വ്യാഴാഴ്‌ച, ഡിസംബർ 28, 2006

സാന്റായുടെ സമ്മാനം

“സാന്റായുടെ അടുത്തു നിന്നു നിങ്ങള്‍ക്ക് എന്ത് സമ്മാനം വേണം?” സ്കൂളില്‍ വെച്ച് മിസ്സ് ജെന്നിയാണ് ചോദിച്ചത്. റേച്ചല്‍ പറഞ്ഞു, “I want a marble ball that goes around and around". ജാക്കിന് ഒരു പാട് ഗിഫ്റ്റ്സ് വേണം. ടോം പറഞ്ഞു, “I want a reindeer". റെയിന്‍‌ഡിയര്‍ എന്താണെന്ന് ചിന്നുവിനറിയാം. അതു കൊണ്ട് തന്റെ ഊഴം വന്നപ്പോള്‍ ചിന്നുവും പറഞ്ഞു, “റെയിന്‍‌ഡിയര്‍!”

സാന്റയ്ക്കായുള്ള എഴുത്ത് മിസ്സ് ജെന്നി തന്നെ എഴുതി തന്നു.
Dear Santa,
I want a reindeer for Christmas.
Love,
Chinmay

ക്ലാസ്സിനു പുറത്ത് എല്ലാവരുടേയും എഴുത്തുകള്‍ മിസ്സ് ഒട്ടിച്ചു വെച്ചിരുന്നു. വൈകീട്ട് എത്ര ഉത്സാഹത്തോടെയാണെന്നോ ചിന്നു തന്റെ എഴുത്ത് അമ്മയെ കാണിച്ചത്.
“ഓഹോ, ചിന്നൂന് റെയിന്‍‌ഡിയറാണോ വേണ്ടത്?! റെയിന്‍‌ഡിയറിനെ അപ്പോ ആരു നോക്കും?ചിന്നൂനേം റെയിന്‍‌ഡിയറിനേയും കൂടെ ഒരേ റൂമില്‍ രാത്രി കിടത്തിയാലോ?”

അവന്റെ മുഖം അപ്പോഴേയ്ക്കും വല്ലാതെ മാറിയിരുന്നു.
“റെയിന്‍‌ഡിയറിന്റെ ടോയല്ലേ സാന്റാ തരാ??”
“ആവോ, അറിയില്ല”
“ചിന്നൂനത് വേണ്ടാ... വേറേ ഗിഫ്റ്റ് മതി”. ചിന്നു കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.
“അതു പോട്ടെ, ട്ടോ മോനേ.. അച്ഛനും അമ്മയും സാന്റായെ ഫോണ്‍ വിളിച്ചു പറയാം..കേട്ടോ. റെയിന്‍‌ഡിയര്‍ കൊണ്ടു വരേണ്ടാ എന്നു പറയാം. വേറെ എന്തു വേണം ചിന്നൂന്?“
“ചിന്നൂന് ഒരു വടി മതി എന്നാല്‍...”
“വടിയോ? അതെന്തിന്??”
“അത്... ചിന്നൂന് മൌസിനെ ഓടിക്കാനാ...” !! (ഈ മൌസ് എവിടെ നിന്ന് എന്തിന് വന്നെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല, കേട്ടോ..:))

ക്രിസ്മസിന് പിന്നേയും ദിവസങ്ങള്‍ ബാക്കിയായിരുന്നെങ്കിലും ദിവസവും രാവിലെ ചിന്നു ചോദിക്കും. “താഴെ റെയിന്‍‌ഡിയര്‍ നി‍ക്കുണ്ടാവോ? ചിന്നൂന് റെയിന്‍‌ഡിയറിനെ വേണ്ടാ...”

ക്രിസ്മസിന്റെ തലേന്ന് അച്ഛന്‍ ഒരു വടി പൊതിഞ്ഞ് ‘To Chinnu From Santa ‘എന്ന ലേബലൊക്കെ ഒട്ടിച്ച് ക്രിസ്മസ് ട്രീക്കരികില്‍ വെച്ചു. ഒരു ശങ്കയോടെയാണ് ചിന്നു രാവിലെ ട്രീയ്ക്കരികിലേക്ക് ഓടി വന്നത്. “ഗിഫ്റ്റ് എന്താണോ?” റെയിന്‍‌ഡിയറല്ലെന്നു കണ്ടപ്പോളാണ് അവനൊന്നാശ്വാസമായത്. ചോദിച്ച പോലെ വടിയാണ് സാന്റാ തന്നതെന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം. കുറച്ചു നേരത്തെ കളി കഴിഞ്ഞപ്പോള്‍ അവന് വടി മതിയായി. ‘മൌസിനെ ഓടിക്കാന്‍ ആ വടിക്ക് നീളം പോരാത്രെ!’.

ഇനിയിപ്പോള്‍ അടുത്ത ക്രിസ്മസിനെങ്കിലും വേണ്ടതെന്തെന്ന് കൃത്യമായിത്തന്നെ സാന്റായെ എഴുതി അറിയിക്കണം എന്നു ചിന്നുവിനോട് പറഞ്ഞിരിക്കുകയാണ് അച്ഛന്‍.

വ്യാഴാഴ്‌ച, ഡിസംബർ 14, 2006

C for പുഴു, J for മനുഷന്‍(!)

“A for Apple, B for Baby, C for പുഴു, ....., J for മനുഷന്‍, ....., X for bones, Y for yellow and Z for Zebra. അത്രേയുള്ളൂ. ഇതു തീര്‍ന്നു.“

ചിന്നു അവന്റെ ആല്‍ഫബെറ്റ് ബുക്ക് വായിച്ചു തീര്‍ത്തു. ചിത്രം നോക്കിയാണ് വായന.
C for Caterpillar എന്നാണ് പുസ്തകത്തില്‍. തല്‍ക്കാലം അവന് കാറ്റര്‍പില്ലറൊന്നും വഴങ്ങില്ല. അതാണ് C for പുഴു :)
J - ജമ്പ് ചെയ്യുന്ന ഒരാളെയാണ് കാണിച്ചിരിക്കുന്നത്. അവന്‍ വായിച്ചത് J for മനുഷന്‍!
X-ray യുടെ ചിത്രം അവന്റെ കണ്ണില്‍ ബോണ്‍സ്. :)

വ്യാഴാഴ്‌ച, ഡിസംബർ 07, 2006

ക്രിസ്മസ് വരണത് എങ്ങന്യാ?

“മമ്മേടെ വീട്ടിലെ ലൈറ്റ്സ് എന്ത് രസാ..!”
“നല്ല രസമുണ്ട് ല്ലേ, ചിന്നൂ. . നമുക്കും ഒരു ക്രിസ്മസ് ട്രീ വാങ്ങാം കേട്ടോ”
“റോഡിലൊക്കെ എത്ര ലൈറ്റ്സാ..ഹായ്!”
“ക്രിസ്മസ് വരികയല്ലേ... അതാ..”
“ക്രിസ്മസ് ഈ റോഡീക്കൂടെ നടന്നാണോ വരാ? അതാണോ ഇവിടെയൊക്കെ ലൈറ്റ്സ്?”
“ഹഹഹാ ചിന്നൂ. ക്രിസ്മസ് ജീസസിന്റെ ഹാപ്പി ബര്‍ത്ഡേ അല്ലേ? അന്ന് സമ്മാനങ്ങളൊക്കെ കൊണ്ട് ക്രിസ്മസ് അപ്പൂപ്പന്‍ വരും“
“നടന്നല്ലെങ്കില്, ചെലപ്പോ, ക്രിസ്മസ് കാറില് കേറിയാവും വരുന്നത്”
“ക്രിസ്മസ് അല്ല ചിന്നൂ... സാന്താക്ലോസ് അപ്പൂപ്പന്‍ :)”

വെള്ളിയാഴ്‌ച, നവംബർ 10, 2006

നീല നിറം!

“അച്ഛാ, ‘മി. പൊട്ടാറ്റോ ഹെഡി’നെന്താ ബ്ലു ഐസ് ഉള്ളത്?“
“ചിലര്‍ക്കൊക്കെ നീലക്കണ്ണുകളുണ്ടാകും, ചിന്നൂ..”
“മഞ്ഞക്കണ്ണുണ്ടോ?”
“അതുണ്ടാവില്ല”
“ഗ്രീനുണ്ടോ പറയൂ...”
“പച്ചക്കണ്ണുകളും ഉണ്ട്”

ബ്ലു ചിന്നൂന് ഏറ്റവും പ്രിയപ്പെട്ട നിറമാണ്. വലുതാവുമ്പോ ചിന്നു ബ്ലു കാറാണല്ലോ വാങ്ങുക!
“അതെന്താ ബ്ലു ഐസ് ഉണ്ടായത് എന്ന് പറയൂ...”
“അതിവിടെ അമേരിക്കയിലൊക്കെ ചിലര്‍ക്ക് ബ്ലു ഐസുണ്ടാകും, ചിലര്‍ക്ക് ഗ്രീനാവും, ചിലര്‍ക്ക് ബ്രൌണും വേറെ ചിലര്‍ക്ക് ബ്ലാക്കും..”
“ചിന്നു അമേരിക്കയിലല്ലേ? എന്നിട്ടെന്താ ചിന്നൂന് ബ്ലു ഐസ് ഇല്ലാത്തത്??”
“അത് ചിന്നൂന്റെ അച്ഛനും അമ്മയ്ക്കും ബ്ലു ഐസ് ഇല്ലാത്തതു കൊണ്ട്...”
“അതെന്താ ചിന്നൂന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്തത്? ചിന്നൂന് ബ്ലു ഐസ് ആയിരുന്നു ഇഷ്ടം :(“

*********************************************************

വമ്പിച്ച ക്ലോസ്‌ഔട്ട് സെയിലുണ്ടായിരുന്ന ആ പുസ്തകക്കടയില്‍, വാങ്ങാന്‍ പറ്റിയ പുസ്തകങ്ങള്‍ നോക്കി നടക്കുകയായിരുന്നു ഞങ്ങള്‍. പറ്റിയതൊന്നും കാണാതെ അടുത്ത സെക്‍ഷനിലേക്ക് കടക്കാന്‍ തുടങ്ങിയ ഞങ്ങള്‍ക്ക് നേരെ ചിന്നു ഒരു പുസ്തകം എടുത്തു നീട്ടി.
“ഇതായാലോ?”
മിലന്‍ കുന്ദേരയുടെ ഒരു നോവല്‍!
“ഇതു നല്ല പുസ്തകമാണല്ലോ, ചിന്നൂ”
“അമ്മയ്ക്ക് ഈ ബ്ലു കവര്‍ ഇഷ്ടായോ? മുങ്കോയുടെയും മക്‍ഡൊണാള്‍ഡ് അപ്പൂ‍പ്പന്റേയും ബുക്ക്സ് പോലെ തോന്നി ചിന്നൂന്. “
“ഇഷ്ടായീലോ...”
“ഈ ബ്ലു ചിന്നൂന്റെ ഫേവറിറ്റാ... അതാ ചിന്നു ഈ ബുക്ക് തന്നത്.” :)

ശനിയാഴ്‌ച, ഒക്‌ടോബർ 28, 2006

സ്പൈഡര്‍മാന്‍!

അച്ഛന്റേയും അമ്മയുടേയും ഓഫീസില്‍ ഇന്നലെ കുഞ്ഞുങ്ങള്‍ക്കായി ഹാലോവീന്‍ പാര്‍ട്ടി ഉണ്ടായിരുന്നു. സ്കൂള്‍ വിട്ടു വന്നപ്പോഴേ ചിന്നു സ്പൈഡര്‍മാനായതാണ്. തണുപ്പത്തും സ്പൈഡര്‍മാന്‍ കോട്ട് ഇടില്ലാത്രേ! നല്ല സ്റ്റൈലില്‍ അവിടെ എത്തിയപ്പോഴാണ് ഓര്‍ത്തത്, സ്പൈഡര്‍മാന്‍ മുഖം‌മൂടി എടുത്തില്ലെന്ന്.

പാര്‍ട്ടിക്ക് നിറയെ കളികള്‍ ഉണ്ടായിരുന്നു. മത്തങ്ങക്കുള്ളിലൂടെ ബോള്‍ കൃത്യമായെറിഞ്ഞ് ചിന്നു ഒരു കാലിഡോസ്കോപ് സ്വന്തമാക്കി. കളിയൊക്കെ കഴിഞ്ഞാണ് ‘പ്രേതഭവനം’ കാണാന്‍ പോയത്. അവിടെ എത്തിയപ്പോഴല്ലേ, സ്പൈഡര്‍മാന്റെ സകല സ്റ്റൈലും പോയത്. സ്പൈഡര്‍മാന്‍ പേടിച്ച് അലറിക്കരയുന്നു! അവസാനം അമ്മ സ്പൈഡര്‍മാനെ എടുത്ത് പ്രേതഭവനത്തില്‍ നിന്ന് ഓടി പുറത്തെത്തുകയായിരുന്നു.

“അതു മോശമായില്ലേ, സ്പൈഡര്‍മാനേ? സ്പൈഡര്‍മാന്‍ ഇങ്ങനെ പേടിക്ക്യേ? ശ്ശേ!”
“അതിനു ചിന്നു മാസ്കിട്ടില്ലല്ലോ. അപ്പോ മോണ്‍സ്റ്റേര്‍സിനൊക്കെ മനസ്സിലാവില്ല്യേ ഇതു സ്പൈഡര്‍മാനല്ലാ, ചിന്നുവാണെന്ന്? അതാ ചിന്നൂന് പേടിയായത്.”

വെള്ളിയാഴ്‌ച, ഒക്‌ടോബർ 13, 2006

തെറ്റും ശരിയും

പിറന്നാള്‍ സമ്മാനങ്ങളോരോന്നായി തുറന്നു നോക്കവേ വല്ലാത്ത ആഹ്ലാദത്തിലായിരുന്നു ചിന്നു. ചുറ്റും പരന്നു കിടക്കുന്ന പുതിയ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ അവനെ ഒറ്റയ്ക്ക് വിട്ടിട്ട് ഞങ്ങള്‍ അടുക്കളയിലേക്ക് നടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവനതാ ഓടി വരുന്നു.

“അച്ഛാ, പ്രണവ് തന്ന ടോയില്‍ ലെറ്റേര്‍സ് ഒക്കെ തെറ്റാ...”
അവനിതെന്താ പറയണേന്ന് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ആദ്യം മനസ്സിലായില്ല.
“Aയും Bയും ഒക്കെ തെറ്റാ... Cയും Pയും കറക്റ്റാ...”

ആ കളിപ്പാട്ടത്തില്‍ ഒരു ലെറ്റര്‍ അമര്‍ത്തിയാല്‍, അത് എങ്ങനെ എഴുതാമെന്ന് എഴുതി കാണിക്കും. അവരെഴുതുന്നത് ഇംഗ്ലീഷ് ചെറിയ അക്ഷരങ്ങളാണ്. ചിന്നുവിന് ഇംഗ്ലീഷ് വലിയ അക്ഷരങ്ങളേ അറിയൂ. Cയും Pയും രണ്ടു രീതിയിലും ഒരു പോലാണല്ലോ എഴുതുക. അവന് പരിചയമില്ലാത്ത രീതിയിലാണ് Aയും Bയും ഒക്കെ എഴുതുന്നത്. അതു ശരി. അപ്പോള്‍ അതാണ് കാര്യം. ഇപ്പോഴല്ലേ മനസ്സിലായത് :)

ഞായറാഴ്‌ച, ഒക്‌ടോബർ 08, 2006

മത്തങ്ങാക്കുട്ടന്മാര്‍














ഇവിടെ ഇപ്പോള്‍ ശിശിരം. നിറയുന്ന വര്‍ണ്ണങ്ങളും പൊഴിയുന്ന ഇലകളും എവിടേയും. ഒപ്പം ഇത് മത്തങ്ങകളുടെ ഉത്സവകാലമാണ് . വീടുകളില്‍, ഓഫീസുകളില്‍ എല്ലാം മത്തങ്ങകള്‍ അലങ്കാരമാകുന്നു. മത്തങ്ങയില്‍ വിരിയുന്ന മുഖഭാവങ്ങള്‍ സുന്ദരം.
ഇന്നലെ ഞങ്ങള്‍ ചിന്നുവിനേയും കൊണ്ട് ഒരു ‘പം‌പ്കിന്‍ പാച്ച്’ കാണാന്‍ പോയി. ഒന്നു രണ്ട് കുട്ടി മത്തങ്ങകള്‍ അവന്‍ തിരഞ്ഞെടുത്തു. അത് അവന് വീടിനു മുമ്പില്‍ അലങ്കാരമായി വെയ്ക്കാനാണത്രെ.

“അമ്മേ, ഈ പംപ്കിന്‍ എടുത്ത് കൂട്ടാന്‍ വെയ്ക്കല്ലേ, ട്ടോ. കഴിഞ്ഞ തവണ വാങ്ങിയത് അമ്മ കൂട്ടാന്‍ വെച്ചപ്പോള്‍ ചിന്നൂന് സങ്കടമായി.”

ഇത്തവണത്തെ മത്തങ്ങകള്‍ തൊട്ടുപോവില്ലെന്ന് അവന് വാക്കു കൊടുത്തിരിക്കുകയാണ് ഞാന്‍.

ശനിയാഴ്‌ച, ഒക്‌ടോബർ 07, 2006

മഴവില്ല്

മക്‍ഡൊണാള്‍ഡ് അപ്പൂപ്പന് ഒരു ഫാം ഉണ്ട്. അവിടെ അപ്പൂപ്പനു കൂട്ടായി വയസ്സന്‍ ജോര്‍ജ്ജ് കുതിരയും, എമിലി എന്നു പേരുള്ള പശുവും ജെന്നിക്കോഴിയും ‘ഡോറിസ് ദ ഡക്കും’ അങ്ങനെ അങ്ങനെ കഥാപാത്രങ്ങള്‍ ഏറെയാണ്.

ജൂണിലെ തോരാത്ത ഒരു മഴക്കാലം. ദിവസങ്ങളായി മഴ തുടങ്ങിയിട്ട്. അരുവിയിലെ വെള്ളം പൊങ്ങിയിട്ട് ചെമ്മരിയാടുകള്‍ നനഞ്ഞു തൂങ്ങിയാണോ നില്‍ക്കുന്നതെന്നറിയില്ലല്ലോ. ട്രാക്റ്ററുമെടുത്ത് ഒന്നു നോക്കി വരാം എന്നു കരുതിയിറങ്ങിയതാണ് അപ്പൂപ്പന്‍. മുറ്റം പോലും കടന്നില്ല, മഴ വെള്ളത്തിലും ചെളിയിലും പുതഞ്ഞ് ട്രാക്റ്റര്‍ അനങ്ങാതെ നില്പായി. ഇനി എന്തു ചെയ്യും? വയസ്സനെങ്കിലും ജോര്‍ജ്ജുമൊരു കുതിരയല്ലേ.. അവനെക്കൊണ്ടു വലിപ്പിച്ചു നോക്കാം. ജോര്‍ജ്ജ് ഉള്ള ശക്തിയെല്ലാമെടുത്ത് വലിച്ചു നോക്കി. ഒരു കാര്യവുമില്ല. കൂട്ടിന് ടില്ലിക്കുതിരയേക്കൂടെ കൂട്ടിയിട്ടും ട്രാക്റ്ററിന് അനക്കമൊന്നുമില്ല. അപ്പൂപ്പന് നാലു പശുക്കളുണ്ട്. തങ്ങളും കുതിരകളേക്കാള്‍ ഒട്ടും മോശമല്ല എന്ന് അവര്‍ക്കും കാണിക്കണ്ടേ? അവരും വലിക്കാ‍ന്‍ കൂട്ടു ചേര്‍ന്നു. പക്ഷേ ഫലം നാസ്തി!

അപ്പൂപ്പന്‍ വെള്ളത്താടിയും തടവി വരാന്തയില്‍ ഇരിപ്പായി. മഴ പിന്നേയും തകൃതിയായി പെയ്യുന്നു. അപ്പൂപ്പന്റെ സങ്കടം കണ്ട് പന്നിക്കുട്ടനും ഷെല്ലിപ്പട്ടിയും എന്തിന് ഡോറിസ് ഡക്കും കൂട്ടുകാരും ലേസിപ്പൂച്ചയും വരെ സഹായിക്കാന്‍ കൂടി. അപ്പൂപ്പനും മിസ്സിസ്സ് മക്ഡൊണാള്‍ഡും കൂടെ വലി തുടങ്ങിയപ്പോള്‍ ഫാമിലെ എല്ലാരും മഴ നനഞ്ഞ് മുറ്റത്തായെന്ന് പറഞ്ഞാല്‍ മതിയല്ലോ!

മഴ കാരണം തീറ്റ രണ്ടു ദിവസമായി ശരിയാവാത്തതിന്റെ ക്ഷീണം തീര്‍ക്കാന്‍ രാവിലെത്തന്നെ ഫാം കറങ്ങാന്‍ ഇറങ്ങിയ ജെന്നിക്കോഴി മാത്രം ട്രാക്റ്റര്‍ ചെളിയില്‍ കുടുങ്ങിയ കോലാഹലമൊന്നും അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് ഓടിയെത്തിയ ജെന്നിയും ലേസിപ്പൂച്ചയുടെ വാലില്‍ തൂങ്ങി വലി തുടങ്ങി. ജെന്നി വലിച്ചു, ലേസി വലിച്ചു, അനബെല്‍ പശു ആഞ്ഞു വലിച്ചു, ജോര്‍ജ്ജ് ശക്തിയെല്ലാമെടുത്ത് ഒന്നു കൂടെ വലിച്ചു. റ്റ്ര്ര്ര്ര്രോ‍ാ‍ാം... ട്രാക്റ്റര്‍ പുറത്തെത്തി!!! യേ!! ജെന്നിക്ക് ഒരടി പൊക്കം കൂടിയെന്ന് പ്രത്യേകം പറയേണ്ടല്ലോ :) ജെന്നി കൂടി വലിക്കാന്‍ ചേര്‍ന്നപ്പോളല്ലേ, ട്രാക്റ്റര്‍ പുറത്തെത്തിയത്? അപ്പോ ആരാ ഇവിടെ ശക്തിമാന്‍/മതി?? :)

“ഐകമത്യം മഹാബലം! കണ്ടോ കൂട്ടരേ? “ അപ്പൂപ്പന് സന്തോഷം അടക്കാനായില്ല. അധികം വൈകിയില്ല, ദിവസങ്ങളോളം തുടര്‍ന്നു പെയ്ത മഴ തോര്‍ന്ന് മാനത്ത് ഭംഗിയുള്ള ഒരു മഴവില്ല് വിരിഞ്ഞു.

വായിച്ചു നീര്‍ത്തിയതും ചിന്നു ചോദിച്ചു, “മഴവില്ല് എങ്ങന്യാ ഉണ്ടായത്, അമ്മാ?”
“മഴ തോരുമ്പോള്‍ മാനത്ത് ചിലപ്പോ മഴവില്ലുണ്ടാവും ചിന്നൂ.”
“എന്നിട്ട്, ചിന്നു ഇതു വരെ മഴവില്ല് കണ്ടിട്ടില്ലല്ലോ, അമ്മാ? ഇന്നലെ മഴ പെയ്തിട്ടും ചിന്നു കണ്ടില്ലല്ലോ?!”
“അങ്ങനെ എപ്പോഴും കാണില്ല, ചിന്നൂ. ഇനി മഴവില്ല് ഉണ്ടാവുമ്പോള്‍ അമ്മ കാണിച്ചു തരാം, കേട്ടോ?“

“...ബ്ലു, ഗ്രീന്‍, മഞ്ഞ,ഓറഞ്ച്, റെഡ് “ ചിന്നു മഴവില്ലിന്റെ നിറങ്ങള്‍ എണ്ണുകയായിരുന്നു. പുസ്തകത്തില്‍ ഏഴു വര്‍ണ്ണങ്ങളില്‍ വീരിഞ്ഞു നില്‍ക്കുന്ന മഴവില്ലിന്റെ ഭംഗി മാനത്തു വിടരുന്ന വില്ലിനു കാണുമോ എന്ന സംശയം മാത്രം എന്റെ മനസ്സില്‍ ബാക്കിയായി.

ശനിയാഴ്‌ച, ഓഗസ്റ്റ് 12, 2006

ഹാപ്പി ഓര്‍ സാഡ് ?

സോഫായില്‍ ഒന്ന് കണ്ണടച്ചിരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് സ്ലേറ്റും കൊണ്ട് ചിന്നു ഓടി വന്നത്.
“അമ്മാ.. ഒരു പടം വരച്ചു തരോ? കരയണ ചിന്നൂന്റെ...”
“ചിരിക്കണ ചിന്നു ആയാലോ?”
“വേണ്ട.. കരയണ ചിന്നൂന്റെ വേണം”
ഞാന്‍ വരച്ചു തുടങ്ങി.
“അമ്മാ.. ചിന്നുന്റെ ഷര്‍ട്ട് വരക്കണം... രണ്ടു കൈയും കാണണം. “
സ്പെസിഫികേഷന്‍സ് കൂടി വരുന്നു.
“ഇനി അമ്മയെ വരക്കണം. അമ്മ ചിന്നൂന് ഒരു സോഫ്റ്റ് നാപ്കിന്‍ കൊടുക്കണ വരക്കണം”
“അമ്മ ചെറുതാ...”
ഞാന്‍ കാലങ്ങു നീട്ടി വരച്ചു. “ഇത്ര പൊക്കം മതിയോ അമ്മയ്ക്ക്?”
“മതി” അവന് തൃപ്തിയായി.
“അമ്മ മുടി കെട്ടി വെയ്ക്കണം”
അഴിച്ചിട്ടിരുന്ന മുടി കെട്ടി വെപ്പിച്ചു. ചിന്നു സ്ലേറ്റ് എന്റെ കൈയില്‍ നിന്നും വാങ്ങി, ചിത്രം ഒന്നു കൂടെ പരിശോധിച്ചു. മുഖം വിടര്‍ന്നിരിക്കുന്നു.
“അമ്മാ.. ചിന്നൂന് ഇഷ്ടാ‍യി! :)“
സ്ലേറ്റുമെടുത്ത് ഓടാന്‍ തുടങ്ങിയ അവനെ ചേര്‍ത്തു പിടിച്ച് ഞാന്‍ പതുക്കെ ചോദിച്ചു.
“ചിന്നു ഇപ്പോ ഹാപ്പി ആണോ, സാഡ് ആണോ?”
“ചിന്നു ഹാപ്പിയാ”
“പിന്നെ എന്തിനാ അമ്മയോട് കരയണ ചിന്നൂനെ വരക്കാന്‍ പറഞ്ഞത്?”
അവന്‍ ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് എന്റെ പിടി വിടുവിച്ച് ഓടുന്നതിനിടെ വിളിച്ചു പറഞ്ഞു.
“എന്തിനോ..”

വ്യാഴാഴ്‌ച, ഓഗസ്റ്റ് 10, 2006

മഴപ്പാടുകള്‍

ഓഫീസ് വിട്ട് ഞാന്‍ എത്തിയപ്പോഴേക്കും കറുത്തിരുണ്ടെത്തിയ മഴ പെയ്തൊഴിഞ്ഞിരുന്നു. മണ്ണിന്റെ നനവ് മാത്രം ബാക്കി. മമ്മയുടെ സിറ്റൌട്ടില്‍ എന്റെ ചെരുപ്പ് വീഴ്ത്തിയ നനവിന്റെ കളങ്ങള്‍ ശ്രദ്ധയില്‍ പെട്ടിരുന്നില്ല്ല. കോളിങ് ബെല്ല് അടിച്ച് കാത്തു നിന്നു. മമ്മ വാതില്‍ തുറന്നപ്പോഴേക്കും ചിന്നു ഓടിയെത്തി. അവന്റെ കണ്ണുടക്കിയത് സിറ്റൌട്ടിലെ മഴപ്പാടുകളിലാണ്. “അതെന്താ അമ്മാ, ഇവിടെ നെറ്റു പോലെ മഴ പെയ്തത്?”
“അതമ്മയുടെ ചെരുപ്പു വീഴ്ത്തിയ പാടുകളല്ലേ, ചിന്നു?”
“നെറ്റു പോലുണ്ടല്ലോ!”

ചിലന്തി വലയും ടെന്നിസ് കോര്‍ട്ടിലെ നെറ്റും ജനവാതിലിലെ നെറ്റും എല്ലാം ചൂണ്ടിക്കാട്ടി വലകളെപ്പറ്റി ഒരു ക്ലാസ്സ് ഞാന്‍ തലേന്ന് എടുത്തതേയുള്ളൂ :)

വ്യാഴാഴ്‌ച, ജൂലൈ 27, 2006

ഓടക്കുഴലും ഗിറ്റാറും

"അമ്മേ, ഉണ്ണിക്കണ്ണന്‍ ഓടക്കുഴലല്ലേ വായിക്ക്യാ?"
"അതേലോ"
"അതെന്താ ഉണ്ണിക്കണ്ണന്‍ ഗിറ്റാറ്‌ വായിക്കാത്തെ? ജോണ്‍ ചേട്ടന്‍ വായിക്കണ പോലെ..."
"അന്നൊന്നും ഗിറ്റാറ്‌ ഉണ്ടായിരുന്നില്ല കുട്ടാ..."
"അതല്ല..."
"പിന്നെ?"
"ഉണ്ണിക്കണ്ണന്‍ ചെറുതായോണ്ടാ ഗിറ്റാറ്‌ വായിക്കാത്തെ... വലുതാവുമ്പോ വായിക്കും". !!

ഞായറാഴ്‌ച, ജൂലൈ 16, 2006

ടോം & ജെറി

വിരുതന്‍ ശങ്കുവായ ജെറിയും ജെറിയുടെ സൂത്രക്കെണികളില്‍പെട്ട്‌ വലയുന്ന പാവം ടോം പൂച്ചയും ചിന്നുവിന്റെ കൂട്ടുകാരായിട്ട്‌ കുറച്ചു നാളായി. പലപ്പോഴും ചിന്നുവിന്റെ കൂടെ ജെറിയുടെ വികൃതികള്‍ ആസ്വദിക്കാന്‍ അച്ഛനും കൂടും. രണ്ടു പേരും ഒരുമിച്ചിരുന്ന് നിറുത്താതെ ചിരിക്കും. ചിന്നുവിന്‌ പക്ഷേ ടോമിനോട്‌ വലിയ സഹതാപമാണ്‌. ജെറിയെന്തിനാണിങ്ങനെ പാവം ടോമിനെ ഉപദ്രവിക്കുന്നതെന്ന് ചിന്നുവിന്‌ മനസ്സിലാവാറില്ല.

ഇത്തവണ അമ്മുമ്മയും മുത്തച്ഛനും ചിന്നുവിന്‌ രണ്ട്‌ ഇലത്താളം കൊടുത്തു വിട്ടിരുന്നു. ഇടയ്ക്ക്‌ അമ്മയും ചിന്നുവും കൂടി അതു കൊട്ടി 'രാമ രാമ രാമ രാമ രാമ രാമ പാഹിമാം' ചൊല്ലും. രണ്ടു ദിവസം മുന്‍പൊരു വലിയ ശബ്ദം കേട്ട്‌ അമ്മ നോക്കിയപ്പോഴുണ്ട്‌, ചിന്നു ഇലത്താളം വട്ടത്തില്‍ കറക്കി ഒരേറ്‌ എറിഞ്ഞതാണ്‌! ചെന്നു വീണത്‌ ഭാഗ്യത്തിന്‌ ഫയര്‍പ്ലേസിന്റെ അടിയില്‍!
"ചിന്നൂ, എന്തായിത്‌? അതെങ്ങാന്‍ ടിവിയില്‍ ചെന്ന് കൊണ്ടിരുന്നെങ്കിലോ?? പൊട്ടിപ്പോവില്ലായിരുന്നോ?!"
"ടിവി പൊട്ടിയാല്‍ ടോമും ജെറിയും പുറത്തയ്ക്ക്‌ വരോ?!"
"ടോമും ജെറിയും പുറത്തേക്ക്‌ വരേ?! അവരെ കാണാന്‍ കൂടെ പറ്റാണ്ടാവും!"
"അല്ല, ടോമും ജെറിയും അതിനകത്തുണ്ട്‌. ടിവി പൊട്ടിയാല്‍ അവര്‌ പുറത്തേക്ക്‌ വരൂലോ"

ഈശ്വരാ... എന്റെ കുഞ്ഞിന്‌ ഒന്നു പറഞ്ഞു കൊടുക്കണേ!

ഞായറാഴ്‌ച, ജൂലൈ 09, 2006

ചോദ്യം..ഭേദ്യം!

അമ്മ: ആരാ വന്നത് ചിന്നൂ?
ചിന്നു: ‘ആരോ‍ാ‘ വന്നു.

അമ്മ: എവിടെയാ പോയത്?
ചിന്നു: ‘എവിടെയോ‍ാ‍ാ‘ പോയി.

അമ്മ: എന്തിനാ അങ്ങനെ ചെയ്തത്?
ചിന്നു: ‘എന്തിനോ‍ാ‍ാ...‘

അമ്മ: അത് കാണാമോ ചിന്നൂന്?
ചിന്നു: കാണാമില്ല്യ !

സമയം എന്തായി?

ചിന്നൂന് അന്നും ഇന്നും പാല്‍ ഏറെ പഥ്യം. ഊണിനു മുമ്പും പിമ്പും പകരവും പാല്‍ കുടിക്കാന്‍ കുഞ്ഞ് റെഡി.

ഊണിന് നേരമാവുന്നു. ഭക്ഷണം ഇപ്പോള്‍ റെഡി ആകും. അപ്പോഴുണ്ട് ചിന്നു പാലു ചോദിച്ചു വരുന്നു. “അമ്മാ... പാല്”. അവന്റെ ശ്രദ്ധ തിരിക്കാനായി വെറുതെ കൈയിലെ വാച്ച് കാണിച്ചു കൊടുത്തു. “അമ്മേടെ വാച്ച് നോക്ക്, ചിന്നൂ. സമയം എത്രയായെന്ന് പറയാമോ നോക്ക്”
ചിന്നു വാച്ച് സൂ‍ക്ഷിച്ച് നോക്കുന്നു.
“പാല് കുടിക്കാനുള്ള സമയം ആയി“

ഇനി എന്തു ചെയ്യും അമ്മ?!

ഞായറാഴ്‌ച, ജൂലൈ 02, 2006

ഹായ്‌ പറഞ്ഞാല്‍...

കുളി കഴിഞ്ഞ്‌ ചിന്നു പുള്‍-അപ്സ്‌ ഇട്ടു. ഉടുപ്പ്‌ , അമ്മ എടുത്തു വെച്ചത്‌ അവന്‌ ഇഷ്ടപ്പെട്ടില്ല. എന്നാല്‍ പിന്നെ താഴെ പോയി വേറൊന്ന് ഇടാമെന്ന് ധാരണയായി. അച്ഛന്‍ മുകളിലെ മുറിയില്‍ വായനയിലാണ്‌. താഴെ പോകും മുമ്പ്‌ അച്ഛനോടൊന്ന് 'ഹായ്‌' പറഞ്ഞു പോകാം എന്നായി അമ്മ. "ഹായ്‌ പറഞ്ഞാല്‍ അച്ഛന്‍ കൂയ്‌ പറയും" എന്ന് ചിന്നു. ഉടുപ്പിട്ടിട്ടില്ലല്ലോ. പ്രാസമൊപ്പിച്ചു പറഞ്ഞത്‌ കേട്ട്‌ അച്ഛനും അമ്മയും ചിരിച്ചുപോയെന്ന് പറഞ്ഞാല്‍ മതിയല്ലോ!

How did Chinnu impress mamma?

മമ്മയുടെ വീട്ടിലെ ഒരു പതിവു വൈകുന്നേരം. ലിവിംഗ്‌ റൂമില്‍ പരന്നു കിടക്കുന്ന കളിപ്പാട്ടങ്ങള്‍. പ്രധാനമായും പരന്നു കിടക്കുന്നത്‌ ബില്‍ഡിങ് ബ്ലോക്ക്സ്‌ ആണ്‌. അത്‌ പരത്തിയിട്ടതിന്‌ ഉത്തരവാദികള്‍ ചിന്നുവും കൃഷിയും തന്നെ. അപ്പോ അത്‌ തിരിച്ചു വെയ്ക്കേണ്ടതും അവര്‍ തന്നെ. കൃഷി ഓരോന്നായി എടുത്ത്‌ ഉള്ളിലേക്ക്‌ ഓട്ടം തുടങ്ങി. ഓട്ടം പല തവണയായെങ്കിലും ബ്ലോക്ക്സ്‌ ഇനിയും പകുതിയിലധികം ബാക്കി. മമ്മ ചിന്നൂനോട്‌ പറഞ്ഞു, "കൈ നിറച്ചെടുത്ത്‌ കൊണ്ടു പോ, ചിന്നു. കൃഷി ഇതെത്രയായി ഓടുണു!". ചിന്നു എന്തു ചെയ്തു? ബാക്കിയുള്ള ബ്ലോക്ക്സ്‌ എല്ലാം അവിടെ ഇരുന്ന് കണക്റ്റ്‌ ചെയ്തു. ഒരൊറ്റ ഓട്ടത്തിന്‌ എല്ലാം ഉള്ളിലെ മുറിയിലെത്തി.
Mamma was really impressed!

ശനിയാഴ്‌ച, ജൂൺ 24, 2006

ലംബൂസമ്മാമന്‍

ചിന്നൂന്റെ അമ്മയ്ക്ക്‌ ഒരു അനിയനാണ്‌ - ചിന്നൂന്റെ അമ്മാമന്‍. ഏക 'മരുമകനോ'ടുള്ള സ്നേഹം മുഴുവന്‍ ഫോണിലൂടെ പകരുകയല്ലാതെ വേറെ നിവൃത്തിയില്ലാത്ത പാവം അമ്മാമന്‍. തനിക്കു മാത്രം കുഞ്ഞിമോനെ വിളിക്കാനായി അമ്മാമന്‍ കണ്ടെത്തിയ പേരാണ്‌ 'ലംബൂ'! അമ്മാമന്റെ 'ലംബൂസ്‌' വിളി അമ്മയ്ക്കാദ്യം അത്ര പിടിച്ചില്ല. ഇതു പണ്ട്‌ വീട്ടില്‍ കേറി വന്ന പൂച്ചയ്ക്ക്‌ അമ്മാമന്‍ കണ്ടെത്തിയ പേരു പോലുണ്ട്‌ എന്നാണ്‌ അമ്മയ്ക്ക്‌ തോന്നിയത്‌ - അന്നാ പൂച്ചയ്ക്കിട്ട പേര്‌ 'ഡമരു' എന്നായിരുന്നു. അമ്മാമന്റെ 'ലംബൂസ്‌' വിളി കേട്ടാല്‍ ചിന്നൂന്‌ ചിരി വരും.

"ചിന്നൂന്റെ അമ്മാമന്‍ വിളിക്കണൂ, ഇവിടെ വാ മോനേ". ഫോണ്‍ വരുമ്പോള്‍ അമ്മ നീട്ടി വിളിക്കും. ചിന്നൂന്‌ അമ്മാമനെ അറിയാം, ജ്യോതിസമ്മാമനെ അറിയാം, സന്തോഷമ്മാമനേം അറിയാം. ഏത്‌ അമ്മാമനാ വിളിക്കണേന്നും അറിയാം. എന്നാലും ചിന്നു ചോദിക്കും."ഏത്‌ അമ്മാമനാ?"
"ചിന്നൂന്റെ അമ്മാമന്‍"
"ലംബൂസമ്മാമനാണോ?"

എന്താപ്പോ പറയാ? വിളിക്കാന്‍ വെച്ചത്‌ പേരായീന്നോ? :) അതിലും നല്ല പഴഞ്ചൊല്ലുകളൊന്നും ഇപ്പോ ഓര്‍മ വരുന്നില്ല.

ശനിയാഴ്‌ച, ജൂൺ 17, 2006

തുമ്മണ കുട്ടാ...

വൈകീട്ട്‌ കുളിക്കുമ്പം ചിന്നുവൊന്ന് തുമ്മി. അപ്പോ, അമ്മയ്ക്കൊന്നു പാടാന്‍ തോന്നി.

തുമ്മണ കുട്ടാ, തുമ്മണ കുട്ടാ,തുമ്മണതെന്താണ്‌?
നീയിന്ന്, തുമ്മണതെന്താണ്‌?
നേരം വെളുത്തപ്പം, മാനം കറുത്തപ്പം
നീയിറങ്ങ്യോടീല്ലേ?, മഴയത്ത്‌, നീയിറങ്ങ്യോടീല്ലേ?
അമ്മ പറഞ്ഞില്ലേ, അപ്പം പറഞ്ഞില്ലേ?
ഓടിയിറങ്ങൊല്ലേ, കുഞ്ഞോനേ, ഓടിയിറങ്ങൊല്ലേ!
നേരം കറുത്തപ്പം, മാനമൊഴിഞ്ഞപ്പം
നീയിന്ന് തുമ്മാണ്‌, മഴ പോലെ മൂക്കുമൊലിക്ക്യാണ്‌!

പാടിത്തീര്‍ന്നപ്പം ചിന്നു ചോദിച്ചു, "അമ്മേടെ പാട്ടില്‌ മിന്നല്‌ണ്ടായോ?"
"ഇല്ല്യല്ലോ, ചിന്നൂ" :) അമ്പടാ!

ചിന്നൂന്റെ കുളി കഴിഞ്ഞു. പിന്നെ തുമ്മിയുമില്ല. പിന്നേയും അമ്മ ആ പാട്ടു മൂളിക്കൊണ്ടിരുന്നു. തുമ്മണ കുട്ടാ...
“അമ്മ എന്തിനാ ആ പാട്ട് പാ‍ടണേ?”
“അമ്മയ്ക്ക് ആ പാട്ട് ഇഷ്ടായിട്ട്, ചിന്നൂ. ചിന്നൂന് ഇഷ്ടായില്ലേ?”
“ഇല്ല്യ. ചിന്നൂന് ഇഷ്ടല്ല്യാച്ചാല്‍ അമ്മ ആ പാട്ട് ഓഫ് ചെയ്യോ?”!
“ഓഫ് ചെയ്തു. ഇനി പാട്ണില്ല്യ, ട്ടോ”

നയാഗ്ര

അമ്മയ്ക്കും അച്ഛനും ജ്യോതിസമ്മാമനും ഒപ്പമാണ്‌ ചിന്നു നയാഗ്ര കാണാന്‍ പോയത്‌. അവിടെ ചെന്നപ്പോള്‍ മെയ്‌ മാസമായിരുന്നിട്ടും നല്ല തണുപ്പ്‌! ദൂരം കുറേ താണ്ടിയെത്തിയതല്ലേ, തണുപ്പെന്ന് പറഞ്ഞ്‌ നയാഗ്ര കാണാതിരിക്കാനൊക്കുമോ? എല്ലാരും കൂടെ രാത്രിയിലെ 'ഇല്ല്യുമിനേഷന്‍' കാണാന്‍ തണുപ്പത്തും ഇറങ്ങി. ചിന്നു രണ്ടു കൈയും കോട്ടിന്റെ പോക്കറ്റില്‍ തിരുകി, തല കോട്ടിന്റെ ഹൂഡിലൊതുക്കി സ്റ്റ്രോളറില്‍ ചുരുണ്ടിരുന്നു. സ്റ്റ്രോളറിന്റെ വശങ്ങളില്‍ അമ്മ വിസിറ്റര്‍ സെന്ററില്‍ നിന്നെടുത്ത ലീഫ്‌ലെറ്റുകള്‍ നിറച്ചു വെച്ചിരുന്നു. അവിടെ ചെന്നപ്പോള്‍ നിറങ്ങളുടെ മാസ്മരികതയില്‍ നിറഞ്ഞാടുന്ന നയാഗ്ര! അമ്മയുടെ മനം കുളിര്‍ത്തു. നോക്കിയപ്പോള്‍ ചിന്നു ഒരുറക്കത്തിനുള്ള തയ്യാറെടുപ്പെന്ന പോലെ തല കുനിച്ചിരിക്കുന്നു.
"നോക്ക്‌, ചിന്നൂ... നയാഗ്ര നോക്ക്‌. എന്തു ഭംഗിയാ നോക്ക്‌ വെള്ളച്ചാട്ടത്തിന്‌"!
അമ്മ ആവേശത്തിലായിരുന്നു. ചിന്നു മുഖം തിരിച്ചൊന്നു വെള്ളച്ചാട്ടത്തിലേക്ക്‌ നോക്കി. എന്നിട്ട്‌ ലീഫ്‌ലെറ്റിലേക്ക്‌ ചൂണ്ടി "ഇതിലൂണ്ട്‌"! ഈ തണുപ്പത്ത്‌ , ഇരുട്ടത്ത്‌ ഇതു കാണാന്‍ വന്നതെന്തിനാ, ഈ ലീഫ്‌ലെറ്റിലും ഉണ്ടല്ലോ നയാഗ്രാന്ന്!

പിറ്റേന്നും തണുപ്പിനു കുറവൊന്നുമില്ലായിരുന്നു. അച്ഛനും അമ്മയും ചിന്നൂനേം കൂട്ടി കാനഡായിലുള്ള 'കുതിരവളയ'ച്ചാട്ടം കാണാനിറങ്ങി. അവിടന്നുള്ള കാഴ്ച അവര്‍ണ്ണനീയമായിരുന്നു. ചിന്നു അപ്പോഴും സ്റ്റ്രോളറില്‍ വേറെങ്ങോ നോക്കി ഇരിക്കുകയായിരുന്നു.
"ഇവിടെ നോക്ക്‌ മോനേ, നയാഗ്ര എന്തു രസാ നോക്ക്‌!" ചി
ന്നു തല ചെരിച്ചതേയില്ല. സന്ദര്‍ശകരെ കയറ്റിയിറക്കി നീങ്ങുന്ന ബസ്സുകളിലും കാറുകളിലുമായിരുന്നു അവന്റെ ശ്രദ്ധ മുഴുവന്‍. അവിടേക്ക്‌ കൈ ചൂണ്ടി അവന്‍ ഉത്സാഹത്തോടെയാണ്‌ പറഞ്ഞത്‌. "അവ്‌ടെ നെറച്ച്‌ കാറും ബസ്സുമുണ്ട്‌"!
ഒരു രണ്ടര വയസ്സുകാരനേയും കൊണ്ട്‌ നയാഗ്ര കാണാനിറങ്ങിയ അച്ഛനേയും അമ്മയേയും പറഞ്ഞാല്‍ മതിയല്ലോ!

പുത്തനുടുപ്പുകള്‍

ചിന്നുവും അമ്മയും കൂടെ ഷോപ്പിങ്ങിനു പോയപ്പോള്‍, ചിന്നുവിന്‌ രണ്ട്‌ പുത്തനുടുപ്പുകള്‍ വാങ്ങിച്ചു. ഒന്ന്‌ കരിനീല ഷര്‍ട്ടില്‍ surfer എന്ന്‌ ഇളം നീലയില്‍ എഴുതി, രണ്ട്‌ സര്‍ഫിംഗ്‌ ബോട്ടുകളുടെ പടമുള്ളത്‌. ഇനിയൊന്ന് ആഷില്‍ റെഡ്‌ കളറിലെ എഴുത്തുള്ള ഷര്‍ട്ടിനു കൂട്ടായി റെഡ്‌ മുക്കാല്‍ പാന്റുള്ളത്‌. ചിന്നൂനും അമ്മയ്ക്കും ഒത്തിരി ഇഷ്ടായി രണ്ടും. വീട്ടില്‍ വന്നപ്പോള്‍ അച്ഛനും ഇഷ്ടായി.

പിറ്റേന്ന് ബ്ലൂവിലുള്ള ഉടുപ്പിട്ടാണ്‌ ചിന്നു മമ്മയുടെ അടുത്ത്‌ പോയത്‌. മമ്മയും പറഞ്ഞു,
"ഹായ്‌, എന്തു രസാ....എവിട്ന്നാ, മേടിച്ചേ ചിന്നൂ ഇത്‌?"
"വാള്‍-മാട്ടീന്നാ..".
അതിനു പിറ്റേന്ന് ചിന്നു റെഡ്‌ ഉടുപ്പിറക്കി. അന്നും മമ്മ തിരക്കി. "ഹായ്‌, ഇതെവിടന്നാ ചിന്നൂ ?"
"വാള്‍-മാട്ടീന്നാ..".

അതിനു പിറ്റേന്നിടാന്‍ ചിന്നൂന്‌ പുതിയ ഉടുപ്പൊന്നുമില്ലായിരുന്നു. വാങ്ങിയപ്പോള്‍ നീളം കൂടുതലായിരുന്നതിനാല്‍ മാറ്റി വെച്ചിരുന്ന ഒരു ജീന്‍സ്‌ പാന്റാണ്‌ അമ്മ ഇട്ടു കൊടുത്തത്‌. കൂട്ടായി ഒരു ഗ്രീന്‍ ഷര്‍ട്ടും. ഇത്തവണ മമ്മ ഒന്നും പറഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ജീന്‍സിന്റെ രണ്ടു കാലിലും കൈയാലെത്തിച്ചു പിടിച്ച്‌, വശങ്ങളിലേക്ക്‌ ചെരിഞ്ഞ്‌, ചിന്നു പറഞ്ഞു. "ഇത്‌ ചിന്നൂം അമ്മേം കൂടി എവ്‌ടുന്നോ മേടിച്ചതാ..."! മമ്മ കേട്ടു. ചിരിയും വന്നു. എന്നിട്ടും കേട്ടതായി ഭാവിച്ചില്ല. ചിന്നു വീണ്ടും അതേ ആട്ടത്തോടെ "ഇത്‌ ചിന്നൂം അമ്മേം കൂടി എവ്‌ടുന്നോ മേടിച്ചതാ...". ഇത്തവണ മമ്മയ്ക്ക്‌ ചിരി അടക്കാനായില്ല. പാവം ചിന്നു. മമ്മ പൊട്ടിച്ചിരിച്ചതെന്തിനാണെന്ന് ചിന്നൂന്‌ മനസ്സിലായില്ല!

ശനിയാഴ്‌ച, ജൂൺ 10, 2006

സ്നേഹമുള്ള പുത്രന്‍

അമ്മയ്ക്കൊരു മുട്ടു വേദന. എന്താവാം കാരണം? മൂന്നു വയസ്സാവാറായ 'ബിഗ്‌ ബോയ്‌' കുട്ടന്‍ ഇപ്പോഴും അമ്മയുടെ ഒക്കത്ത്‌ കേറിയാണ്‌ പലപ്പോഴും മോളില്‍ പോകാറ്‌ എന്നതാണ്‌ അമ്മ കണ്ടെത്തിയ കാരണം.
"ചിന്നൂ, ഇനി അമ്മയോട്‌ എടുക്കാന്‍ പറയരുത്‌, ട്ടോ... അമ്മയ്ക്കൊരു മുട്ടു വേദന"
"എവ്‌ടെ?" ചിന്നൂന്റെ ചോദ്യം ആത്മാര്‍ത്ഥമായിരുന്നു. മിടുക്കന്‍... ഇനി എടുപ്പിക്കില്ലായിരിക്കും.

5 മിനിട്ട്‌ കഴിഞ്ഞില്ല.
"അമ്മേ... ചിന്നൂന്‌ മോളില്‍ പോണം. ചിന്നൂന്‌ കാല്‌ കഴച്ചു. അമ്മ എടുക്ക്‌"
ദാ... കിടക്കുണൂ...!:(
"ചിന്നൂ... അമ്മയെക്കൊണ്ട്‌ എടുപ്പിക്കല്ലേ... അമ്മയ്ക്ക്‌ വയ്യ എന്ന് പറഞ്ഞില്ലേ? അമ്മയ്ക്ക്‌ വയ്യാണ്ടായാല്‍, കുട്ടന്‍ അമ്മേ ഹോസ്പിറ്റലില്‍ കൊണ്ടു പോവ്വേണ്ടി വരും, കേട്ടോ"
ഭീഷണിയായിരുന്നു. പക്ഷേ ഫലിച്ചില്ല. :(
"ചിന്നൂം അച്ഛനും കൂടി കൊണ്ടുപോവും. കാറില്‍ കേറ്റി കൊണ്ടു പോവും. അച്ഛ അമ്മേടെ തലേല്‌ പിടിക്കും. ചിന്നു കാലില്‌ പിടിക്കും".

അസ്സലായി!കൂടുതല്‍ വാചകമടിക്കാന്‍ നിന്നില്ല. എടുത്ത്‌ മോളിലേക്ക്‌ കൊണ്ടു പോയി. മുകളില്‍ എത്തിയതും താഴെയിറങ്ങി പുത്രന്‍ ഒരോട്ടം. തിരിച്ചെത്തിയത്‌ കൈയില്‍ 'വോലിനി'യുമായി.
"അമ്മ മുട്ടില്‍ പുരട്ടിക്കോ...വേദന മാറട്ടെ"!
എത്ര സ്നേഹമുള്ള പുത്രന്‍! :)

ബുധനാഴ്‌ച, ഏപ്രിൽ 05, 2006

സൂര്യനുറങ്ങുമ്പോള്‍...

"അമ്മേ, ചിന്നൂന്‌ ഒറക്കം വരണു"
"ഇപ്പൊ ഉറക്കം വരേ! ചിന്നു പുറത്തേക്കൊന്നു നോക്ക്‌... സൂര്യനുറങ്ങിയോ നോക്ക്‌..."
"ഇല്ല്യ.. സൂര്യന്‍ ഉറങ്ങീട്ടില്ല്യ"
"സൂര്യന്‍ ഉറങ്ങാതെ ചിന്നു ഉറങ്ങാറുണ്ടോ?"
"ഇല്ല്യ.."
"ഇല്ല്യ.. അപ്പോ കുറച്ചു കഴിഞ്ഞു ഉറങ്ങാം.ട്ടൊ"
"സൂര്യന്‍ എവടയ്ക്കാ ഉറങ്ങാന്‍ പോണത്‌, അമ്മേ?"
"സൂര്യന്‍ കടലിന്റെ അടിയിലേക്കങ്ങ്‌ പോകും. നന്നായി ഉറങ്ങി പിറ്റേന്ന് വീണ്ടും ഉദിക്കും"
"ഏത്‌ കടലില്‍?"
"അത്‌ അങ്ങകലെയുള്ള ഒരു കടലില്‍.."
"ഏത്‌ കടലില്‍??"
"അത്‌ അച്ഛന്‍ വരുമ്പോള്‍ നമുക്ക്‌ ചോദിക്കാം, കേട്ടോ, അച്ഛനറിയോന്ന്.."
* * * * * * * * *
"സൂര്യന്‍ ഉറങ്ങീ, അമ്മേ! ചിന്നൂന്‌ ഒറക്കം വരണു..."
"ചിന്നു എന്നാല്‍ ഉറങ്ങിക്കോ... സൂര്യന്‍ എണീക്കുമ്പോ കൂടെ എണീക്കാം..കേട്ടോ...വാവാവോ.."

വെള്ളിയാഴ്‌ച, മാർച്ച് 24, 2006

സ്റ്റെപ്പിംഗ്‌ സ്റ്റൂള്‍

ചിന്നുവിന്‌ അച്ഛനും അമ്മയും ഒരു സ്റ്റെപ്പിംഗ്‌ സ്റ്റൂള്‍ വാങ്ങിച്ചു കൊടുത്തു. ഒരു രണ്ടര വയസ്സുകാരന്‌ സ്റ്റെപ്പിംഗ്‌ സ്റ്റൂള്‍ കൊടുക്കുന്ന 'അഡീഷണല്‍ പവര്‍' എത്രയാന്ന് നിശ്ചയമുണ്ടോ? ഇപ്പോ ചിന്നൂന്‌ എല്ലാ റൂമിലേയും ലൈറ്റ്‌ ഓണ്‍ ആക്കാം, ഓഫ്‌ ആക്കാം. അമ്മ ദോശ ഉണ്ടാക്കണത്‌ എത്തിനോക്കി കാണാം. വാഷ്‌ ബേസിനില്‍ കൈ എത്തിച്ച്‌ മിനിറ്റുകളോളം കൈ കഴുകാം. ടി.വി.സ്റ്റാന്‍ഡിന്‌ മുകളില്‍ നിന്നും കുരങ്ങച്ചന്റെ ഡി.വി.ഡി. എത്തിച്ചെടുത്ത്‌ ഇതു വെച്ചു തരോ അമ്മേ എന്നു പറഞ്ഞ്‌ കരഞ്ഞു പുറകെ നടക്കാം! സ്റ്റൂളില്‍ കാല്‍ വെച്ചു കേറി ജനാലപ്പടിയില്‍ ചാരിയിരിക്കാം. അച്ഛനും അമ്മയ്ക്കും ഫോണ്‍ സ്റ്റാന്റില്‍ നിന്ന് ഫോണ്‍ എടുത്തു കൊടുക്കാം... അങ്ങനെ അങ്ങനെ...

ഇതിനൊക്കെ പുറമെ, അതിനു പുറത്തു കേറി നിന്നു ജമ്പ്‌ ചെയ്യാന്‍ ചിന്നൂന്‌ വലിയ ഇഷ്ടമാ! പക്ഷേ ഇന്നലെ അങ്ങനെ ജമ്പ്‌ ചെയ്തപ്പോഴേ,ചിന്നു ഒന്ന് വീണു. ചിന്നൂന്‌ നല്ല വേദന എടുത്തു, ട്ടോ :(

ചൊവ്വാഴ്ച, മാർച്ച് 14, 2006

ഒരാനക്കഥ

"അമ്മേ...ചിന്നൂന്‌ ഒരു കത പറഞ്ഞു തരോ?"
"തരാലോ, കണ്ണാ... ഏതു കഥ പറയണം അമ്മ?"
"അമ്മേം കുട്ടീം ആനേ കണ്ട കത.."
"ഒരിടത്തൊരിടത്ത്‌ ഒരമ്മയും അമ്മേടെ പൊന്നായ ഒരു കുഞ്ഞും ഉണ്ടായിരുന്നു. ഒരു ദിവസം അമ്മയും കുഞ്ഞും കൂടെ കാട്ടില്‍ പൂ പറിക്കാന്‍ പോയി. കാടു നിറച്ചു പൂവല്ലേ? മുല്ലയും ചെത്തിയും ചെമ്പരത്തിയും എന്നു വേണ്ടാ എന്തൊക്കെ പൂക്കളാന്നറിയോ?! പൂവായ പൂവൊക്കെ പറിച്ച്‌ പൂമാല കെട്ടി അമ്മ വില്‍ക്കും."
"എന്നിട്ട്‌ ആന വന്നൂ..."
"ആന വന്നിട്ടില്ല ചിന്നൂ... അമ്മ പറയട്ടെ..:)"
"പൂ പറിക്കണമെങ്കില്‍ അമ്മക്കൊരു കൈയില്‍ പൂക്കൊട്ട പിടിക്കണ്ടേ? അപ്പോ കുഞ്ഞിനെ പിടിച്ച്‌ എങ്ങനെ പൂ പറിക്കും? അമ്മ കുഞ്ഞിനെ പതുക്കെ നിലത്ത്‌ കിടത്തീട്ട്‌ കുഞ്ഞു മോന്‍ കളിച്ചോ കേട്ടോ, അമ്മ പൂ പറിക്കട്ടെ എന്നു പറഞ്ഞു"
" അപ്പോ ആന വന്നൂൂ..."
"ഇല്ല്യ... നീ അമ്മ പറയണ കേള്‍ക്ക്‌..."
"അമ്മ അങ്ങനെ പൂ പറിച്ചു കൊണ്ടിരിക്കണ നേരത്ത്‌ പെട്ടെന്ന് ഒരു ശബ്ദം കേട്ട്‌ തിരിഞ്ഞു നോക്കിയപ്പോള്‍ എന്താ കണ്ടേന്നറിയോ?"
"ആന വന്നൂൂ...!!"
"അതെ... ഒരാന നില്‍ക്കുണൂ... അതും കുഞ്ഞിന്റെ തൊട്ടടുത്ത്‌!! അമ്മ ആകെ പേടിച്ചു പോയി! എന്താപ്പൊ ചെയ്യാ, ഈശ്വരാ!!?!! കുഞ്ഞിനെ പോയി എടുക്കാനും പറ്റില്ല്യല്ലോ! ആനയെങ്ങാന്‍ കുഞ്ഞിനെ ചവിട്ടിയാലോ? അമ്മയ്ക്കത്‌ ഓര്‍ക്കാന്‍ കൂടെ വയ്യ!"
"ആന കുട്ട്യെ ചവിട്ട്യാല്‍ എന്താ??"
"കുട്ടിക്ക്‌ വേദന എടുക്കില്ലേ? എന്തു ചെയ്യും അമ്മ??!"
"എന്തു ചെയ്യും?"
"പക്ഷേ, അതൊരു നല്ല ആനയായിരുന്നു. അത്‌ കുഞ്ഞിനെ ഒന്നും ചെയ്യാതെ, കുഞ്ഞിന്റെ ഇപ്പറത്ത്‌ ഒരു കാലു വെച്ച്‌, അപ്പറത്ത്‌ ഒരു കാലു വെച്ച്‌, മൂന്നാമത്തെ കാലിവിടെ, ഇനിയത്തെ കാല്‌ അവിടെയും വെച്ചു നടന്നു. കുഞ്ഞു കരുതി, ഇതേതു കറുത്ത മലയാണപ്പാ?! ആഹാ! ആനയായിരുന്നോ.. കുഞ്ഞ്‌ ആനയെ നോക്കി നന്നായൊന്ന് ചിരിച്ചു. ആന കുഞ്ഞിനേയും നോക്കി ചിരിച്ച്‌ തുമ്പിക്കൈ കൊണ്ട്‌ കുഞ്ഞിന്റെ നെറ്റിയില്‍ ഒരുമ്മ വെച്ചു കൊടുത്തു."
"നെറ്റിയിലാണോ ഉമ്മ വെച്ചത്‌?"
"അതേ... തുമ്പിക്കൈ നീട്ടി നെറ്റിയില്‍ നല്ലൊരു ആനയുമ്മ! ആന തന്റെ കുഞ്ഞിനെ ഒന്നും ചെയ്യാതെ പോയതു കണ്ടപ്പോള്‍ അമ്മയ്ക്ക്‌ സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ല. അമ്മ ഓടിച്ചെന്ന് കുഞ്ഞിന്റെ നെറ്റിയില്‍ തെരുതെരെ ഉമ്മ വെച്ചു!"
"നെറ്റി തൊടച്ചിട്ടാണോ അമ്മ ഉമ്മ വെച്ചത്‌?"
":) അതെ.. ആന ഉമ്മ വെച്ചതല്ലേ, അമ്മ കുഞ്ഞിന്റെ നെറ്റി തുടച്ചിട്ടാട്ടോ നെറച്ച്‌ ഉമ്മ വെച്ചത്‌!!!"
"അമ്മേ... ഇനി വേറെക്കഥ"!
"ഇനി നീയുറങ്ങ്‌,ചിന്നൂ... അടുത്ത കഥ നാളെ..."

ശനിയാഴ്‌ച, മാർച്ച് 04, 2006

ചില ഭാഷാപ്രശ്നങ്ങള്‍!

എന്റെ ഒരു കൂട്ടുകാരിക്ക്‌ പണ്ട്‌ പിണഞ്ഞൊരു അബദ്ധം ഓര്‍മയില്‍ വരുന്നു. കന്നഡക്കാരിയായ രേഖ മലയാളം പഠിക്കാന്‍ തുടങ്ങിയതേയുള്ളൂ. ആദ്യം പഠിച്ചതിലൊന്നാണ്‌ 'എന്ത്‌ പറ്റി?'. അതു പക്ഷേ രേഖ പറഞ്ഞു വരുമ്പോള്‍ 'എന്താ പട്ടി?' എന്നാകുമായിരുന്നു. ;) രേഖയ്ക്ക്‌ 'റ്റ' വഴങ്ങിയിരുന്നില്ല. മലയാളം പഠിച്ചു എന്നു കാണിക്കാന്‍ സഹപാഠിയുടെ അടുത്ത്‌ രേഖ പ്രയോഗിച്ചു നോക്കി അത്‌. സുഹൃത്തിന്റെ മുഖം മാറുന്നതു കണ്ടപ്പോള്‍ രേഖക്ക്‌ കാര്യം മനസ്സിലായി. "ആ പട്ടിയല്ല, ഇതു മട്ടേ പട്ടി" !!!

ഈയിടെ മമ്മയ്ക്ക്‌ പിണഞ്ഞൊരു അബദ്ധം ഇതു പോലെ ചിരിക്ക്‌ വക നല്‍കി.കുഞ്ഞുങ്ങളോട്‌ സ്നേഹം കൂടുമ്പോള്‍ നമ്മള്‍ എന്തൊക്കെ വിളിക്കും - പൊന്നൂ, തങ്കൂ, അച്ചൂ, കണ്ണാ, കുട്ടാ, ചക്കരേ, വാവേ, തങ്‌ക്‍ടൂ, കുട്ടൂ... അങ്ങനെ മമ്മയുടെ നാവില്‍ വന്ന വാക്കാണ്‌ 'കുക്‌ക്‍ലൂ'. മമ്മ എല്ലാരെയും വിളിക്കാറുണ്ട്‌, അത്‌- ചിന്നൂനെയും, കിചിയേയും, ലയക്കുട്ടിയേം, ലച്ചൂനേം. കിചി തെലുങ്കനാണല്ലോ. ഒരു നാള്‍ കിചീടെ നാനയും അമ്മയും കേറി വന്നപ്പോള്‍ മമ്മ സ്നേഹപൂര്‍വ്വം വിളിച്ചതാണ്‌ "കുക്‌ക്‍ലൂ... ഇവിടെ വാ". വിളി കേട്ട നാനയ്ക്കും അമ്മയ്ക്കും മുഖത്തെന്തോ പന്തി കേട്‌. "കുക്‌ക്‍ലൂ എന്നു വെച്ചാല്‍ തെലുങ്കില്‍ പട്ടീന്നാ!!" മമ്മ 'അയ്യത്തടാ' ന്നായി :)

ഇത്തവണയെന്തേ ചിന്നുവല്ലല്ലോ നായകന്‍ എന്നാരും കരുതേണ്ടാ. ചിന്നുവിന്റെ ഒരു തമാശയിലേയ്ക്കാണ്‌ നമ്മള്‍ വരുന്നത്‌. ഒരു ദിവസം കിചി ഊണിനിടെ കഴുത്തിലേയ്ക്ക്‌ കൈ ചൂണ്ടി എന്തോ പറഞ്ഞു. ആ വാക്കിന്‌ മലയാളത്തില്‍ അര്‍ത്ഥം വേറെയാണ്‌. തെലുങ്കില്‍ എന്താണാവൊ?? എന്തു പറയണം എന്നു മമ്മ ആലോചിച്ചു വരുന്നതിനിടെ ചിന്നു "അതവിടെ അല്ലാ കിചീ... അത്‌ ഇവിടെയാ.."!! ചിന്നൂന്റെ കൈ പുറകില്‍ കഴുത്തിനും വളരെ താഴേയ്ക്ക്‌ ചൂണ്ടിയിരുന്നു. മമ്മയ്ക്ക്‌ ചിരി പൊട്ടി!

ബഹുഭാഷകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളേയ്‌...!!!

വ്യാഴാഴ്‌ച, ഫെബ്രുവരി 23, 2006

തിരിച്ചടികള്‍!

ഈയിടെയായി ചിന്നൂന്റടുത്ത്‌ പറയുന്നതൊക്കെ ഒരു ബൂമറാങ്ങ്‌ പോലെ തിരിച്ചടിക്കുന്നു!
അമ്മ ചിന്നൂനോട്‌...
"ഡിങ്കിരി..ഡിങ്കിരി..ഡിങ്കിരി ഡിങ്കിരി ഡിങ്കിരിപ്പട്ടാളം!
ചിന്ന ചിന്ന ചിന്ന ചിന്ന ചിന്നപ്പട്ടാളം!!"
ഉടനടി വന്നു മറുപടി... " അമ്മപ്പട്ടാളം!"

വേറൊരിക്കല്‍ അച്ഛന്‍ കുട്ടനോട്‌ ....
"കുട്ടിക്കുറുമ്പു കാട്ടിയാലുണ്ടല്ലോ, ഇതു പോലെ രണ്ടു കൈയും കൂട്ടിപ്പിടിച്ച്‌ പ്‌ടേ! പ്‌ടേ!"
കേള്‍ക്കേണ്ട താമസം ചിന്നു അച്ഛന്റെ കൈകള്‍ കൂട്ടിപ്പിടിച്ച്‌ "അച്ഛേടെ രണ്ടു കൈയും കൂട്ടി പിടിച്ച്‌ പിടേ..പിടേ..."?!!

ശനിയാഴ്‌ച, ഫെബ്രുവരി 18, 2006

അടുക്കളയിലെ കളിപ്പാട്ടങ്ങള്‍

‍അമ്മ അടുക്കളയില്‍ പണിയെടുക്കുമ്പോള്‍ ചിന്നൂന്‌ അമ്മയുടെ അടുത്തു തന്നെ നില്‍ക്കണം. അപ്പോ എന്തു കളിക്കും?! ഇതാ ചിന്നു കണ്ടെത്തിയ ഉപായങ്ങള്‍...

അപ്പച്ചട്ടി കണ്ടിട്ടുണ്ടോ? അതില്‍ നെറച്ച്‌ കുഴികളുണ്ട്‌. ഒരു ചെറിയ ബോള്‍ അപ്പച്ചട്ടിയ്ക്ക്‌ മുകളിലെയ്ക്ക്‌ എറിഞ്ഞു നോക്കൂ... അത്‌ ഓരോ തവണയും ഓരോരോ കുഴിയില്‍ വന്നു വീഴും. ചിന്നുവിന്‌ അങ്ങനെ ബോള്‍ എറിഞ്ഞെറിഞ്ഞു കളിക്കാന്‍ ഇഷ്ടമാണ്‌. ഫിഷെര്‍ പ്രൈസ്‌ ടോയ്സിനേക്കള്‍ നല്ലതല്ലേ അത്‌??

നൂലപ്പത്തിന്റെ അച്ചും നല്ലൊരു കളിപ്പാട്ടമാണ്‌. അതിന്റെ ഉള്ളില്‍ ബോള്‍സ്‌ ഇട്ടു നിറയ്ക്കാം. അച്ചിന്റെ രണ്ട്‌ കഷ്ണങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കാം.. :) അതേ പോലെ ത്തന്നെ പുട്ടു കുറ്റിയും!പിന്നെ ചിന്നൂനിഷ്ടം ഇഡ്ഡലിത്തട്ടാണ്‌. അതിലൊന്ന് പരിചയാക്കാം. കൂട്ടിയിടിച്ചാലും ശബ്ദം കേള്‍ക്കാന്‍ നല്ല രസമാണ്‌!

ഇനി അമ്മയെങ്ങാന്‍ പാത്രങ്ങളിരിക്കുന്ന അലമാരി തുറന്നു തന്നില്ലെങ്കിലോ? അപ്പോ ചിന്നു ബോള്‍ എറിയൂലോ... ചുമരിലേയ്ക്ക്‌ എറിയും. അതു ചിലപ്പോള്‍ തെറിച്ചു വീഴണത്‌ അമ്മയുടെ ചായപ്പാത്രത്തിലേയ്ക്കെങ്ങാനുമാകും. അങ്ങനെയെങ്ങാനും വീണാല്‍ പിന്നെ കരഞ്ഞു കൊണ്ട്‌ എത്രയും പെട്ടെന്ന് ഓടുന്നതാ നല്ലത്‌! അമ്മയ്ക്കേ പെട്ടെന്ന് ദേഷ്യം വരും!

വ്യാഴാഴ്‌ച, ഫെബ്രുവരി 09, 2006

അത്‌ പാട്ടല്ല!!

ചിന്നൂന്‌ പാട്ട്‌ കേള്‍ക്കാന്‍ ഇഷ്ടമാണ്‌. അലൈ പായുതേ.. മുതല്‍ ലജ്ജാവതി വരെ നീളുന്നു ചിന്നുവിന്റെ പ്രിയ ഗാനങ്ങള്‍! അവന്റെ മറ്റു ചില പ്രിയ ഗാനങ്ങള്‍ കൂടെ പറയാതിരിക്കാന്‍ തരമില്ല. "ഓ..സൈനബാ... മറുകുള്ള (!) സൈനബാ.." "ചെന്താമരയേ..വാ... മന്ദാകിനിയായ്‌ വാ", "ട്വിന്‍കിള്‍ ട്വിന്‍കിള്‍", "ചാഞ്ചാടിയാടി...".

അച്ഛന്റേയോ അമ്മയുടേയോ കാറില്‍ പാട്ടല്ലാതെ മറ്റൊന്നും കേള്‍ക്കാന്‍ ചിന്നു സമ്മതിക്കില്ല.
"പാട്ടു വെയ്ക്കണം!" കല്‍പന കേള്‍ക്കേണ്ട താമസം അച്ഛനും അമ്മയും റേഡിയോ മാറ്റി സി.ഡി. ഓണ്‍ ആക്കും. മലയാളം ടിവി വന്നതില്‍ പിന്നെ പുതിയ പാട്ടുകളെ പ്പറ്റി ചിന്നൂന്‌ നല്ല അവഗാഹമാണ്‌. അതു വരെ കേള്‍ക്കാത്ത പാട്ടെങ്ങാന്‍ ടിവി യില്‍ വന്നാല്‍ കളിച്ചിരുന്ന കുട്ടി " ഇതു പുതിയ പാട്ടാ..." എന്നു പറഞ്ഞ്‌ ഓടി വരും.

ഇത്ര സംഗീതജ്ഞാനിയായ ചിന്നൂന്‌ ഒരു നാള്‍ അച്ഛന്‍ 'റോളിംഗ്‌ സ്റ്റോണ്‍' ബാന്‍ഡിന്റെ തകര്‍പ്പന്‍ പ്രകടനം കാണിച്ചിട്ട്‌ 'ഇതാണ്‌ ഇംഗ്ലീഷ്‌ മ്യൂസിക്‌" എന്നു ചൊല്ലിക്കൊടുത്തു. സൂപ്പര്‍ ബോള്‍ ഹാഫ്‌ ടൈം ഷോ ആണ്‌ സംഭവം. തൊണ്ടയ്ക്ക്‌ താങ്ങാവുന്നതിലുമപ്പുറം വോല്യത്തില്‍ അലറി സ്റ്റേജ്‌ മുഴുവന്‍ വിറളി പിടിച്ചു നടക്കുന്ന റോളിംഗ്‌ സ്റ്റോണിന്റെ മെയിന്‍ സിങ്ങറെ നോക്കി ചിന്നു പ്രഖ്യാപിച്ചു "അതു പാട്ടല്ല!!". ആണെന്ന് സ്ഥാപിക്കാന്‍ വലിയ പോയിന്റ്സ്‌ ഒന്നും കിട്ടാഞ്ഞതു കൊണ്ട്‌ അച്ഛനും അമ്മയും അതങ്ങു സമ്മതിച്ചു കൊടുത്തു.

വെള്ളിയാഴ്‌ച, ജനുവരി 27, 2006

തൃശ്ശൂര്‍‍ ഭാഷ

ചിന്നൂന്റെ അമ്മ തൃശ്ശൂര്‍‍ക്കാരിയാണ്‌, അച്ഛന്‍ കോട്ടയം-ആലപ്പുഴക്കാരനും. ചിന്നു മലയാളം പറയുമ്പോളതെന്താവും - മദ്ധ്യനോ, തെക്കനോ? അച്ഛന്‍ കുറേ നാള്‍ സ്വയം ചോദിച്ചു. "എന്തായാലെന്താ, മദ്ധ്യനോ, തെക്കനോ, വടക്കനോ, തെക്കുകിഴക്കനോ എന്തെങ്കിലുമാവട്ടെ ...മലയാളമല്ലേ?" എന്ന് അമ്മ.അമ്മയുടെ ഭാഷയിലെ തൃശ്ശൂര്‍ ചുവ പണ്ടെന്നോ പൊയ്പ്പോയതാണ്‌. അതായിരുന്നു അച്ഛന്റെ ഒരാശ്വാസവും. പക്ഷേ അച്ഛന്‍ ഓര്‍ക്കാതെ പോയ ഒന്നുണ്ട്‌. മമ്മയും തൃശ്ശൂര്‍ക്കാരിയാണ്‌, മാളാക്കാരി!

ചിന്നു വര്‍ത്തമാനം പറഞ്ഞു തുടങ്ങിയപ്പോള്‍
"ഇത്‌ എന്തുട്ടാ അച്ഛാ??"
"ഇത്‌ എന്താ എന്നു ചോദിക്ക്‌ മോനേ..."
"ഇത്‌ എന്തുട്ടാ???"
"ഇത്‌ എന്താ... എന്നു പറയണം മോനേ"
"ഇത്‌ എന്തുട്ടാ അച്ഛാ??"
അച്ഛന്‍ നിസ്സഹായതയോടെ അമ്മയെ നോക്കി. അമ്മ ഊറി വന്ന ഒരു തൃശ്ശൂര്‍ ചിരിയോടെ അടുക്കളയിലേയ്ക്ക്‌ നടന്നു.

ഞായറാഴ്‌ച, ജനുവരി 22, 2006

രുചിയും 'ശൂ ശൂ ചിക്കനും' പിന്നെ ചിന്നുവും

വെള്ളിയാഴ്ച വൈകുന്നേരം. പതിവോര്‍ത്ത്‌ അച്ഛന്‍ ചോദിച്ചു
"ചിന്നൂ... നമുക്ക്‌ കറങ്ങാന്‍ പോണ്ടേ? "
"കറങ്ങാന്‍ പോണം... രുചീല്‌ പോണ്ട!"
അച്ഛനും അമ്മയും ഇതിപ്പോള്‍ ഒരു പതിവാക്കിയിരിക്കുന്നു. വെള്ളിയാഴ്ചകളില്‍ 'രുചി'യില്‍ നിന്ന് ഡിന്നര്‍. അത്‌ കഴിഞ്ഞ്‌ ഷോപ്പിങ്ങും. ഷോപ്‌ ചെയ്യാന്‍ ചിന്നൂനിഷ്ടമാണ്‌. രുചീലിരിക്കാന്‍ ബോറാണ്‌. ഭക്ഷണം കാത്തും അച്ഛനും അമ്മയും കഴിക്കണ നോക്കിയും എത്ര നേരം ഇരിക്കണം!
"ചിന്നൂന്‌ നാന്‍ കഴിക്കണ്ടേ?"
ചിന്നൂന്‌ നാന്‍ ഇഷ്ടമാണ്‌. അവന്‍ സമ്മതിച്ചു.
"അമ്മേ...പാലെടുക്കണം"
"എടുക്കാം.ട്ടൊ..ചിന്നൂ... അമ്മ മറക്കില്ല"
ഒന്നു രണ്ടു തവണ പാലെടുക്കാതെ അമ്മ ഇറങ്ങിയതോര്‍ത്ത്‌ ചിന്നു അമ്മയെ ഇപ്പോളെന്നും ഓര്‍മ്മിപ്പിക്കുന്നു! പാവം എന്റെ കുഞ്ഞ്‌!!

കാറില്‍ നിന്നിറങ്ങി ചിന്നു നേരെ 'രുചി'യിലേയ്ക്കു നടന്നു. അപ്പോഴാണോര്‍ത്തത്‌ - അച്ഛന്റെ കൈ പിടിച്ചില്ലല്ലോ എന്ന്...പതിവുകള്‍ തെറ്റിക്കാന്‍ ചിന്നൂനിഷ്ടമല്ല. തിരിഞ്ഞു നിന്ന് അച്ഛന്റെ കൈ കിട്ടും വരെ അവിടെ കാത്തു. അങ്ങനെ ഒരു കൈ അച്ഛനും മറ്റേ കൈ പോക്കറ്റിനും കൊടുത്ത്‌ ഒട്ടും സ്റ്റയില്‍ കുറയ്ക്കാതെയാണ്‌ ചിന്നു രുചിയിലോട്ട്‌ കയറിയത്‌. തന്നെ നോക്കി ചിരിച്ച 'വെയ്റ്റര്‍' ചേട്ടനൊരു മറുചിരി സമ്മാനിച്ച്‌ ചിന്നു നടന്നു. 'ഹൈ-ചെയറും' എടുത്ത്‌ ചേട്ടന്‍ വന്നതു മാത്രം അവന്‌ ഇഷ്ടപ്പെട്ടില്ല. പകരം അമ്മ നീക്കിയിട്ട ഒരു വലിയ ചെയറില്‍ തന്നെ അവന്‍ ഇരിപ്പുറപ്പിച്ചു. ടേബിളില്‍ മടക്കി വെച്ചിരുന്ന പച്ച ത്തൂവാല കൈ നീട്ടിയെടുത്ത്‌ സ്വന്തം മടിയില്‍ സശ്രദ്ധം വിരിക്കവേ ചിന്നൂന്‌ പറയാതിരിക്കാന്‍ കഴിഞ്ഞില്ല
"അച്ഛയ്ക്കും കിട്ടി...ചിന്നൂനും കിട്ടി...അമ്മയ്ക്കും മാത്രം തന്നില്ല!"
കൈ തുടയ്ക്കാനുള്ള പച്ചത്തൂവാലയേ!

അച്ഛന്‍ ഓര്‍ഡര്‍ ചെയ്തത്‌ നാനും തന്തൂരി ചിക്കനും പാലക്‌ പനീറും.അപ്പുറത്തെ ടേബിളിരിക്കുന്ന ചേട്ടന്മാരെ ശ്രദ്ധിച്ചും ഗ്ലാസ്സില്‍ നിന്ന് എത്തിച്ചെടുത്ത ഐസ്‌ വെച്ച്‌ കളിച്ചും കുറച്ചു നേരം ചിന്നു കളഞ്ഞു. നാന്‍ ഇനിയും എത്താത്തത്‌ എന്താണ്‌? 'വെയ്റ്റര്‍' ചേട്ടന്‍ അതിലേ പോയപ്പോള്‍ ചിന്നു ഉറക്കെ വിളിച്ചു ചോദിച്ചു "നാന്‍!"നാന്‍ വരാത്തതെന്തെന്ന്! അമ്മ ചിന്നൂന്റെ വായ പൊത്തി. ചിന്നു പറഞ്ഞത്‌ കേട്ടിട്ടോ എന്തോ അധികം വൈകാതെ നാനും പനീര്‍ കറിയും എത്തി. അതിനും പുറകേയാണ്‌ തന്തൂരി ചിക്കന്‍ "ശൂ..ശൂ" എന്ന് ശബ്ദമുണ്ടാക്കി വന്നത്‌. ചിന്നൂന്‌ ആ ശബ്ദം വളരെ ഇഷ്ടായി. ചിക്കനൊപ്പം അവനും കുറച്ചു നേരം കൂകി "ശൂ..ശൂ..."

ഡിന്നറും ഷോപ്പിങ്ങും കഴിഞ്ഞ്‌ തിരിച്ചെത്തി പതിവു പോലെ അപ്പൂപ്പയ്ക്ക്‌ ഫോണ്‍ ചെയ്യവേ
"എന്തു കഴിച്ചൂ ചിന്നൂ??"
"ശൂ..ശൂ..ചിക്കന്‍" !! :-)

വെള്ളിയാഴ്‌ച, ജനുവരി 13, 2006

'കൃഷി'യെന്ന ചങ്ങാതി

ചിന്നുവും കൃഷിയും തമ്മിലുള്ള ചങ്ങാത്തത്തിന്‌ ഒരൊന്നര കൊല്ലത്തെ പഴക്കമുണ്ട്‌. (കൃഷി എന്നാല്‍ തെലുങ്കില്‍ ഉണ്ണികൃഷ്ണന്‍ എന്നാണത്രെ!) മമ്മയുടെ വീട്ടില്‍ ആദ്യമായി തമ്മില്‍ കണ്ടപ്പോള്‍ ചിന്നൂന്‌ ഒരു വയസ്സ്‌, കൃഷിക്ക്‌ ആറ്‌ മാസവും! അവിടുന്നിങ്ങോട്ട്‌ കൊടുത്തും വാങ്ങിയും ചിരിച്ചും കളിച്ചും ഇടയ്ക്ക്‌ വഴക്കിട്ടും കരഞ്ഞും അവര്‍ ഒന്നിച്ച്‌ വളരുന്നു. "No..No.. ..ഷീ...അതു വേണ്ട" എന്നൊക്കെ ശാസിച്ചും അവന്‍ ചെയ്യുന്ന ഓരോ കുറുമ്പും മമ്മയ്ക്ക്‌ അപ്പപ്പോള്‍ റിപ്പോര്‍ട്ട്‌ ചെയ്തും ചിന്നു പലപ്പോഴും ഒരു ചേട്ടന്റെ അധികാരമെടുത്തു. ചിന്നുവിന്റെ സോക്ക്സ്‌ ഇടയ്ക്കൂരാന്‍ നോക്കിയും അവന്റെ ബ്ലോക്ക്സ്‌ സൃഷ്ടികള്‍ തട്ടിമറിച്ചിട്ടും കൃഷി ഒരു വികൃതിയായ അനിയന്റെ റോള്‍ ഭംഗിയായി ചെയ്യുന്നു.

"ഷീ..." എന്ന സ്നേഹം നിറഞ്ഞ വിളിയില്‍ നിന്ന്‌ 'കിചീ.." എന്ന കൊഞ്ചല്‍ വിളിയിലേക്ക്‌ ചിന്നു മാറിയത്‌ ഈയിടെയാണ്‌. അത്‌ മമ്മയില്‍ നിന്ന് കിട്ടിയതാണെന്ന് തോന്നുന്നു.
"കിചി നമ്മടെ വീട്ടില്‌ വരണം..മ്മാ"
വീട്ടില്‍ വരുമ്പോള്‍ ചിന്നു ചിലപ്പോളെങ്കിലും കൃഷിയെ മിസ്സ്‌ ചെയ്യുന്നു.
"അമ്മ കൃഷിയെ ഫോണ്‍ വിളിക്കണം..അമ്മാ.."
ഫോണ്‍ വലിച്ചിഴച്ച്‌ ചിന്നു വരുന്നു.
"ചിന്നു വിളിച്ചോളൂ.."
"അമ്മ വിളിക്കണം"
അമ്മ ടോയ്‌ ഫോണ്‍ ഡയല്‍ ചെയ്യുന്നു.
"ഹലോ...കൃഷിയാണോ??"
"ഇതു ചിന്നൂന്റെ അമ്മയാണ്‌...ഷീ"
"കൃഷി പാല്‍ കുടിച്ചോ? എന്തു ചെയ്യായിരുന്നു അവിടെ??"
സംസാരം നീളുന്നു. നിര്‍ത്താന്‍ ചിന്നു സമ്മതിക്കില്ല! ഫോണ്‍ ഡയല്‍ ചെയ്ത്‌ അമ്മയുടെ കൈ കഴച്ചു. ഒരു ഒന്നര വയസ്സുകാരനോടുള്ള സങ്കല്‍പസല്ലാപത്തിന്‌ വിഷയങ്ങളന്വേഷിച്ച്‌ അമ്മ വലയുന്നു! അമ്മയുടെയും ചങ്ങാതിയുടെയും സംസാരം ചിന്നു ചിരിച്ചാസ്വദിക്കുന്നു!

ഇത്‌ ഈയിടെ മിക്കവാറും ദിവസങ്ങളില്‍ ആവര്‍ത്തിക്കുന്നു.അതിനിടെ മമ്മ പറഞ്ഞാണറിഞ്ഞത്‌... മമ്മയുടെ വീട്ടില്‍ വെച്ച്‌ ചിന്നു അവന്റെ അമ്മയെ വിളിക്കുമത്രേ...."ഹലോ..അമ്മയല്ലേ??" എന്നിട്ട്‌ ഫോണും കൊണ്ട്‌ കൃഷിയുടെ അടുത്തെയ്ക്കോടും. ഫോണ്‍ കൃഷിയുടെ ചെവിയില്‍ ചേര്‍ത്തു വെയ്ക്കും."കിചീ...ചിന്നൂന്റെ അമ്മയാ...വര്‍ത്താനം പറഞ്ഞോ.."വാക്കു കൂട്ടിച്ചൊല്ലാത്ത കുഞ്ഞ്‌ എന്തു പറയാനാണ്‌? :) അവനത്‌ തട്ടി മാറ്റും... എന്നാലും ചിന്നു പിന്നെയും ശ്രമിച്ചു കൊണ്ടേയിരിക്കുമത്രേ.

അമ്മയ്ക്കും കൂട്ടുകാരനുമിടയില്‍ ചങ്ങാത്തം വളര്‍ത്തുകയാണോ ചിന്നൂസ്‌? ആര്‍ക്കറിയാം....

വ്യാഴാഴ്‌ച, ജനുവരി 05, 2006

അമ്മയുടെ മലയാളം

വയസ്സിത്രയായിട്ടും അമ്മയിനിയും മലയാളം ശരിക്ക്‌ പഠിച്ചിട്ടില്ലെന്നോ?! ചിന്നു പോലും അമ്മയെ തിരുത്തുന്നു!!
"മോനേ...പാലിവിടെ വെച്ചിട്ടുണ്ട്‌.ട്ടോ...എടുത്ത്‌ കഴിയ്ക്ക്‌..."
"പാല്‌ കഴിയ്ക്ക്യല്ലാമ്മാ..കുടിക്ക്യാ.."

ചൊവ്വാഴ്ച, ജനുവരി 03, 2006

കാര്‍ത്തിക്കിനുള്ള പിറന്നാള്‍ സമ്മാനം



കാര്‍ത്തിക്കിന്‌ വരുന്ന ആഴ്ച മൂന്ന് വയസ്സ്‌ തികയും. ആഘോഷത്തിന്‌ ക്ഷണിക്കാന്‍ നിത്യ ദിവസങ്ങള്‍ക്കു മുന്‍പേ വിളിച്ചിരുന്നു. അതോര്‍ത്ത്‌ ക്രിസ്മസ്‌ ഷോപ്പിങ്ങിനൊപ്പം അവനുമൊരു സമ്മാനം വാങ്ങി. കഴിഞ്ഞ മാസം നിക്കിയുടെ പിറന്നാളിന്‌, അച്ഛനും അമ്മയും ഒരു ടോയ്‌ കൊണ്ടു കൊടുത്തത്‌ ചിന്നുവിനത്ര പിടിച്ചില്ലെന്നതോര്‍ത്തിട്ട്‌, ചിന്നു കാണാതെ കോട്ടുകള്‍ തൂക്കിയിടുന്ന മുറിയുടെ കോണില്‍ കാര്‍ത്തിക്കിനുള്ള കളിപ്പാട്ടം ഒതുക്കി വെച്ചു. ശനിയാഴ്ച വരെ അതവിടെ ഭദ്രമായിരിക്കുമെന്നും, അന്നു രാത്രി ചിന്നു ഉറങ്ങിയ ശേഷം സമ്മാനം പൊതിഞ്ഞു കെട്ടാമെന്നും ഒക്കെയാണ്‌ അമ്മ കരുതിയത്‌.

ഇന്നലെ അമ്മ അടുക്കളയില്‍ തിരക്കിനിടയില്‍ ഒരു ശബ്ദം കേട്ടാണ്‌ ആ വഴി നോക്കിയത്‌. കണ്ടതോ, ചിന്നു കാര്‍ത്തിക്കിനായി കരുതിയ സമ്മാനം ബുദ്ധിമുട്ടി വലിച്ചിഴച്ച്‌ കൊണ്ടു വരുന്നു! കോട്ടെടുത്തിട്ട്‌ അച്ഛന്‍ മുറിയുടെ വാതില്‍ അടച്ചില്ല!
"ഇതു തുറക്കണം...അമ്മാ..."
"ചിന്നൂസേ...അതു നമ്മള്‍ കാര്‍ത്തിക്കിനു കൊടുക്കാന്‍ വാങ്ങിയതല്ലേ??.."
"കാര്‍ത്തിക്കിനിത്‌ കൊടുക്കണ്ട!"
"അങ്ങനെ പറയാമോ കുട്ടാ...ചിന്നൂന്റെ പിറന്നാളിന്‌ ആരും സമ്മാനം തന്നില്ലെങ്കില്‍ ചിന്നൂന്‌ സങ്കടാവില്ലേ?" അച്ഛന്‍ ആവത്‌ പറഞ്ഞു നോക്കി. ചിന്നു ദു:ഖഭാവത്തില്‍ കളിപ്പാട്ടത്തിനു മീതെ കിടപ്പായി. അങ്ങനേ കൊച്ചിലേ കുട്ടിയുടെ ദുര്‍വാശികളൊക്കെ സമ്മതിച്ചു കൊടുത്ത്‌ വഷളാക്കേണ്ടെന്നു വെച്ച്‌ അച്ഛനും അമ്മയും കുറച്ചു നേരം മാറിയിരുന്നു.

ചിന്നുവിന്‌ പിടിച്ച വാശി തന്നെ! അവനതിനു മീതെ നിന്ന്‌ മാറിയതേയില്ല...അമ്മയുടെ മനസ്സലിഞ്ഞു. അച്ഛന്റെ സമ്മതം വാങ്ങി ചിന്നുവിന്‌ കളിപ്പാട്ടം തുറന്നു കൊടുത്തു. ചിന്നുവിന്റെ മനസ്സും മുഖവും ഒരു പോലെ വിടര്‍ന്നു.
"എന്റെ മോന്‍ ഇത്ര കൊതിച്ചത്‌ കാര്‍ത്തിക്കിന്‌ കൊടുക്കുന്നതെങ്ങനെ?! അതു ശരിയാവുമോ?!"അമ്മ ആത്മഗതം ചെയ്തതിന്‌ പക്ഷേ ചിന്നു ഉത്തരം പറഞ്ഞു. "ശരിയാവില്ല...."
അച്ഛനും അമ്മയ്ക്കും ചിരി അടക്കാനായില്ല.കൂടെ ചിന്നുവും മനം നിറഞ്ഞ്‌ ചിരിച്ചു! അവനിതു കൂടെ പറഞ്ഞു.."കാര്‍ത്തിക്കിന്‌ വേറെ സമ്മാനം വാങ്ങണം"
"നമുക്കു വാങ്ങിക്കൊടുക്കാം..കേട്ടോ..."
അന്നേരം ചിന്നുവിനതും വേണ്ടി വരുമെന്നറിഞ്ഞിട്ടും അമ്മ പറഞ്ഞു.

കളിപ്പാട്ടം പുറത്തെടുക്കാന്‍ ചിന്നു വൈകിച്ചില്ല. അതൊരു റെയില്‍വേ ട്രാക്ക്‌ മെനഞ്ഞെടുക്കാനുള്ള ബ്ലോക്ക്സ്‌ ആയിരുന്നു. ബ്ലോക്ക്സെല്ലാം മുറിയില്‍ പരന്നിട്ടും അവ എങ്ങനെ ഘടിപ്പിക്കണം എന്ന് ചിന്നുവിന്‌ തിരിഞ്ഞില്ല. പതിവു പോലെ ആ ദൌത്യം അച്ഛന്‍ ഏറ്റെടുത്തു. ചിതറിക്കിടക്കുന്ന കഷ്ണങ്ങളില്‍ നിന്നും അച്ഛന്‍ ആവേശത്തോടെ ഒരു റെയില്‍വേ സ്റ്റേഷന്‍ ഉണ്ടാക്കി എടുക്കുമ്പോള്‍ അമ്മയ്ക്കൊപ്പം ചിന്നുവും ഒരു കാഴ്ചക്കാരനായി ഒതുങ്ങി!