട്ടം കാണാനിറങ്ങി. അവിടന്നുള്ള കാഴ്ച അവര്‍ണ്ണനീയമായിരുന്നു. ചിന്നു അപ്പോഴും സ്റ്റ്രോളറില്‍ വേറെങ്ങോ നോക്കി ഇരിക്കുകയായിരുന്നു.
"ഇവിടെ നോക്ക്‌ മോനേ, നയാഗ്ര എന്തു രസാ നോക്ക്‌!" ചി
ന്നു തല ചെരിച്ചതേയില്ല. സന്ദര്‍ശകരെ കയറ്റിയിറക്കി നീങ്ങുന്ന ബസ്സുകളിലും കാറുകളിലുമായിരുന്നു അവന്റെ ശ്രദ്ധ മുഴുവന്‍. അവിടേക്ക്‌ കൈ ചൂണ്ടി അവന്‍ ഉത്സാഹത്തോടെയാണ്‌ പറഞ്ഞത്‌. "അവ്‌ടെ നെറച്ച്‌ കാറും ബസ്സുമുണ്ട്‌"!
ഒരു രണ്ടര വയസ്സുകാരനേയും കൊണ്ട്‌ നയാഗ്ര കാണാനിറങ്ങിയ അച്ഛനേയും അമ്മയേയും പറഞ്ഞാല്‍ മതിയല്ലോ!

പുത്തനുടുപ്പുകള്‍

ചിന്നുവും അമ്മയും കൂടെ ഷോപ്പിങ്ങിനു പോയപ്പോള്‍, ചിന്നുവിന്‌ രണ്ട്‌ പുത്തനുടുപ്പുകള്‍ വാങ്ങിച്ചു. ഒന്ന്‌ കരിനീല ഷര്‍ട്ടില്‍ surfer എന്ന്‌ ഇളം നീലയില്‍ എഴുതി, രണ്ട്‌ സര്‍ഫിംഗ്‌ ബോട്ടുകളുടെ പടമുള്ളത്‌. ഇനിയൊന്ന് ആഷില്‍ റെഡ്‌ കളറിലെ എഴുത്തുള്ള ഷര്‍ട്ടിനു കൂട്ടായി റെഡ്‌ മുക്കാല്‍ പാന്റുള്ളത്‌. ചിന്നൂനും അമ്മയ്ക്കും ഒത്തിരി ഇഷ്ടായി രണ്ടും. വീട്ടില്‍ വന്നപ്പോള്‍ അച്ഛനും ഇഷ്ടായി.

പിറ്റേന്ന് ബ്ലൂവിലുള്ള ഉടുപ്പിട്ടാണ്‌ ചിന്നു മമ്മയുടെ അടുത്ത്‌ പോയത്‌. മമ്മയും പറഞ്ഞു,
"ഹായ്‌, എന്തു രസാ....എവിട്ന്നാ, മേടിച്ചേ ചിന്നൂ ഇത്‌?"
"വാള്‍-മാട്ടീന്നാ..".
അതിനു പിറ്റേന്ന് ചിന്നു റെഡ്‌ ഉടുപ്പിറക്കി. അന്നും മമ്മ തിരക്കി. "ഹായ്‌, ഇതെവിടന്നാ ചിന്നൂ ?"
"വാള്‍-മാട്ടീന്നാ..".

അതിനു പിറ്റേന്നിടാന്‍ ചിന്നൂന്‌ പുതിയ ഉടുപ്പൊന്നുമില്ലായിരുന്നു. വാങ്ങിയപ്പോള്‍ നീളം കൂടുതലായിരുന്നതിനാല്‍ മാറ്റി വെച്ചിരുന്ന ഒരു ജീന്‍സ്‌ പാന്റാണ്‌ അമ്മ ഇട്ടു കൊടുത്തത്‌. കൂട്ടായി ഒരു ഗ്രീന്‍ ഷര്‍ട്ടും. ഇത്തവണ മമ്മ ഒന്നും പറഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ജീന്‍സിന്റെ രണ്ടു കാലിലും കൈയാലെത്തിച്ചു പിടിച്ച്‌, വശങ്ങളിലേക്ക്‌ ചെരിഞ്ഞ്‌, ചിന്നു പറഞ്ഞു. "ഇത്‌ ചിന്നൂം അമ്മേം കൂടി എവ്‌ടുന്നോ മേടിച്ചതാ..."! മമ്മ കേട്ടു. ചിരിയും വന്നു. എന്നിട്ടും കേട്ടതായി ഭാവിച്ചില്ല. ചിന്നു വീണ്ടും അതേ ആട്ടത്തോടെ "ഇത്‌ ചിന്നൂം അമ്മേം കൂടി എവ്‌ടുന്നോ മേടിച്ചതാ...". ഇത്തവണ മമ്മയ്ക്ക്‌ ചിരി അടക്കാനായില്ല. പാവം ചിന്നു. മമ്മ പൊട്ടിച്ചിരിച്ചതെന്തിനാണെന്ന് ചിന്നൂന്‌ മനസ്സിലായില്ല!

ശനിയാഴ്‌ച, ജൂൺ 10, 2006

സ്നേഹമുള്ള പുത്രന്‍

അമ്മയ്ക്കൊരു മുട്ടു വേദന. എന്താവാം കാരണം? മൂന്നു വയസ്സാവാറായ 'ബിഗ്‌ ബോയ്‌' കുട്ടന്‍ ഇപ്പോഴും അമ്മയുടെ ഒക്കത്ത്‌ കേറിയാണ്‌ പലപ്പോഴും മോളില്‍ പോകാറ്‌ എന്നതാണ്‌ അമ്മ കണ്ടെത്തിയ കാരണം.
"ചിന്നൂ, ഇനി അമ്മയോട്‌ എടുക്കാന്‍ പറയരുത്‌, ട്ടോ... അമ്മയ്ക്കൊരു മുട്ടു വേദന"
"എവ്‌ടെ?" ചിന്നൂന്റെ ചോദ്യം ആത്മാര്‍ത്ഥമായിരുന്നു. മിടുക്കന്‍... ഇനി എടുപ്പിക്കില്ലായിരിക്കും.

5 മിനിട്ട്‌ കഴിഞ്ഞില്ല.
"അമ്മേ... ചിന്നൂന്‌ മോളില്‍ പോണം. ചിന്നൂന്‌ കാല്‌ കഴച്ചു. അമ്മ എടുക്ക്‌"
ദാ... കിടക്കുണൂ...!:(
"ചിന്നൂ... അമ്മയെക്കൊണ്ട്‌ എടുപ്പിക്കല്ലേ... അമ്മയ്ക്ക്‌ വയ്യ എന്ന് പറഞ്ഞില്ലേ? അമ്മയ്ക്ക്‌ വയ്യാണ്ടായാല്‍, കുട്ടന്‍ അമ്മേ ഹോസ്പിറ്റലില്‍ കൊണ്ടു പോവ്വേണ്ടി വരും, കേട്ടോ"
ഭീഷണിയായിരുന്നു. പക്ഷേ ഫലിച്ചില്ല. :(
"ചിന്നൂം അച്ഛനും കൂടി കൊണ്ടുപോവും. കാറില്‍ കേറ്റി കൊണ്ടു പോവും. അച്ഛ അമ്മേടെ തലേല്‌ പിടിക്കും. ചിന്നു കാലില്‌ പിടിക്കും".

അസ്സലായി!കൂടുതല്‍ വാചകമടിക്കാന്‍ നിന്നില്ല. എടുത്ത്‌ മോളിലേക്ക്‌ കൊണ്ടു പോയി. മുകളില്‍ എത്തിയതും താഴെയിറങ്ങി പുത്രന്‍ ഒരോട്ടം. തിരിച്ചെത്തിയത്‌ കൈയില്‍ 'വോലിനി'യുമായി.
"അമ്മ മുട്ടില്‍ പുരട്ടിക്കോ...വേദന മാറട്ടെ"!
എത്ര സ്നേഹമുള്ള പുത്രന്‍! :)